പാറശാല മണ്ഡലത്തിലെ ഏഴ് സ്‌കൂളുകളിൽ വർണ്ണക്കൂടാരം പദ്ധതി,മണ്ഡലതല നിർമാണോദ്ഘാടനം മന്ത്രി വി.ശിവൻകുട്ടി നിർവഹിച്ചു.1 min read

 

തിരുവനന്തപുരം :വിദ്യാഭ്യാസ വകുപ്പ് ഉണർവിന്റെയും നിറവിന്റെയും നിലവാര വളർച്ചയുടെയും പാതയിലാണെന്നും അതിന് വഴിയൊരുക്കുന്നതാണ് സമഗ്ര ശിക്ഷാ കേരളം സ്റ്റാർസ് പദ്ധതിയെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. വർണക്കൂടാരം പദ്ധതിയുടെ പാറശാല നിയോജക മണ്ഡലതല നിർമാണോദ്ഘാടനം ആനാവൂർ ഗവൺമെന്റ് ഹയർസെക്കണ്ടറി സ്‌കൂളിൽ നിർവഹിക്കുകയായിരുന്നു മന്ത്രി. മണ്ഡലത്തിലെ ഏഴ് സ്‌കൂളുകളിലാണ് പദ്ധതി നടപ്പാക്കുന്നത്.

കേരളത്തിൽ നിലവിലുള്ള ശാസ്ത്രീയ പ്രീസ്‌കൂൾ വിദ്യാഭ്യാസം ശിശുവികാസത്തിൽ കുട്ടിയുടെ പഠന പരിസരത്തിന്റെ സ്വാധീനത്തെ ശരിയായ രീതിയിൽ പരിഗണിച്ചുകൊണ്ടുള്ളതാണെന്നും അതുകൊണ്ടുതന്നെ കുട്ടികളുടെ ഭാവി ജീവിതം ഏറ്റവും മികവുറ്റതാക്കാൻ പ്രാപ്തമാക്കുന്ന ശൈശവകാല അനുഭവങ്ങൾ ഒരുക്കാനാണ് പ്രീപ്രൈമറി വിദ്യാഭ്യാസ രംഗത്ത് സർക്കാർ മുൻഗണന നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു.

അന്താരാഷ്ട്ര നിലവാരമുള്ള പ്രീ സ്‌കൂൾ പഠനാന്തരീക്ഷം ഒരുക്കാനുള്ള പദ്ധതികളാണ് പൊതുവിദ്യാഭ്യാസ വകുപ്പ് സമഗ്ര ശിക്ഷാ കേരളം വഴി നടപ്പാക്കുന്നത്. സ്റ്റാർസ് പദ്ധതിയിൽ ഉൾപ്പെടുത്തി 2021-22 കാലഘട്ടത്തിൽ 168 പ്രീ പ്രൈമറികൾ പൂർത്തിയാക്കി. 2022-23 ൽ 440 എണ്ണം പൂർത്തിയാക്കി. 2023-24 ൽ 500 വർണക്കൂടാരങ്ങൾ നിർമാണപുരോഗതിയിലാണ്. ഇതിന് പുറമേ ഒരു കോടി അമ്പത്തിമൂന്ന് ലക്ഷം രൂപ വിനിയോഗിച്ച് ജില്ലാ തലത്തിൽ 14 മോഡൽ പ്രീ പ്രൈമറികളും നിർമിക്കുന്നുണ്ടെന്നും മന്ത്രി അറിയിച്ചു.

കുട്ടികൾക്ക് സന്തോഷത്തോടെയും അവരുടെ അഭിരുചിക്കനുസരിച്ചും കളികളിൽ ഏർപ്പെടാൻ കഴിയുന്ന വിശാലവും ശിശു സൗഹൃദവുമായ പ്രവർത്തന ഇടങ്ങൾ ഒരുക്കുക എന്നതാണ് വർണക്കൂടാരം മാതൃകാ പ്രീ പ്രൈമറി സ്‌കൂൾ പരിപാടിയിലൂടെ സാക്ഷാത്കരിച്ചിരിക്കുന്നത്. പൊതു വിദ്യാഭ്യാസ മേഖലയ്ക്ക് സംസ്ഥാന സർക്കാർ നൽകുന്ന പരിഗണനയാണ് ഇത്തരം പ്രവർത്തനങ്ങളിലൂടെ കാണാൻ കഴിയുന്നതെന്നും പൊതുവിദ്യാലയങ്ങളുടെ മുഖച്ഛായ തന്നെ മാറ്റിക്കൊണ്ടിരിക്കുന്ന കുട്ടികളുടെ സർഗ പ്രപഞ്ചമാണ് വർണ്ണ കൂടാരം പദ്ധതിയെന്നും വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി.

അന്താരാഷ്ട്ര നിലവാരവും പ്രാദേശിക പ്രസക്തവുമായ പ്രീ സ്‌കൂൾ വിദ്യാഭ്യാസം ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ സമഗ്ര ശിക്ഷാ കേരളം നടപ്പാക്കുന്ന വർണ്ണക്കൂടാരം പദ്ധതിയിൽ ശിശുസൗഹൃദ ഫർണിച്ചറുകൾ, ഔട്ട്‌ഡോർ പ്ലേ മെറ്റീരിയൽസ്, ആകർഷകമായ ചുവർ ചിത്രങ്ങൾ തുടങ്ങി കുട്ടികളുടെ ശാരീരിക-മാനസിക വികാസത്തിന് വേണ്ട ഘടകങ്ങളെല്ലാം ഉൾക്കൊള്ളിച്ചിട്ടുണ്ട്.

പാറശാല ബി.ആർസിക്ക് കീഴിലുള്ള ഗവൺമെന്റ് ഹയർസെക്കണ്ടറി സ്‌കൂൾ ആനാവൂർ, ഗവൺമെന്റ് യു.പി.എസ് മഞ്ചവിളാകം, ഗവൺമെന്റ് എൽ.പി.എസ് ആലത്തോട്ടം, ഗവൺമെന്റ് യു.പി.എസ് കുന്നത്തുകാൽ, ഗവൺമെന്റ് എൽ.പി.എസ് ഇഞ്ചിവിള, കാട്ടാക്കട ബി.ആർ.സിയ്ക്ക് കീഴിലുള്ള ഗവൺമെന്റ് ഹൈസ്‌കൂൾ നെയ്യാർഡാം, ഗവൺമെന്റ് ഹയർസെക്കണ്ടറി സ്‌കൂൾ കീഴാറൂർ എന്നിവിടങ്ങളിലുമാണ് പദ്ധതി ഇപ്പോൾ നടപ്പാക്കുന്നത്.

കുട്ടികളെ വായനയിലേയ്ക്കും എഴുത്തിലും പ്രചോദിപ്പിക്കുന്ന ഭാഷ വികാസ ഇടം, ഗണിതയിടം, വരയിടം, കുഞ്ഞരങ്ങ് (കുട്ടികളുടെ കലാപ്രകടനങ്ങൾക്കുള്ള ആവിഷ്‌ക്കാരയിടം), ആട്ടവും പാട്ടും, ശാസ്ത്രാനുഭവങ്ങൾക്കുള്ള ഇടം, ഹരിതോദ്യാനം, പഞ്ചേന്ദ്രിയാനുഭവയിടം, നിർമ്മാണയിടം, കര കൗശലയിടം, ഇ- ഇടം, കളിയിടം (അകംപുറം) എന്നിങ്ങനെ കുട്ടികളുടെ വികാസമേഖലകളിൽ കഴിവ് ഉറപ്പാക്കാൻ പര്യാപ്തമായ 13 പ്രവർത്തന ഇടങ്ങളാണ് വർണ്ണക്കൂടാരം പദ്ധതിയിലുള്ളത്.

ചടങ്ങിൽ സി.കെ ഹരീന്ദ്രൻ എം.എൽ.എ അധ്യക്ഷനായിരുന്നു. പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് താണുപിള്ള, കുന്നത്തുകാൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ.അമ്പിളി, ജില്ലാ പഞ്ചായത്ത് അംഗം ബിനു, മറ്റ് ജനപ്രതിനിധികൾ, എസ്.എസ്.കെ ജില്ലാ പ്രോഗ്രാം കോ-ഓർഡിനേറ്റർ ജവാദ് എന്നിവരും പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *