ഒമ്‌നിക്ക് പിന്നാലെ മാരുതി ജിപ്‌സിയും വിപണിയില്‍നിന്ന് പിന്മാറുന്നു; 2019 മാര്‍ച്ചില്‍ ജിപ്‌സി ഉത്പാദനം ഔദ്യോഗികമായി നിര്‍ത്തുമെന്നു മാരുതി സുസുക്കി, പിന്മാറ്റം പുതിയ സുരക്ഷാ ചട്ടങ്ങള്‍ പാലിക്കാന്‍ പ്രയാസമുള്ളതുകൊണ്ടെന്ന് വിശദീകരണം1 min read

ഒടുവില്‍ ജിപ്‌സി യുഗം അവസാനിപ്പിക്കാന്‍ മാരുതി തീരുമാനിച്ചു. 2018 ഡിസംബര്‍ 31 വരെ മാത്രമെ ജിപ്‌സി മോഡലുകള്‍ക്കുള്ള ബുക്കിംഗ് ഡീലര്‍ഷിപ്പുകള്‍ സ്വീകരിക്കുകയുള്ളൂ. കമ്ബനിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണിത്. 2019 മാര്‍ച്ചില്‍ ജിപ്‌സി ഉത്പാദനം ഔദ്യോഗികമായി നിര്‍ത്തുമെന്നു മാരുതി സുസുക്കി പ്രഖ്യാപിച്ചു. വിപണിയില്‍ നടപ്പിലാവാനിരിക്കുന്ന സുരക്ഷാ ചട്ടങ്ങള്‍ പാലിക്കാന്‍ പ്രയാസമുള്ളതുകൊണ്ടാണ് ജിപ്‌സിയുടെ പിന്‍മാറ്റം. ജിപ്‌സിക്ക് ആവശ്യക്കാര്‍ കുറവായതിനാല്‍ ബിഎസ് VI നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്ന എഞ്ചിനും എബിഎസ്, എയര്‍ബാഗുകള്‍ ഉള്‍പ്പെടുന്ന അധിക സുരക്ഷാ സംവിധാനങ്ങളും ജിപ്‌സിയില്‍ പ്രായോഗികമല്ലെന്നു കമ്ബനി വിലയിരുത്തുന്നു.

ഇന്ത്യയില്‍ കരുത്തിന്റെ പ്രതീകമായി മാരുതി ജിപ്‌സി തുടരാന്‍ തുടങ്ങിയിട്ട് മൂന്നു പതിറ്റാണ്ടിലേറെയായി. ജിമ്‌നിയുടെ നീളംകൂടിയ വകഭേദം. 1985 -ല്‍ ജിപ്‌സിയെ മാരുതി കൊണ്ടുവരുമ്ബോള്‍ വിപണി കൗതുകം പൂണ്ടു നില്‍ക്കുകയായിരുന്നു. ഇന്ത്യന്‍ സൈന്യം വന്‍തോതില്‍ ജിപ്‌സി ഉപയോഗിക്കാന്‍ തുടങ്ങിയതോടെയാണ് മാരുതി എസ്‌യുവിക്ക് ജനപ്രീതി വര്‍ധിച്ചത്. തൊണ്ണൂറുകളോടെ എസ്‌യുവി പ്രേമികളുടെ പ്രിയവാഹനമായി ജിപ്‌സി.

ഓഫ് റോഡിംഗ് കഴിവും ഏതു ദുര്‍ഘട സാഹചര്യങ്ങളില്‍ പ്രവര്‍ത്തിക്കാനുള്ള മികവുമാണ് മാരുതി ജിപ്‌സിയുടെ സവിശേഷത. 800 ഹാച്ച്‌ബാക്കിനും ഒമ്‌നി വാനിനും ശേഷം ഇന്ത്യയില്‍ മാരുതി അവതരിപ്പിച്ച മൂന്നാമത്തെ വാഹനം. 800 ഹാച്ച്‌ബാക്ക് വിടചൊല്ലിയിട്ട് കാലമേറെയായി. ഒമ്‌നി കാലച്ചക്രം പൂര്‍ത്തിയാക്കിയെന്നു കമ്ബനി വെളിപ്പെടുത്തി കഴിഞ്ഞു. സുരക്ഷ നിര്‍ദ്ദേശങ്ങള്‍ പിടിമുറുക്കുമ്ബോള്‍ ഒമ്‌നി ഓട്ടം നിര്‍ത്തും. ഇപ്പോള്‍ ജിപ്‌സിയും ഇതേ നിരയിലേക്കു അസ്തമിക്കുകയാണ്.

രാജ്യാന്തര വിപണിയില്‍ പിറന്ന സുസുക്കി സാമുറായി (SJ 410) ആണ് ഇന്ത്യയില്‍ കടന്നുവന്ന ആദ്യ ജിപ്‌സി. രാജ്യാന്തര മോഡലിനെ അപേക്ഷിച്ചു ഇന്ത്യന്‍ ജിപ്‌സിക്ക് നീളം കൂടുതലായിരുന്നു. 33 വര്‍ഷം നീളുന്ന ജൈത്രയാത്രയില്‍ ജിപ്‌സിക്ക് കാര്യമായ പരിണാമങ്ങള്‍ സംഭവിച്ചില്ല. ഒരിക്കല്‍ ജിപ്‌സി കിംഗ് എന്ന പേരില്‍ എസ്‌യുവിക്ക് മാരുതി ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പു നല്‍കിയെന്നുമാത്രം. 2000 -ല്‍ കൂടുതല്‍ കരുത്താര്‍ന്ന ഫ്യൂവല്‍ ഇഞ്ചക്ഷന്‍ എഞ്ചിന്‍ ലഭിച്ചപ്പോഴും ജിപ്‌സിയുടെ അടിത്തറ പരിഷ്‌ക്കരിക്കാന്‍ കമ്ബനി തയ്യാറായില്ല.

1985 -ല്‍ 970 സിസി പെട്രോള്‍ എഞ്ചിനിലായിരുന്നു ജിപ്‌സി കടന്നുവന്നത്. ശേഷം കാലങ്ങള്‍ക്കിപ്പുറം എസ്റ്റീമില്‍ നിന്നുള്ള 1.3 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ ജിപ്‌സിയും പങ്കിട്ടു. നിലവില്‍ ജിപ്‌സിയിലുള്ള 1.3 ലിറ്റര്‍ ബിഎസ് IV എഞ്ചിന് 80 bhp കരുത്തും 104 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും. ലാഡര്‍ ഫ്രെയിം ഷാസി അടിത്തറ പാകുന്ന ജിപ്‌സിയില്‍ പിന്‍ ചക്രങ്ങളിലേക്കാണ് കരുത്തെത്തുന്നത്. അതേസമയം ആവശ്യമായ സന്ദര്‍ഭങ്ങൡ നാലു വീല്‍ ഡ്രൈവ് മോഡിലേക്കു മാറാന്‍ ജിപ്‌സിയില്‍ സൗകര്യമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *