മന്ത്രിയാകാൻ ഗണേഷ് കുമാർ യോഗ്യൻ, പുനസംഘടനയെ കുറിച്ച് അറിയില്ല :ഇ. പി. ജയരാജൻ1 min read

15/9/23

തിരുവനന്തപുരം :ഗണേശ് കുമാര്‍ എം എല്‍ എയ്ക്ക് മന്ത്രിയാകാൻ അയോഗ്യതയില്ലെന്ന് എല്‍ ഡി എഫ് കണ്‍വീനര്‍ ഇ പി ജയരാജൻ.രണ്ടര വര്‍ഷത്തിന് ശേഷം നാല് പാര്‍ട്ടികള്‍ മന്ത്രിസ്ഥാനം വച്ചുമാറുമെന്ന് നേരത്തേ തീരുമാനിച്ചതാണെന്നും, അത് അതുപോലെത്തന്നെ നടക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

സി പി എം അടക്കമുള്ള പാര്‍ട്ടികള്‍ ആലോചിക്കുകയോ, ചര്‍ച്ച ചെയ്യുകയോ ചെയ്യാത്ത കാര്യങ്ങളാണ് മാദ്ധ്യമങ്ങളില്‍ വരുന്നതെന്നും, ഈ മാസം ഇരുപതിന് എല്‍ ഡി എഫ് യോഗം ചേരാൻ തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഈ യോഗത്തിലായിരിക്കും മുന്നണിയുടെ ഭാവി കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുകയെന്നും ഇ പി ജയരാജൻ കൂട്ടിച്ചേര്‍ത്തു.

എല്ലാ പാര്‍ട്ടികള്‍ക്കും പരിഗണന കൊടുക്കുന്ന മുന്നണിയാണ് എല്‍ ഡി എഫെന്നും നിയമസഭയില്‍ ഒരംഗം മാത്രമേയുള്ളൂവെങ്കിലും അവരെക്കൂടി പരിഗണിക്കുക എന്ന കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിലാണ് മന്ത്രിസഭ രൂപീകരിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.ചില ഘടകകക്ഷികള്‍ക്ക് ഭരണത്തിന്റെ പകുതി സമയം നല്‍കാമെന്ന് തീരുമാനിച്ചിരുന്നുവെന്നും ധാരണയില്‍ മാറ്റമൊന്നും വന്നിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, മന്ത്രിസഭാ പുന:സംഘടനയെക്കുറിച്ച്‌ അറിയില്ലെന്നും താനും ഇത് ടിവിയിലാണ് കണ്ടതെന്നും സ്പീക്കര്‍ എ എൻ ഷംസീര്‍ പ്രതികരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *