പ്രവാസി ജീവിതത്തിന്റെ വ്യത്യസ്ത പ്രമേയം ;’ദേര ഡയറീസ്’കാഴ്ചയുടെ പുതിയ തുടക്കം1 min read

ജീവിതം ചെറുതാണെങ്കിലും മുമ്പിലുള്ള ക്യാന്‍വാസ് വലുതാണെന്ന് കാണിച്ച് ദേര ഡയറീസ്
പ്രവാസികളുടെ ജീവിതത്തിലെ ആരും സ്പര്‍ശിച്ചിട്ടില്ലാത്ത ഏട് അഭ്രപാളിയില്‍ പകര്‍ത്തിയ സിനിമ ‘ദേര ഡയറീസ്’ മാര്‍ച്ച് 19ന് നീ സ്ട്രീമില്‍ റിലീസ് ചെയ്യുന്നു.
പ്രവാസം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങിയ യൂസുഫ് എന്ന അറുപതുകാരന്‍ കഴിഞ്ഞ മുപ്പത് വര്‍ഷത്തിനിടയില്‍ തങ്ങളുടെ ജീവിതത്തില്‍ ചെലുത്തിയ സ്വാധീനം വലുതായിരുന്നുവെന്ന് പലരും തിരിച്ചറിയുന്നതുപോലും അയാളുടെ അഭാവത്തിലായിരുന്നു. പ്രവാസത്തിന്റെ മധ്യകാലങ്ങളില്‍ അറേബ്യന്‍ സ്വപ്നങ്ങളുമായി മരുഭൂമിയില്‍ ചേക്കേറിയ നല്ല മനസ്സുള്ള ചെറിയ മനുഷ്യരുടെ പ്രതിനിധിയാണ് സിനിമയിലെ യൂസുഫ്. .


വ്യത്യസ്ത കാലത്തും പ്രായത്തിലുമുള്ള നിരവധി പേരുടെ ജീവിതങ്ങളില്‍ ചെറുതെന്ന് തോന്നിക്കുമ്പോഴും വലിയ സ്വാധീനങ്ങളാണ് യൂസുഫ് ചെലുത്തിയതെന്ന് പ്രേക്ഷകന് ബോധ്യപ്പെടും. ദുബൈ ജീവിതത്തിന്റെ തിരക്കുള്ള കെട്ടുകാഴ്ചകള്‍ക്കപ്പുറം അബ്രയിലെ ഓളങ്ങളിലൂടെ കടന്നുപോകുന്ന വഞ്ചിയിലുള്ളവരെ പോലെ അല്‍പ നേരത്തേക്കെങ്കിലും ജീവിത ഭാണ്ഡങ്ങള്‍ നെഞ്ചോടു ചേര്‍ത്തു വെക്കുകയാണ് കഥാപാത്രങ്ങളില്‍ പലരും. അന്നേരങ്ങളിലാണ് അവര്‍ യൂസുഫ് തങ്ങള്‍ക്കാരായിരുന്നുവെന്ന് തിരിച്ചറിയുന്നത്.
മറ്റുള്ളവരുടെ നന്മ ആഗ്രഹിക്കുന്ന ഒരു മനുഷ്യന്‍ കടന്നുപോകുന്ന വഴികളില്‍ താന്‍ പോലുമറിയാതെ രക്ഷകനായി മാറുകയാണ് ചിത്രത്തില്‍. ഒരുപക്ഷേ പ്രവാസത്തിന്റെ കഴിഞ്ഞ കാലങ്ങളില്‍ ഇതുപോലുള്ള മനുഷ്യരെ പ്രേക്ഷകരോരോരുത്തരും എവിടെയൊക്കെയോ കണ്ടുമുട്ടിയിട്ടുണ്ടാകാം.
വ്യത്യസ്തമായ അഞ്ചു ജീവിതങ്ങളിലൂടെയും അവരുടെ കാഴ്ചകളിലൂടെയുമാണ് യൂസുഫിന്റെ കഥ ദേര ഡയറീസില്‍ പുരോഗമിക്കുന്നത്. താന്‍പോലുമറിയാതെയാണ് യൂസുഫ് നായക സ്ഥാനത്തേക്ക് പ്രതിഷ്ഠിക്കപ്പെടുന്നത്.
തമിഴ് സൂപ്പര്‍താരം വിജയ് സേതുപതി നിര്‍മിച്ച ‘മേര്‍ക്കു തൊടര്‍ച്ചി മലൈ’ എന്ന തമിഴ് ചിത്രത്തിലെ നായകവേഷം കൈകാര്യം ചെയ്ത അബു വളയംകുളമാണ് ദേര ഡയറീസിലെ പ്രധാനകഥാപാത്രമായ യൂസുഫിനെ അവതരിപ്പിക്കുന്നത്. അബു വളയംകുളം മലയാളത്തില്‍ ആദ്യമായി നായകാനുകുന്നു എന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്. ഈട, അഞ്ചാംപാതിര തുടങ്ങിയ ഹിറ്റ് സിനിമകളില്‍ വ്യത്യസ്ത വേഷങ്ങളില്‍ എത്തിയിട്ടുണ്ടെങ്കിലും അദ്ദേഹത്തിന്റെ മലയാളത്തിലെ ആദ്യ മുഴുനീള കഥാപാത്രമാണ് ദേര ഡയറീസിലെ യൂസുഫ്. മുപ്പതു മുതല്‍ അറുപതു വയസ്സുവരെയുള്ള മുപ്പതു വര്‍ഷത്തെ വ്യത്യസ്ത ഗെറ്റപ്പുകളിലാണ് അബു സിനിമയില്‍ പ്രത്യക്ഷപ്പെടുന്നത്.
മലയാളത്തിലെ യുവതാരങ്ങളില്‍ ശ്രദ്ധപിടിച്ചുപറ്റുന്ന ഷാലു റഹീമാണ് മറ്റൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. കമ്മട്ടിപ്പാടത്തിലൂടെ വെള്ളിത്തിരയിലെത്തിയ ഷാലു എടക്കാട് ബറ്റാലിയന്‍, ലൂക്ക, മറഡോണ, ഒറ്റക്കൊരു കാമുകന്‍, കളി തുടങ്ങിയ സിനിമകളില്‍ വ്യത്യസ്ത വേഷങ്ങള്‍ കൈകാര്യം ചെയ്ത നടനാണ്.
ദുബൈയിലെ ഹിറ്റ് എഫ് എം 96.7ലെ ആര്‍ ജെ അര്‍ഫാസ് ഇഖ്ബാല്‍ വെള്ളിത്തിരയിലേക്ക് ചുവടുവെക്കുന്നു എന്ന പ്രത്യേകതയുമുണ്ട്. ഇവരോടൊപ്പം യു എ ഇയിലെ പ്രസിദ്ധരായ അഭിനേതാക്കളാണ് വെള്ളിത്തിരയിലെത്തുന്നത്.


കഴിഞ്ഞ പത്തു വര്‍ഷത്തിലേറെയായി സ്വതന്ത്ര സിനിമകളിലൂടെ രംഗത്തുണ്ടായിരുന്ന മുഷ്ത്താഖ് റഹ്മാന്‍ കരിയാടന്റെ പ്രഥമ സിനിമാ സംരംഭമാണ് ദേര ഡയറീസ്.
ആര്‍പ്പ്, ചിത്രങ്ങള്‍, യാത്രാമധ്യേ തുടങ്ങിയ സ്വതന്ത്ര സിനിമകളുടെ സംവിധാനം നിര്‍വഹിച്ചടുണ്ട്.
മികച്ച പാട്ടുകളുള്ള ദേര ഡയറീസിലെ ഗാനങ്ങള്‍ ജോപോളാണ് രചിച്ചത്. സിബു സുകുമാരനാണ് സംഗീതം. വിജയ് യേശുദാസ്, നജീം അര്‍ഷാദ്, കെ എസ് ഹരിശങ്കര്‍, ആവണി എന്നിവരാണ് ഗായകര്‍.
എം ജെ എസ് മീഡിയയുടെ ബാനറില്‍ ഫോര്‍ എവര്‍ ഫ്രന്റ്‌സിനു വേണ്ടി മധു കറുവത്തും ടീമുമാണ് ദേര ഡയറീസ് നിര്‍മിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *