‘പ്രകൃതി മാതാവാണ്, പ്രകൃതി സംരക്ഷണം ജീവിത ശൈലിയാകണം’ :ആരോഗ്യ ഭാരതി സംസ്ഥാന സെക്രട്ടറി Dr. D. രഘു1 min read

തിരുവനന്തപുരം : പ്രകൃതി എന്ന മാതാവിനെ സംരക്ഷിക്കേണ്ടത് ജീവിത ശൈലിയാക്കണമെന്ന് ആരോഗ്യ ഭാരതി സംസ്ഥാന സെക്രട്ടറി ഡോക്ടർ. ഡി. രഘു പറഞ്ഞു. ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ‘ജനചിന്ത ക്ക് നൽകിയ ലേഖനത്തിലാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്.    പ്രകൃതി സംരക്ഷണത്തിന്റെ പ്രസക്തി ലോകം തിരിച്ചറിയുന്ന  സാഹചര്യത്തിൽ ഡോക്ടർ. ഡി. രഘുവിന്റെ വാക്കുകൾ കാലിക പ്രസക്തി ഉള്ളവയാണ്.

*അദ്ദേഹത്തിന്റെ ലേഖനം*.

‘എല്ലാ വർഷവും ജൂൺ 5 ആണ് ലോക പരിസ്ഥിതി ദിനമായി ആചരിക്കുന്നത്. പരിസ്ഥിതി പ്രശ്നങ്ങളെ ക്കുറിച്ച് പഠിക്കുവാനും അവയെക്കുറിച്ചുള്ള അവബോധം വരുത്തുവാനും കർമ്മ പരിപാടികൾ ആസൂത്രണം ചെയ്യാനുമാണ് 1972 മുതൽ ഐക്യരാഷ്ട്ര സഭ ഈ ദിനാചരണം ആരംഭിച്ചത്. 2018 ലെ പരിസ്ഥിതി സന്ദേശം പ്ലാസ്റ്റിക് മലിനീകരണം തടയുക എന്നതും 2019 ലെ വായു മലിനീകരണം പ്രതിരോധിക്കുക എന്നതും ആയിരുന്നു. ഈ വർഷത്തെ പരിസ്ഥിതി സന്ദേശം ടൈം ഫോർ നേച്ചർ (പ്രകൃതിക്കു വേണ്ടി സമയം) എന്നതാണ്.

ആരോഗ്യ വാനായ വ്യക്തി
എന്നതുകൊണ്ട് അർത്ഥമാക്കുന്നത് ശാരീരികവും മാനസികവും സാമാജികവും ആദ്ധ്വാത്മികവുമായി പൂർണ്ണമായ അവസ്ഥയിലുള്ള ആളാണ് എന്നതാണ്. വ്യക്തികൾ ആരോഗ്യമുള്ളവരായിരിക്കാൻ സമാജത്തിൽ രണ്ടു തരത്തിലുള്ള വ്യവസ്ഥ ആവശ്യമാണ്. ഒന്നാമത്തേത് സുരക്ഷാ ത്മക വ്യവസ്ഥ രണ്ടാമേത്തേത് ശുശ്രൂഷാത്മക വ്യവസ്ഥ. വ്യക്തികളുടെ ആരോഗ്യത്തിന് ഗുണകരമായതും രോഗം വരാതെ സൂക്ഷിക്കുന്നതുമായ കാര്യങളാണ് സുരക്ഷാത്മക വ്യവസ്ഥയിൽ വരുന്നത്. വൃത്തിയുള്ള ആഹാരം പാർപ്പിടം ശുദ്ധജലം ശുദ്ധവായു ശുദ്ധമായ അന്തരിക്ഷം ഇവ അതീവ പ്രാധാന്യമർഹിക്കുന്ന ഘടകങ്ങൾ ആണ്. ഭൂമിയിലുള്ള സർവ്വ ജീവജാലങ്ങളുടെയും നിലനിൽപ്പിന് പ്രകൃതി സംരക്ഷണം അവശ്യം പാലിക്കേണ്ട ഒന്നാണ്.
പ്രകൃതി ദുരന്തങ്ങളും കാലാവസ്ഥാ മാറ്റങ്ങളും മനുഷ്യമനസുകളെ ആശങ്കയിലും ഭീതിയിലുമാക്കുന്നു. പ്രകൃതിക്കെതിരെ നിരന്തരമായി മനുഷ്യൻ നടത്തുന്ന സ്വാർത്ഥപരവും വിവേകശൂന്യവും വിനാശകരവുമായ പ്രവൃത്തികൾ ഭൂമിയിൽ ജീവജാലങ്ങളുടെ നിലനിൽ പ്പിന് ഭീഷണിയായി മാറിക്കഴിഞ്ഞു. വീണ്ടുവിചാരമില്ലാത്ത പ്രകൃതി ചൂഷണം കാരണം പ്രകൃതി തന്നെ നശിച്ചു തുടങ്ങി, വായുവും വെള്ളവും ഭൂമിയും വിഷമയമായി തീർന്നു.
സ്വന്തം മാതാവിനെ പോലെ പ്രകൃതി മാതാവിനെ പരിരക്ഷിക്കാൻ കടപ്പെട്ടവരാണ് നമ്മൾ. നമ്മുടെ പൂർവികർ നമുക്ക് നൽകിയ മനോഹരമായ ഈ ലോകം അതുപോലെ തന്നെ ഭാവി തലമുറക്ക് കൈമാറാൻ നമ്മൾ ബാദ്ധ്യസ്ഥരാണ് എന്നോർക്കുക. ഈ പ്രപഞ്ചം മുഴുവനും സർവ്വ ചരാചരങ്ങളിലും സ്ഥിതി ചെയ്യുന്ന ചൈതന്യം ഒന്ന് തന്നെ ആണ്,അതിനാൽത്തന്നെ അവ പരസ്പരപൂരകമായി ദൈവീകമായ ജീവിതം നയിക്കുന്നു.
പ്രകൃതി സംരക്ഷണ പ്രവർത്തനങ്ങളുടെ ഭാഗമായി നമ്മൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ക്രോഡീകരിച്ച് ഇങ്ങനെ എഴുതാം. പച്ചപ്പുകൾ സംരക്ഷിക്കുക, ജലാശയങ്ങൾ ശുചിയായി സൂക്ഷിക്കുക, കീടനാശിനികൾ ഉപേക്ഷിക്കുക, ജൈവവളം ഉപയോഗിക്കുക, മഴവെള്ളം സംഭരിക്കുക, പച്ചക്കറി കൃഷിയും പൂന്തോട്ടവും നിർബന്ധമാക്കുക, അന്തരീക്ഷ മലിനീകരണം തടയുക, പ്രകൃതിയെ സംരക്ഷിക്കാനായി വൃക്ഷതൈകൾ വച്ചുപിടിപ്പിക്കുക.
ആരോഗ്യമുള്ള വ്യക്തി, കുടുംബം, ഗ്രാമം, രാഷ്ട്രം എന്നതിലേക്കായി ആരോഗ്യ സംരക്ഷണം വളരെ പ്രാധാന്യം അർഹിക്കുന്നു. പാരിസ്ഥിതിക പ്രശ്നങ്ങൾ രോഗങ്ങളിലേക്ക് നയിക്കുന്നു. ഔഷധ സസ്യങ്ങൾ നടുന്നത് ആത്മീയ പ്രാധാന്യമുള്ളതും രോഗപ്രതിരോധേ ശേഷി വർധിപ്പിക്കുന്നതും സർവോപരി സാമൂഹിക സേവനത്തിന്റെ ഭാഗവുമാണ്.’ ” പ്രകൃതി സംരക്ഷണം എന്നത് ജീവിതശൈലി”ആയി മാറട്ടെ.
 ഡോക്ടർ ഡി രഘു, സംസ്ഥാനസെക്രട്ടറി, ആരോഗ്യ ഭാരതി.

Leave a Reply

Your email address will not be published. Required fields are marked *