കാലിക്കറ്റിൽ അസിസ്റ്റന്റ്മാരെ പ്രാദേശികാടിസ്ഥാനത്തിൽ നിയമിക്കുന്നതിന് ഹൈക്കോടതിയുടെ സ്റ്റേ ഉത്തരവ്1 min read

കൊച്ചി :കാലിക്കറ്റ്‌ യൂണിവേഴ്സിറ്റിയിൽ പരീക്ഷ രഹസ്യജോലികൾക്കായി അസിസ്റ്റന്റുമാരെ പ്രാദേശികാ ടിസ്ഥാനത്തിൽതാൽക്കാലികമായി നിയമിക്കാനുള്ള നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു. യൂണിവേഴ്സിറ്റി അസിസ്റ്റന്റ് നിയമനത്തിന് PSC തയ്യാറാക്കിയിട്ടുള്ള റാങ്ക് പട്ടികയിലുള്ളവരിൽ നിന്ന് താൽക്കാലിക നിയമനം നടത്താൻ

നിർദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ട് PSC റാങ്ക് പട്ടികയിലുള്ള B Tech ബിരുദധാരിയായ മുന്നിയൂർ സ്വദേശി മുഹമ്മദ് നൗഫൽ നൽകിയ ഹർജ്ജിയിലാണ് മേൽ നടപടികൾ തടഞ്ഞുകൊണ്ട് ജസ്റ്റിസ് രാജാ വിജയ രാഘവൻ ഉത്തരവായത്.

പരീക്ഷകളുടെ ഉത്തരക്കടലാസ് ഫാൾസ് നമ്പറിങ്,ചോദ്യക്കടലാസ് പാക്കിംഗ് തുടങ്ങിയ സുപ്രധാന ജോലികൾക്കായി നൂറ് പേരെയാണ് അസിസ്റ്റന്റ്മാരായി നിയമിക്കുന്നത്.

യൂണിവേഴ്സിറ്റി ആസ്ഥാനത്തിന് ചുറ്റുമുള്ള മൂന്ന് പഞ്ചായത്തുകളിൽ താമസക്കാരായ 36 വയസ്സിനുതാഴെ പ്രായമുള്ള ബിരുദധാരികളിൽ നിന്ന് അപേക്ഷകൾ സ്വീകരിച്ചാണ് റാങ്ക് പട്ടിക തയ്യാറാക്കിയത്.

താൽക്കാലികമായാണ് നിയമിക്കുന്നതെങ്കിലും ഇവർക്ക് കാലാവധി നീട്ടിക്കൊടുക്കാനാണ് സാധ്യതയെന്നും മുൻപ് ഇത്തരത്തിൽ നിയമിച്ചവരെ സ്ഥിരപ്പെടുത്താൻ തീരുമാനിച്ചിരുന്നതായും അനധ്യാപക തസ്തികകളിലേയ്ക്കുള്ള സ്ഥിരം നിയമനങ്ങൾ PSC വഴി മാത്രമേ നടത്താനാവൂ എന്നതുകൊണ്ടാണ് കരാർ അടിസ്ഥാനത്തിലുള്ള നിയമനങ്ങൾ നടത്തുന്നതെന്നും ഹർജ്ജിയിൽ പറയുന്നു.

ഹർജ്ജിക്കാരനുവേണ്ടി മുതിർന്ന അഭിഭാഷകൻ ജോർജ് പൂന്തോട്ടം ഹാജരായി.

Leave a Reply

Your email address will not be published. Required fields are marked *