കാര്‍ ടബ് : സഞ്ചരിക്കുന്ന സര്‍വീസ് സ്റ്റേഷന്‍1 min read

തൃശ്ശൂര്‍: ഉപേക്ഷിക്കപ്പെട്ട പഴയ വസ്തുക്കള്‍ മാത്രം ഉപയോഗിച്ചുള്ള പുതിയ വ്യവസായ സംരംഭം. തൃശ്ശൂര്‍ നഗരത്തില്‍ ഹിറ്റായ കാര്‍ ടബ് എന്ന സഞ്ചരിക്കുന്ന സര്‍വീസ് സ്റ്റേഷന്റെ തുടക്കം അവിടെനിന്നായിരുന്നു. വാഹനങ്ങള്‍ തേടി വീടുകളിലും സ്ഥാപനങ്ങളിലും എത്തുന്ന സര്‍വീസ് സ്റ്റേഷന്‍.

പാവറട്ടി പാലുവായിലെ മുഹമ്മദ് സാലിഹ്, സുഹൃത്തുക്കൾ ആയ മുഹമ്മദ് ഹിഷാമിൻ, വരുൺ എന്നിവരുടെ പുതിയ വ്യവസായ സംരംഭമാണിത്.

ഒരു മണിക്കൂര്‍കൊണ്ട് കാറിനകവും പുറവും ക്ലീന്‍. കാറുടമയ്ക്ക് സര്‍വീസ് സ്റ്റേഷനില്‍ പോയി സമയം മെനക്കെടുത്തേണ്ട കൂടാതെ ചെലവും കുറവ്.

ഓംനി വാനിനകത്ത് ഘടിപ്പിച്ച 500 ലിറ്റര്‍ ടാങ്കില്‍ വെള്ളവുമായാണ് എത്തുക. ഈ വെള്ളം പ്രഷര്‍ വാഷര്‍ ഉപയോഗിച്ച്‌ ചീറ്റി കഴുകും. പിന്നീട് തുണികൊണ്ട് തുടച്ച്‌ ഉണക്കും. കാറിനകം വാക്വം ക്ലീനര്‍കൊണ്ട് വൃത്തിയാക്കും. അകവും പുറവും ചില്ലും തുടച്ച്‌ ശുചിയാക്കും. ഒടുവില്‍ ടയറിന് പോളിഷിടും.

സാധാരണ കാറിന് 300 രൂപ, എസ്.യു.വി.ക്ക് 400, ബൈക്കിന് 150- ഇതാണ് ചാര്‍ജ്. വെള്ളമടക്കം കൊണ്ടുവരും. പറ്റുമെങ്കില്‍ വൈദ്യുതി കണക്ഷന്‍ നല്‍കും ഇല്ലെങ്കില്‍ ജനറേറ്റര്‍ ഉപയോഗിക്കും.ഒരു ദിവസം എട്ട് കാറുകള്‍ മാത്രമാണ് സര്‍വീസ് നടത്താനാകുക.

രണ്ടാഴ്ച മുമ്പ് തുടങ്ങിയ പദ്ധതി വന്‍വിജയമായി തുടരുകയാണ്. നിരവധി പേരാണ് കാര്‍ ടബ് സേവനത്തിനായി വിളിക്കുന്നത്.

മുഹമ്മദ് സാലിഹും മുഹമ്മദ് ഹിഷാമും മാത്രമാണ് സര്‍വീസിനുള്ളത്.
കോളേജ് തുറന്നാല്‍ രാവിലെയും വൈകീട്ടുമാണ് സേവനം നടത്താനാകുക എന്ന് യുവ സംരംഭകർ പറയുന്നു. ബാക്കിസമയത്ത് ഇത് ആരെയെങ്കിലും ഏല്‍പ്പിക്കാനാണ് ഇവരുടെ തീരുമാനം.

Leave a Reply

Your email address will not be published. Required fields are marked *