കാട്ടാക്കട കോളേജിലെ ആൾമാറാട്ടം: SFI നേതാവിന് മത്സരിക്കാൻ യോഗ്യതയില്ല1 min read

22/5/23

തിരുവനന്തപുരം :കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള പ്രാഥമിക യോഗ്യതയില്ലാത്തതു കൊണ്ട് പിൻ വാതിലിലൂടെ യൂണിവേഴ്സിറ്റി യൂണിയൻ ഭാരവാഹിയാകുവാൻ കാട്ടാക്കട ക്രിസ്ത്യൻ കോളേജിലെ ഒരു SFI പ്രവർത്തകൻ നടത്തിയ  തട്ടിപ്പ് പുറത്തായതാണ് പ്രിൻസിപ്പലിന്റെ സ്ഥാനം തെറിക്കാൻ കാരണമായതും പ്രിൻസിപ്പലും വിദ്യാർത്ഥിയും ക്രിമിനൽ കേസിൽ പ്രതികളായതും.

സുപ്രീംകോടതി അംഗീകരിച്ച ലിങ്ക്ദോ കമ്മീഷൻ വ്യവസ്ഥയനുസരിച്ച് 22 വയസ്സ് പൂർത്തിയായി കഴിഞ്ഞവർ കോളേജ് യൂണിയൻ ഭാരവാഹി തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് വിലക്കിയിട്ടുണ്ട്. വിവാദത്തിൽപ്പെട്ട എ. വൈശാഖ് എന്ന വിദ്യാർത്ഥി തിരുവനന്തപുരത്തെ മറ്റൊരു വിദ്യാലയത്തിൽ മൂന്നുവർഷത്തെ പഠനം കഴിഞ്ഞ് കാട്ടാക്കട ക്രിസ്ത്യൻ കോളേജിൽ വീണ്ടും ഒന്നാംവർഷ ഫിസിക്സ് ഡിഗ്രി കോഴ്സിന് പ്രവേശനം നേടുകയായിരുന്നു.

ഇക്കഴിഞ്ഞ സെപ്റ്റംബറിൽ ഇരുപത്തിനാല് വയസ്സ് പൂർത്തിയായ വിശാഖിന്റെ കൗൺസിലർ സ്ഥാനത്തിനുള്ള നാമനിർദ്ദേശ പത്രിക നിയമപ്രകാരം കോളേജിലെ റിട്ടേണിംഗ് ഓഫീസർ സ്വീകരിക്കില്ലെന്ന് ഉറപ്പായതുകൊണ്ടാണ് മറ്റൊരു വിദ്യാർത്ഥിനിയെ മത്സരിപ്പിച്ചതും പ്രസ്തുത വിദ്യാർഥിനി തെരഞ്ഞെടുപ്പ് ഫല പ്രഖ്യാപനം കഴിഞ്ഞ ഉടൻ രാജിവെച്ചതും. തുടർന്ന് തെരഞ്ഞെടുപ്പിൽ മത്സരിക്കാത്ത വിശാഖിന്റെ പേര് പ്രിൻസിപ്പലിനെ സ്വാധീനത്തിലാക്കി സർവകലാശാല രജിസ്ട്രാറെ രേഖമൂലം അറിയിക്കുകയായിരുന്നു. പ്രിൻസിപ്പലിന്റെ അറിവോടെ നടന്ന ഈ തട്ടിപ്പ് പുറത്തായതോ ടെ പ്രിൻസിപ്പൽ തന്നെ പ്രതികൂട്ടിലാവുകയായിരുന്നു.
( Candidate code number of A Visakh.
23022103036—-
DoB.. 25.09.1998)

യൂണിവേഴ്സിറ്റി യൂണിയൻ തിരഞ്ഞെടുപ്പിന് കൗൺസിലർമാരുടെ വോട്ടർപട്ടിക തയ്യാറാക്കുന്നതിനുമുൻപ് കൗൺസിലർമാരായ വിദ്യാർത്ഥികളുടെ വയസ്സ് ,അവർ യൂണിവേഴ്സിറ്റി പരീക്ഷകൾ പാസ്സായതായ രേഖകൾ എന്നിവ പരിശോധിക്കുകയോ, വോട്ടർ പട്ടിക  സർവ്വകലാശാലയുടെവെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുകയോ ചെയ്യാത്തത് യൂണിവേഴ്സിറ്റി യൂണിയൻ തെരഞ്ഞെടുപ്പിന്റെ വരണാധികാരി കൂടിയായ രജിസ്ട്രാറുടെ ഭാഗത്ത് നിന്നുണ്ടായ ഗുരുതരമായ വീഴ്ചയാണെന്നും ആക്ഷേപമുണ്ട്. ഈ വീഴ്ച വരുത്തിയ രജിസ്ട്രാർ തന്നെയാണ് ഇപ്പോൾ പ്രിൻസിപ്പലിനും വിദ്യാർഥിക്കുമെതിരെ വ്യാജ രേഖ സമർപ്പി ച്ചതിന് പോലീസിൽ പരാതി കൊടുത്തിരിക്കുന്നത്.

അതിനിടെ ആൾമാറാട്ടത്തിലൂടെ കൗൺസിലറുടെ പേര് യൂണിവേഴ്സിറ്റിയിൽ റിപ്പോർട്ട് ചെയ്ത  പ്രിൻസിപ്പലിനെ യൂണിവേഴ്സിറ്റിയുടെ നിർദ്ദേശപ്രകാരം മാനേജ്മെൻറ് സസ്പെൻഡ് ചെയ്തു. മറ്റൊരു അധ്യാപകന് പ്രിൻസിപ്പലിന്റെ ചുമതല നൽകി.

സംഘടനാ പ്രവർത്തനത്തിനും തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനും വേണ്ടി മാത്രമായി ഡിഗ്രി കോഴ്സിന് പ്രവേശനം നേടുന്ന വിദ്യാർത്ഥികൾ ഒരു കോളേജിൽ ഡിഗ്രി കാലയളവ് പൂർത്തിയാക്കിയ ശേഷം യൂണിവേഴ്സിറ്റിയുടെ അനുമതിയോടെ വീണ്ടും മറ്റൊരു കോളേജിൽ ഡിഗ്രി കോഴ്സിന് ചേരുന്നത് ഈയടുത്തകാലത്ത് വ്യാപകമായിരിക്കുകയാണ്.കൂടുതൽ പേരും മാനേജ്മെൻറ് സീറ്റിലാണ് പ്രവേശനം നേടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *