മുഖ്യമന്ത്രി പിണറായി വിജയനെ വ്യക്തിപരമായി അധിക്ഷേപിക്കുന്നത് അപലപനീയം :സീതാറാം യെച്ചൂരി1 min read

27/3/23

ഡൽഹി :മുഖ്യമന്ത്രിയെ വ്യക്തിപരമായി അധിഷേപിക്കുന്നതിനെ അപലപിച്ച് സിപിഎം പിബി.കേരളത്തിൽ കോൺഗ്രസ്‌ ബിജെപിക്കൊപ്പമാണെന്ന് സീതാറാം യെച്ചൂരി പറഞ്ഞു.

എല്‍ഡിഎഫ് സര്‍ക്കാരിനെ ലക്ഷ്യം വെച്ചുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. ബിജെപിയോട് ഒപ്പം ചേര്‍ന്ന പ്രവര്‍ത്തിക്കുന്ന നടപടിയാണ് കേരളത്തില്‍ യുഡിഎഫിനും കോണ്‍ഗ്രസിനും ഉള്ളത്. ജനം ഇത്തരം ശ്രമങ്ങള്‍ക്ക് അര്‍ഹിച്ച മറുപടി നല്‍കുമെന്നും പിബി വിലയിരുത്തി.

അപകീര്‍ത്തി കേസുകള്‍ പ്രതിപക്ഷത്തെ ആക്രമിക്കാന്‍ ബിജെപി ഉപയോഗിക്കുകയാണ്. രാഹുലിനെ അയോഗ്യരാക്കിയത് ബിജെപിയുടെ അസഹിഷ്ണുതയും ഏകാധിപത്യ സ്വഭാവവും ആണ് വെളിവാക്കുന്നത്. ഉപരാഷ്ട്രപതിയും കേന്ദ്ര നിയമ മന്ത്രിയും അടക്കമുള്ളവര്‍ പ്രസ്താവനകളിലൂടെ ജുഡീഷ്യറിയെ ആക്രമിക്കുകയാണെന്നും പിബി യോഗം വിലയിരുത്തി. അതേസമയം, ചര്‍ച്ച കൂടാതെ കേന്ദ്ര ബജറ്റ് പാസാക്കിയത് പിബി അപലപിച്ചു.

രാഹുലിന്റെ അയോഗ്യത കേന്ദ്ര സര്‍ക്കാര്‍ അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച്‌ വേട്ടയാടുന്നതിന്റെ മറ്റാരു രീതിയെന്ന് പിബി യോഗത്തിന് ശേഷം സീതാറാം യെച്ചൂരി വിശദീകരിച്ചു. ചോദ്യങ്ങള്‍ക്ക് ഉത്തരം പറയുന്നതിന് പകരം ബിജെപി പാര്‍ലമെന്റ് തടസ്സപ്പെടുത്തുകയാണ്. ധ്രുവികരണം ലക്ഷ്യമിട്ട് ക്രിസ്ത്യന്‍, മുസ്ലീം വിഭാഗങ്ങള്‍ക്ക് എതിരായ ആക്രമണം രാജ്യത്ത് തുടരുകയാണ്. കര്‍ണാടകയില്‍ മുസ്ലിം വിഭാഗങ്ങള്‍ക്കുള്ള സംവരണം ബിജെപി സര്‍ക്കാര്‍ ഒഴിവാക്കി. ത്രിപുരയില്‍ കോണ്‍ഗ്രസ് സിപിഎം സഹകരണം ഗുണകരമായിരുന്നുവെന്നാണ് പിബി വിലയിരുത്തലെന്നും യെച്ചൂരി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

രാഹുലിനെ അയോഗ്യനാക്കിയതുമായി ബന്ധപ്പെട്ട കോടതി നടപടികള്‍ എങ്ങനെയാകുമെന്ന് കാണട്ടെയെന്ന് യെച്ചൂരി പറഞ്ഞു. വയനാട് ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചോദ്യത്തിനായിരുന്നു മറുപടി. കേരളത്തില്‍ പ്രധാന പോരാട്ടം സി പി എമ്മും കോണ്‍ഗ്രസും തമ്മിലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, ബി വി രാഘവുലു പിബി അംഗമായി തുടരുമെന്ന് യെച്ചൂരി പറഞ്ഞു. ബി വി രാഘവുലു ചുമതലകളില്‍ നിന്ന് ഒഴിയാന്‍ കത്ത് നല്‍കിയെന്ന് റിപ്പോര്‍ട്ട് തള്ളാതെ, പ്രശ്നം പിബിയില്‍ തന്നെ പരിഹരിച്ചതായി യെച്ചൂരി പറഞ്ഞു. പാര്‍ട്ടിക്കകത്തെ ആഭ്യന്തര തര്‍ക്കങ്ങളെ തുടര്‍ന്ന് സി പി എം പിബി അംഗവും മുതിര്‍ന്നനേതാവുമായ ബി വി രാഘവലു ചുമതലകളില്‍ നിന്നൊഴിയാന്‍ സന്നദ്ധത അറിയിച്ചെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *