സ്വപ്നയും സന്ദീപും എങ്ങനെ കേരളം വിട്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം: കെ.സുരേന്ദ്രൻ1 min read

കാസര്‍കോട്: സ്വര്‍ണ്ണകള്ളക്കടത്ത് കേസില്‍ പിടിയിലായ സ്വപ്നയും സന്ദീപും ട്രിപ്പിള്‍ ലോക് ഡൗണ്‍ നിലനില്‍ക്കുന്ന തിരുവന്തപുരത്ത് നിന്ന് പുറപ്പെട്ട് എങ്ങനെ കേരളം വിട്ടെന്ന് വ്യക്തമാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തയ്യാറാകണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. ബംഗ്‌ളൂരില്‍ സിപിഎമ്മിന് സ്വാധീനമുള്ള പ്രദേശത്താണ് ഇവര്‍ ഒളിവില്‍ താമസിച്ചിരുന്നത്. മുഖ്യമന്ത്രിയുടെ മകളുടെ ഓഫീസില്‍ നിന്ന് 200 മീറ്ററര്‍ ചുറ്റളവില്‍ ഇവര്‍ കഴിഞ്ഞിരുന്ന മേഖലയില്‍ കേരളത്തില്‍ നിന്നുള്ള നിരവധി സിപിഎം പ്രവര്‍ത്തകര്‍ക്ക് വ്യാപാര സ്ഥാപനങ്ങളും മറ്റുമുണ്ട്. കേരള പോലീസിന്റെയും സിപിഐഎമ്മിന്റെയും സഹായം ഇവര്‍ക്ക് ലഭിച്ചിട്ടുണ്ട്. ഇല്ലാതെ ഇവര്‍ക്ക് അതിര്‍ത്തി കടന്ന് ഇത്രദൂരം സഞ്ചരിക്കാനാവില്ല. കള്ളക്കടത്തുമായി നേരത്തെ തന്നെ സിപിഐഎം ലീഗ് സഹകരണം ഉണ്ടായിട്ടുണ്ട്. കുഞ്ഞാലിക്കുട്ടിയെ എല്ലാ കേസിലും സംരക്ഷിച്ചത് പിണറായിയാണെന്നും കള്ളക്കടത്തില്‍ ലീഗും സിപിഐഎമ്മും പരസ്പര സഹായ സഹകരണ സംഘമാണെന്നും കെ.സുരേന്ദ്രന്‍ കാസര്‍കോട് മാധ്യമങ്ങളോട് പറഞ്ഞു.

അന്വേഷണം മുന്നോട്ട് പോകുന്തോറും കള്ളക്കടത്തിന് പിന്നില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനുള്ള പങ്ക് കൂടുതല്‍ തെളിഞ്ഞുവരികയാണ്. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കറിന് പ്രതികളുമായി ബന്ധമുണ്ടെന്നതിന്റെ പേരിലാണ് മാറ്റി നിര്‍ത്തിയിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസ് സംശത്തിന്റെ കരിനിഴലിലാണ്. ചെക്ക് പോസ്റ്റുകളിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ സഹായിച്ചവരെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭിക്കും. സരിത കേസില്‍ ഉമ്മന്‍ ചാണ്ടിയെ വെള്ളപൂശാനായി തനിക്ക് പിതൃതുല്യനാണ് ഉമ്മന്‍ചാണ്ടിയെന്ന് പറയിച്ചത് പോലെ സ്വര്‍ണ്ണകള്ളക്കടത്ത് കേസില്‍ സംഭവിച്ചില്ലെന്നേയുള്ളു. സ്വപ്നയുടെ ശബ്ദരേഖ പുറത്ത് വന്നതിന് പിന്നില്‍ സിപിഎമ്മിന്റെ സഹായമുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസിനെ വെള്ളപൂശാനുള്ള ശ്രമങ്ങളാണ് സിപിഎം നടത്തി കൊണ്ടിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *