മറ്റു കമ്പനികൾ 5ജി വരെ എത്തി ;BSNL വെറും നോക്കുകുത്തി1 min read

ഡൽഹി :പഴയകാല പ്രതാപത്തിന്റെ നിഴൽ പോലുമില്ലാതെ BSNL.ഒരു കാലത്ത് പുതിയ മൊബൈൽ കണക്ഷനെടുക്കാൻ മണിക്കൂറുകളോളം ബിഎസ്എൻഎല്ലിന് മുന്നിൽ ഉപഭോക്താക്കൾ കാത്തു നിന്നിരുന്നു. വർഷങ്ങൾക്കിപ്പുറം ആർക്കും വേണ്ടാത്ത സേവനദാതാക്കളായി ബിഎസ്എൻഎൽ മാറി. 2006ൽ 10000 കോടി രൂപയുടെ ലാഭമുണ്ടായിരുന്ന ബിഎസ്എൻഎല്ലിനെ തകർത്തത് അതാത് കാലത്തെ സർക്കാരുകൾ തന്നെയാണ്. 4ജി സ്പെക്ട്രം അനുവദിക്കാതെ മത്സര രംഗത്ത് തളർത്തി, ഇന്ത്യൻ റെയിൽവേയുടെ ടെലികോം സേവനദാതാവെന്ന ചുമതലയിൽ നിന്ന് ഒഴിവാക്കി, സാമ്പത്തികമായി ലാഭകരമല്ലാത്ത മേഖലയിലെ സർവ്വീസ് ഉണ്ടാക്കുന്ന നഷ്ടപരിഹാരത്തുക നൽകിയില്ല, 3ജി സ്പെക്ട്രത്തിന് 18500 കോടി രൂപ ഈടാക്കിയും ബിഎസ്എൻഎല്ലിനെ തകർക്കുകയായിരുന്നു സർക്കാരുകൾ.

ഇപ്പോൾ 20000 കോടി രൂപയാണ് ബിഎസ്എൻഎല്ലിന്‍റെ കടം. ബിഎസ്എൻഎല്ലിനെ ലാഭത്തിലാക്കണമെങ്കിൽ ഇനിയും പതിനായിരം കോടി രൂപ കൂടി ആവശ്യം വരും. ചുരുക്കി പറഞ്ഞാൽ 50000 കോടിക്കു മുകളിൽ തുകയുണ്ടെങ്കിലേ ബിഎസ്എൻഎല്ലിനെ ലാഭത്തിലാക്കി ആധുനിക സംവിധാനങ്ങളോടെ പ്രവർത്തിപ്പിക്കാൻ കഴിയൂ. മറ്റെല്ലാ സേവനദാതാക്കളും 5ജി നടപ്പിലാക്കാൻ ഒരുങ്ങുമ്പോൾ 4ജി സേവനം പോലും നൽകാനാവാത്ത അവസ്ഥയിലാണ് ബിഎസ്എൻഎൽ.

രാജ്യമാകെ വ്യാപിച്ചുകിടക്കുന്ന ബിഎസ്എൻഎല്ലിന് 66000 ടവറുകളുണ്ട്. 1.68 ലക്ഷം സ്ഥിരം ജീവനക്കാരും ഒരു ലക്ഷത്തോളം കരാർ ജീവനക്കാരുമുണ്ട്. എന്നാൽ രാജ്യത്തെ പ്രധാന നഗരങ്ങളിൽ പോലും 4ജി സേവനം എത്തിയിട്ടില്ല. കേരളത്തിൽ വയനാട്, തൃശ്ശൂർ, ഇടുക്കി ജില്ലകളുടെ ചിലഭാഗങ്ങളിൽ 4ജി സേവനം ലഭ്യമാക്കുന്നുണ്ട്. നിലവിലുള്ള 2ജി ടവറുകൾ അപ്ഗ്രേഡ് ചെയ്താണ് ഈ സൗകര്യം നൽകുന്നത്.

അതേസമയം ടെലികോം റെഗുലേറ്ററി അതോറിറ്റി സ്വകാര്യ കമ്പനികൾക്ക് സഹായകമാകുന്ന തരത്തിൽ നിരക്ക് കൂട്ടാൻ ബിഎസ്എൻഎല്ലിനെ നിർബന്ധിക്കുന്നുണ്ട്. സ്വകാര്യകമ്പനികൾ മടിക്കുന്ന സ്ഥലങ്ങളിൽ വരെ സേവനമെത്തിക്കുന്നുണ്ട് ബിഎസ്എൻഎൽ. സാങ്കേതിക തികവോടെ മുന്നോട്ട് പോവുകയാണെങ്കിൽ ഉപഭോക്താക്കൾക്ക് ആശ്രയമാകേണ്ട സ്ഥാപനമാണ് ബിഎസ്എൻഎൽ.  ഇതെല്ലാം കൊണ്ടാണ് 20000 കോടി രൂപ കടത്തിലായിരിക്കുമ്പോഴും ബിസ്എൻഎല്ലിന്‍റെ പ്രസക്തി നഷ്ടപ്പെടാത്തത്. മറ്റുള്ള കമ്പനികൾ 4ജിയും 5ജിയും ഒക്കെ ആകുമ്പോഴും BSNL ഇന്നും ദൂരെ എവിടെയോ ആണ്.

Leave a Reply

Your email address will not be published.