‘അഭയം തേടി’ കവിത…ഡോ. അനിത ഹരി.1 min read

കവിത

ആദി പരാശക്തീ,അത്ഭുത ദേവീ ,
ചിന്മയ രൂപിണീ,നിത്യപ്രകാശിനീ,
ഉള്ളിൽ വെളിച്ചംപകരുവനായി,
ആത്മനൊമ്പരമകറ്റുവാനായി,
കാലം മുള്ളുകൾ കോറിയിടുമ്പോൾ
കർണ്ണംകൂരമ്പാൽ നിറയുമ്പോൾ
പാദം തളർന്നുവിറക്കുമ്പോൾ
ആത്മാവിൽ നീ കുടികൊണ്ടീടുക,
ആശ്രയമേകാൻ കനിവു ചൊരിയുക
അഭീഷ്ടപ്രദായിനീയരികിലണയുക
തമ്മിൽ രക്തത്തെ തിരിച്ചറിയാതെ
സ്വാർത്ഥഗർത്തത്തിൽ
വീണു വീണ്ടും,
മദമാത്സര്യങ്ങളാൽ
തല്ലിച്ചതഞ്ഞും
ഇരുട്ടിൻ കൂപത്തിലാടി
ത്തെളിഞ്ഞും
ഇന്നിൻമനുജന്റെ
ലീലാവിലാസങ്ങൾ
കണ്ടിട്ടുംകാണാതെ
യൊളിഞ്ഞിരിക്കയല്ലോ
നന്മയും സൽബുദ്ധീമോതീ ടുവാൻ
വൈകാതെയൊപ്പമണഞ്ഞീടുക
ധനവുംധാന്യവുംജയവുംധൈര്യവും
സൗഭാഗ്യമൊക്കെ
യുമവിടുന്നല്ലേ,
ദുർഗയുംലക്ഷ്മിയും സരസ്വതിയും
സാവിത്രി രാധയും
നീ തന്നെയല്ലേ,
ഗംഗയുംതുളസിയും മനസാ ദേവിയും
മംഗളചണ്ഡികദേവസേനയും
ഭൂമിദേവിയുമംശങ്ങളായി
രൂപഭാവങ്ങൾ വിവിധങ്ങളായി.
വിഷ്ണുവിൻ നാഭിയി
ലംബുജമായി
അഗ്രത്തു ബ്രഹ്മാവും
ജാതനായി
മധുകൈഭടനസുരന്മാരും
കർണ്ണങ്ങളിൽനിന്നു
മുയിരിട്ടു വന്നു
വധ്യരായവരുടെ
രേതസ്സപ്പോൾ
ഘനീഭവിച്ചമ്മഭൂമിയായി
ഇന്നീമക്കളിവിടെ
പരസ്പരം
കൊല്ലും കൊലയും
നടത്തിടുമ്പോൾ
ചിത്ത മാലിന്യ
മൊഴുക്കിക്കളയാൻ,
വിത്തത്തിനാർത്തി
തീർത്തിടുവാൻ
ദീപ്തി പ്രദായിനീ
യരികിലെത്തൂ
സത്യ സ്നേഹദയാ
വായ്‌പുകൾ
ത്യാഗസദ്ഗുണമേകീ ടുവാൻ
അമ്മതൻ പാദങ്ങൾ
കുമ്പിടുന്നു
ആശ്രയ രൂപിണീ
യനുഗ്രഹമേകു
ആനന്ദ രൂപിണീ
മംഗളം ചൊരിയൂ!!

ഡോ. അനിത ഹരി

Leave a Reply

Your email address will not be published. Required fields are marked *