കേരള സർവ്വകലാശാല ബിരുദ പ്രവേശനം ;സ്പോർട്ട്സ് ക്വാട്ടയിൽ തട്ടിപ്പെന്ന് ആക്ഷേപം, വി സി അന്വേഷിക്കണമെന്ന് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി1 min read

26/8/23

തിരുവനന്തപുരം :കേരള സർവകലാശാലയുടെ കീഴിലുള്ള കോളേജുകളിൽ വ്യാജ സർട്ടിഫിക്കറ്റ് തയ്യാറാക്കി സ്പോർട്ട്സ് ക്വാട്ടയിൽ പ്രവേശനം നേടുന്നതായി കണ്ടെത്തി.
വ്യാജ പരിചയസർട്ടിഫിക്കറ്റ് തയ്യാറാക്കി വനിതാ എസ്എഫ്ഐ നേതാവ് ഗസ്റ്റ് അദ്ധ്യാപികയായതായി കണ്ടെത്തിയിട്ടും പോലിസ് അന്വേഷണം വഴിമുട്ടി നിൽക്കുമ്പോഴാണ് അതിനു തുടർച്ചയായി വ്യാജ സർട്ടിഫിക്കറ്റുകൾ തയ്യാറാക്കി സ്പോർട്സ് ക്വാട്ടയിൽ ബിരുദപ്രവേശനം നേടുന്നതായി കണ്ടെത്തിയിരിക്കുന്നത്.സ്പോർട്സ് ക്വാട്ട പ്രവേശനം സംബന്ധിച്ച് നേരത്തെതന്നെ വ്യാപകമായ ആക്ഷേപം ഉയർന്നിരുന്നുവെങ്കിലും സർവ്വകലാശാലാ ധികൃതർ മൗനം നടിക്കുകയായിരുന്നു.

കേരള സംസ്ഥാന അമച്വർ ബോക്സിങ് ചാമ്പ്യൻഷിപ്പിൽ മൂന്നാം സ്ഥാനം നേടിയതായ വ്യാജസർട്ടിഫിക്കറ്റ് ഹാജരാക്കി കേരള സർവകലാശാലയുടെ കീഴിലുള്ള കൊല്ലം ജില്ലയിലെ ഡോൺ ബോസ്കോ കോളേജിലും, എൻഎസ്എസ് കോളേജിലുമാണ് ബിരുദ പ്രവേശനം നേടിയത്.
വ്യാജ സർട്ടിഫിക്കറ്റുകൾ വഴി പ്രവേശനം നേടിയ മുഹമ്മദ് ഷാറൂഖ്, മുഹമ്മദ് ഇർഫാൻ എന്നീ വിദ്യാർത്ഥികളുടെ സർട്ടിഫിക്കറ്റുകളിൽ സംശയം തോന്നിയ കോളേജ് അധികൃതർ ഇവർ ഹാജരാക്കിയ സർട്ടിഫിക്കറ്റുകൾ സർവ്വകലാശാലയ്ക്ക് അയച്ചിരുന്നു. പ്രസ്തുത സർട്ടിഫിക്കറ്റുകൾ പരിശോധനയ്ക്കായി സംസ്ഥാന സ്പോർട്സ് കൗൺസിലിന് സർവ്വകലാശാല അയച്ചപ്പോഴാണ് ഇവ വ്യാജമാണെന്ന് കണ്ടെത്തിയത്.

പ്രവേശനത്തിന് പരിഗണിക്കാൻ ആദ്യ മൂന്ന് സ്ഥാനം വേണമെന്നതിനാൽ ഇവർക്ക് ബോക്സിങ്ങിലെ വ്യത്യസ്ഥഗ്രൂപ്പിൽ ലഭിച്ച അഞ്ചാം സ്ഥാനം മൂന്നാം സ്ഥാനമായി തിരുത്തിയ സർട്ടിഫിക്കേറ്റ് ഹാജരാക്കുകയായിരുന്നു.

പ്രവേശനം റദ്ദാക്കാനും ക്രമക്കേട് ക്രൈം ബ്രാഞ്ചിന് വിശദമായ അന്വേഷണത്തിന് കൈമാറാനും സർവ്വകലാശാല തീരുമാനിച്ചു.

ആർട്സ് വിഷയങ്ങളിൽ മൂന്ന് സിറ്റ് വീതവും സയൻസ് വിഷയങ്ങളിൽ ഒരു സീറ്റുമാണ് സ്പോർട്ട്സ് ഇനങ്ങളിൽ ഒന്നും രണ്ടുമൂന്നും സ്ഥാനങ്ങൾ ലഭിച്ചവർക്കായി സംവരണം ചെയ്തിട്ടുള്ളത്. നാഷണൽ, ഇൻറർ യൂണിവേഴ്സിറ്റി ഇൻറർ കോളേജ് മത്സരങ്ങൾക്ക് പുറമേ ഇപ്പോൾ ജില്ലാ, സബ്ജില്ലാതല മത്സരങ്ങളിൽ പങ്കെടുക്കുന്നവർക്കും സ്പോർട്ട്സ് ക്വാട്ടയിൽ പ്രവേശനത്തിന് അനുമതി നൽകിയിട്ടുണ്ട്.

സ്പോർട്സ് ക്വാട്ട
പ്രവേശനം അതാതു കോളേജുകൾ നേരിട്ട് നടത്തുന്നത്കൊണ്ട് . സ്വാധീനമുള്ള വിദ്യാർത്ഥികൾ വ്യാജ സർട്ടിഫിക്കറ്റുകൾ ഹാജരാക്കി പിൻവാതിലൂടെ അഡ്മിഷൻ നേടുന്നതായി വ്യാപകമായ ആക്ഷേപമുണ്ട്.

സ്പോർട്സ് ക്വാട്ട വഴി അഡ്മിഷൻ നേടുന്ന വിദ്യാർത്ഥികൾ ഹാജരാക്കുന്ന സർട്ടിഫിക്കറ്റുകൾ സർവ്വകലാശാലകൾ പരിശോധിച്ചിരിക്കണമെന്നും, പ്രവേശനം ക്രമപ്രകാരമാണെന്ന് ഉറപ്പുവരുത്തുവാൻ വിസി മാർ നടപടി സ്വീകരിക്കണമെന്നും സേവ് യൂണിവേഴ്സിറ്റിക്യാമ്പയിൻ കമ്മിറ്റി ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *