കേന്ദ്രം റേഷൻ മണ്ണെണ്ണ വില 13 രൂപ കുറച്ചു1 min read

2/8/22

തിരുവനന്തപുരം: റേഷൻ മണ്ണെണ്ണയുടെ  വില കുറച്ച് കേന്ദ്ര സർക്കാർ. 13 രൂപയാണ് ഒരു ലിറ്റർ മണ്ണെണ്ണയ്ക്ക് കുറച്ചത്. ഇതോടെ രാജ്യത്ത് ഒരു ലിറ്റർ മണ്ണെണ്ണയുടെ വില 89 രൂപയായി. അതേസമയം,  ജൂലൈയിലെ വില വർധന നടപ്പാക്കാത്തതിനാൽ കേരളത്തിൽ മണ്ണെണ്ണ വില 84 രൂപയാണ്.
ഏപ്രിലിൽ 84 രൂപയായിരുന്നു മണ്ണെണ്ണ വില. ജൂണിൽ നാല് രൂപ വർധിച്ച് 88 രൂപയായിരുന്നു. എന്നാൽ ഏപ്രിലിലെ മണ്ണെണ്ണ വിഹിതം ബാക്കി ഉള്ളതിനാൽ 84 രൂപയ്ക്ക് തന്നെ സംസ്ഥാനം മണ്ണെണ്ണ വിതരണം ചെയ്യുകയായിരുന്നു. ജൂലൈയിൽ മണ്ണെണ്ണ വില 14 രൂപ വർധിച്ചിരുന്നു. ഇതോടെ ഒരു ലിറ്റര്‍ മണ്ണെണ്ണയുടെ വില 102 രൂപയായി. അപ്പോഴും കേരളം ഏപ്രിലിലെ വിലയിൽ തന്നെയാണ് മണ്ണെണ്ണ വിതരണം ചെയ്തത്.  സ്റ്റോക്ക് തീരും വരെ 84 രൂപയ്ക്ക് മണ്ണെണ്ണ വിൽക്കുമെന്ന് ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍ വ്യക്തമാക്കിയിരുന്നു.

സ്റ്റോക്ക് തീരുന്നതുവരെ ഈ വിലയ്ക്ക് തന്നെ കാര്‍ഡുടമകള്‍ക്ക് മണ്ണെണ്ണ വിതരണം ചെയ്യുന്നതിനാവശ്യമായ നിര്‍ദ്ദേശം പൊതുവിതരണ വകുപ്പ് കമ്മിഷണര്‍ക്ക് നല്‍കിയിട്ടുണ്ടെന്ന് ഭക്ഷ്യ-പൊതുവിതരണ വകുപ്പുമന്ത്രി ജി.ആര്‍.അനില്‍ അറിയിച്ചിരുന്നു. നിലവിലെ പ്രതിസന്ധി കാലഘട്ടത്തില്‍ സാധാരണക്കാരായ ജനങ്ങള്‍ക്ക് അധികഭാരം ഒഴിവാക്കുന്നതിനാണ് സംസ്ഥാന സര്‍ക്കാര്‍ ഇത്തരമൊരു തീരുമാനം എടുത്തതെന്നും മന്ത്രി അന്ന് വ്യക്തമാക്കിയിരുന്നു.
മണ്ണെണ്ണയുടെ അടിസ്ഥാനവിലയോടൊപ്പം കടത്തുകൂലി, ഡീലേഴ്സ് കമ്മിഷന്‍, സി.ജി.എസ്.റ്റി., എസ്.ജി.എസ്.റ്റി. എന്നിവ കൂട്ടിച്ചേര്‍ത്ത വിലയ്ക്കാണ് റേഷന്‍കടകളില്‍ നിന്നും മണ്ണെണ്ണ വിതരണം ചെയ്യുന്നത്.
നിലവിൽ നോൺ പിഡിഎസ് മണ്ണെണ്ണയായി 20000  കിലോ ലിറ്റർ മണ്ണെണ്ണ നൽകാമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരി സംസ്ഥാനത്തെ അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ മണ്ണെണ്ണ വിതരണം  നടത്തണെമെങ്കിൽ കേരളത്തിന് വില ഉയർത്തിയെ പറ്റൂ. പിഡിഎസ് വിഹിതമായി കേരളത്തിനുള്ള മണ്ണെണ്ണയിൽ കേന്ദ്രം കുറവ്  വരുത്തിയ സാഹചര്യത്തിലാണ് സംസ്ഥാനം നോൺ പിഡിഎസ് വിഹിതം ആവശ്യപ്പെട്ടിട്ടുണ്ടായിരുന്നത്.

പിഡിഎസ് വിഹിതം ലഭിക്കാതായതോടെ സസ്ഥാനത്ത് മണ്ണെണ്ണ  ക്ഷാമം രൂക്ഷമായിരുന്നു.  വിലകൂട്ടിയതിനൊപ്പം മണ്ണെണ്ണയുടെ വിഹിതം കേന്ദ്ര സര്‍ക്കാര്‍ വെട്ടിക്കുറച്ചത് കേരളത്തെ പ്രതിസന്ധിയിലാക്കി. വര്‍ഷത്തില്‍ നാല് തവണയാണ് കേന്ദ്രം സംസ്ഥാനത്തിന് മണ്ണെണ്ണ അനുവദിക്കുന്നത്. ഇത്തവണ ആദ്യ ഘട്ടത്തില്‍ തന്നെ 40 ശതമാനം വെട്ടിക്കുറച്ചു.
മത്സ്യമേഖലയെയാണ് മണ്ണെണ്ണ ക്ഷാമം ഏറ്റവും അധികം ബാധിക്കുക.  സംസ്ഥാനത്ത്14481 യാനങ്ങള്‍ മണ്ണെണ്ണ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്നവയാണ്. ഇവക്കായി 28 ദിവസത്തിന് 1,70,000 കിലോലീറ്റര്‍ മണ്ണെണ്ണ ആവശ്യമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *