ബാങ്ക് ലോക്കറില്‍ നിന്ന് 100 പവന്‍ സ്വര്‍ണ്ണം കാണാതായി : തിരികെ ലഭിച്ചത് ബാങ്കിലെ ഇലക്‌ട്രോണിക് മാലിന്യക്കൂമ്പാരത്തില്‍ നിന്ന്1 min read

കാസര്‍കോട്: കാസര്‍കോട് നഗരത്തിലെ പൊതുമേഖല ബാങ്കിന്റെ ലോക്കറില്‍ നിന്ന് കാണാതായ സ്വര്‍ണ്ണം ബാങ്കിലെ ഇലക്‌ട്രോണിക് മാലിന്യക്കൂമ്പാരത്തില്‍ നിന്ന് കണ്ടെത്തി.

ലോക്കറില്‍ സൂക്ഷിച്ചിരുന്ന 100 പവന്റെ സ്വര്‍ണ്ണാഭരണങ്ങള്‍ കാണാതായെന്ന് ചൂണ്ടിക്കാണിച്ച്‌ ആലംപാടി, ബാഫഖി നഗറിലെ സൈനബയാണ് പോലീസില്‍ പരാതി നല്‍കിയത്. 100 പവന്‍ ലോക്കറില്‍ സൂക്ഷിച്ചിരുന്നു എന്നാണ് ഇടപാടുകാരിയുടെ മൊഴി, എന്നാല്‍ അത് സ്ഥിരീകരിക്കുന്ന രേഖകള്‍ ഉണ്ടായിരുന്നില്ല. ഇതോടെ കേസില്‍ പോലീസിനും തലവേദനയായി.

പരാതിയെ തുടര്‍ന്ന് ബാങ്കിലെ ഉന്നത ഉദ്യോഗസ്ഥരെത്തി നടത്തിയ പരിശോധനയിലാണ് ഇവേയ്സ്റ്റ് കൂമ്പാരത്തില്‍ നിന്ന് സ്വര്‍ണ്ണം അടങ്ങിയ പെട്ടി കണ്ടെത്തിയത്.

ലോക്കര്‍ കാബിന് സമീപത്തെ സിസിടിവി കാമറയുടെ തകരാറും, സ്വര്‍ണ്ണം കണ്ടെത്തിയ സാഹചര്യവും ബാങ്ക് അധികൃതരുടെ ഭാഗത്തെ ഗുരുതരമായ വീഴ്ചയെയാണെന്ന് പരാതിക്കാരി കുറ്റപ്പെടുത്തി. സംഭവത്തില്‍ കേസ് എടുത്താല്‍ സ്വര്‍ണ്ണം മടക്കി ലഭിക്കാന്‍ കാലതാമസം എടുക്കും എന്ന സാഹചര്യം വന്നതോടെ ഇടപാടുകാരിയായ സൈനബ കേസ് പിന്‍വലിക്കുകയും ചെയ്തു.

അതേസമയം ഇലക്‌ട്രോണിക് മാലിന്യങ്ങള്‍ക്കിടയില്‍ സ്വര്‍ണ്ണം എത്തിയത് എങ്ങനെ എന്നുള്ള ചോദ്യത്തിന് ബാങ്ക് അധികൃതരും കൃത്യമായ വിശദീകരണം നല്‍കുന്നില്ല. 140 പവന്‍ സ്വര്‍ണ്ണം രണ്ടു പെട്ടികളിലാക്കിയായിരുന്നു ലോക്കറില്‍ സൂക്ഷിച്ചിരുന്നത്. ഇടപാടുകാരിയായ സൈനബ ലോക്കര്‍ തുറന്ന് സ്വര്‍ണ്ണം എടുത്തശേഷം മടക്കി വയ്ക്കുന്നതിനിടയില്‍ ഒരു പെട്ടി എടുത്തു വയ്ക്കാന്‍ മറന്നാതാകുമെന്നാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം.

Leave a Reply

Your email address will not be published. Required fields are marked *