ബഹിരാകാശ യാത്രക്കൊരുങ്ങി ആദ്യ മലയാളി വനിത1 min read

27/7/22

തിരുവനന്തപുരം :കൽപന ചൗളക്കും സുനിത വില്യംസിനും ശേഷം മറ്റൊരു ഇന്ത്യൻ വനിത ബഹിരാകാശയാത്രക്കുള്ള ഒരുക്കത്തിലാണ്. ആതിര പ്രീതറാണി, ഈ നേട്ടം കൈവരിക്കാനൊരുങ്ങുന്ന ആദ്യ മലയാളി വനിതകൂടിയാവും അവർ. വാലന്റിന തെരഷ്കോവക്കുശേഷം എഴുപത്തഞ്ചോളം വനിതകൾ ബഹിരാകാശ യാത്ര നടത്തിയിട്ടു​ണ്ടെങ്കിലും അതിൽ സുനിത വില്യംസ്, കൽപ്പന ചൗള എന്നീ രണ്ട് പേരുകൾ മാത്രമേ ഇന്ത്യയിൽനിന്നുള്ളൂ. ആ ചരിത്രമാണ് ആതിരയിലൂടെ തിരുത്താൻ പോകുന്നത്.

തിരുവനന്തപുരം സ്വദേശിനിയാണ് ആതിര. അമേരിക്കൻ ബഹിരാകാശ ഗവേഷണ ഏജൻസിയായ നാസക്കുകീഴിൽ ആകാശയാത്രക്കുള്ള പരിശീലനത്തിന് ആതിര തിരഞ്ഞെടുക്കപ്പെട്ടപ്പോൾ അത് മലയാളികൾക്കൊന്നാകെ അഭിമാനമാവുകയാണ്. പരിശീലനം പൂർത്തിയാക്കിയശേഷം ആകാശം കീഴടക്കാൻ ആതിരക്ക് അധികം കാത്തുനിൽക്കേണ്ടിവരില്ലെന്നാണ് അറിയുന്നത്.

വാലന്റിനയെയും സാലി റൈഡിനെയുമെല്ലാംപോലെ ഫൈറ്റ് പൈലറ്റാവുക; അതുവഴി അവരെപ്പോലെ പറക്കുക. ഇതായിരുന്നു ആതിരയുടെ മനസ്സിലെ ആദ്യ ലക്ഷ്യം. നാഷനൽ സ്​പേസ് ഒളിമ്പ്യാഡിലും ഐ.എസ്.ആർ.ഒ സംഘടിപ്പിച്ച സ്​പേസ് ക്വിസിലുമെല്ലാം വിജയിയായി ആ മോഹങ്ങളിലേക്കവൾ ഏറെ നടന്നടുക്കുകയും ചെയ്തു. ഇന്ത്യയിൽ ആ സമയത്ത് വനിതകൾക്ക് ഫൈറ്റ് പൈലറ്റാകാൻ കഴിയുമായിരുന്നില്ല. ആ അന്വേഷണം എത്തിയത് ഒട്ടോവയിലെ അൽഗോക്വിൻ കോളജിലാണ്. അവിടെ ‘റോബോട്ടിക്സ്’ പഠിക്കാൻ സ്കോളർഷിപ് കിട്ടിയതോടെ സ്വപ്നയാത്രക്ക് ചിറകുമുളച്ചുതുടങ്ങി. 2018ൽ അങ്ങനെ കാനഡയിലേക്ക്.

ഇന്റർനാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആസ്ട്രോണോട്ടിക്കൽ സയൻസസ് എന്നൊരു സംഘടനയുണ്ട്. ലോകത്തിലെ ആദ്യത്തെ ജനകീയ ബഹിരാകാശ ഗവേഷണ കേന്ദ്രം എന്നുവേണമെങ്കിൽ ഈ സ്ഥാപനത്തെ വിശേഷിപ്പിക്കാം. മനുഷ്യനെ ബഹിരാകാശ യാത്രക്ക് സജ്ജമാക്കാനുള്ള അനൗദ്യോഗികവേദി. നാസയും കനേഡിയൻ സ്​പേസ് ഏജൻസിയുമൊക്കെ ഈ സംരംഭത്തിൽ പങ്കാളികളാണ്. നാസയുടെ സഹായത്തോടെ ഇവർ നടത്തുന്ന ബഹിരാകാശ യാത്ര പരിശീലന പദ്ധതിയാണ് ‘പ്രോജക്ട് പോസം’ (POSSUM -Polar Suborbital Science in the Upper Mesosphere). ലത്തീൻ ഭാഷയിൽ ‘പോസം’ എന്നാൽ ‘എനിക്ക് കഴിയും’ എന്നാണർഥം. ഈ പദ്ധതിയിലേക്കായി തിരഞ്ഞെടുക്കപ്പെട്ട ഒരുഡസൻ പേരിലൊരാളാണി​പ്പോൾ ആതിര. ഫ്ലോറിഡയിൽ നാസയുടെ നേതൃത്വത്തിൽ നടക്കുന്ന പരിശീലന പരിപാടിക്കുപോകാനുള്ള ഒരുക്കത്തിലാണിപ്പോൾ ആതിര. ഫൈറ്റ് ജെറ്റ് ഓടിച്ചുള്ള പരിചയത്തിന്റെയും എക്സോജിയോ സമ്മാനിച്ച അനുഭവത്തിന്റെയും ആത്മവിശ്വാസത്തിലാണ് ആതിര അപേക്ഷ സമർപ്പിച്ചത്. അതിപ്പോൾ സ്വപ്നസാഫല്യത്തിലേക്കെത്തിയിരിക്കുന്നു. ഫ്ലോറിഡയിലേക്ക് പോകുംമുമ്പ്, ഫൈറ്റ് പൈലറ്റ് ലൈസൻസും ഒരുപക്ഷേ, ആതിരക്ക് ലഭിച്ചേക്കും. അധികം വൈകാതെ ആതിരക്കുവേണ്ടി ആകാശം വഴിമാറിയ പുതിയ കഥകൾ കേൾക്കാനായേക്കും.

കടപ്പാട് :മാധ്യമം

Leave a Reply

Your email address will not be published. Required fields are marked *