ശിവശങ്കറിന്റെ ആരോഗ്യ നില തൃപ്തികരം ;കസ്റ്റംസ് ആശുപത്രിയിൽ എത്തി1 min read

തിരുവനന്തപുരം :ശിവശങ്കറിന്റെ അൻജിയോഗ്രാം കഴിഞ്ഞു. ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. കസ്റ്റംസ് സംഘം ആശുപത്രി പരിസരത്ത് നിലയുറപ്പിച്ചിരിക്കുന്നു. തത്വത്തിൽ കസ്റ്റംസ് നിരീക്ഷണത്തിൽ ആണ് ശിവശങ്കർ എന്ന് പറയാം.

ഇസിജിയില്‍ വ്യത്യാസമുള്ളതുകൊണ്ടാണ് ആന്‍ജിയോ ഗ്രാം നടത്താന്‍ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചത്. എന്നാല്‍ ശിവശങ്കറിന്റെ ആരോഗ്യനിലയില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ഡോക്ടര്‍മാര്‍ കസ്റ്റംസിനെ അറിയിച്ചത്.ഇതിനുശേഷം ഡോക്ടര്‍മാര്‍ ശിവശങ്കറിന്റെ ആരോഗ്യനിലയെക്കുറിച്ച് നല്‍കുന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാകും കസ്റ്റംസ് തുടര്‍നടപടികള്‍ സ്വീകരിക്കുന്നത്. കാര്‍ഡിയാക് ഐസിയുവിലാണ് അദ്ദേഹം ഇപ്പോഴുള്ളത്. എത്രനാള്‍ ഇവിടെ അദ്ദേഹം തുടരുമെന്നതില്‍ വ്യക്തതയില്ല.

ഇന്നലെ വൈകുന്നേരം ചോദ്യം ചെയ്യാനായി കസ്റ്റംസ് ഉദ്യോഗസ്ഥര്‍ വാഹനത്തില്‍ കൊണ്ടുപോകുമ്പോഴാണ് ശിവശങ്കറിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ശിവശങ്കറിന്റെ ആരോഗ്യനിലയെ കുറിച്ച് ഇന്ന് വിശദമായ മെഡിക്കല്‍ ബുള്ളറ്റിനും ആശുപത്രി അധികൃതര്‍ പുറത്തിറക്കും.

സ്വര്‍ണ്ണക്കടത്ത് കേസില്‍ കസ്റ്റംസ് ചോദ്യം ചെയ്യാന്‍ കൊണ്ടുപോകുന്നതിനിടെ ആണ് മുഖ്യമന്ത്രിയുടെ എം ശിവശങ്കറിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. കേസില്‍ ശിവശങ്കറിനെതിരെ നിര്‍ണ്ണായകവിവരങ്ങള്‍ ലഭിച്ച കസ്റ്റംസ് അറസ്റ്റിനൊരുങ്ങുന്നതിനിടെയാണ് ദേഹാസ്വാസ്ഥ്യം ഉണ്ടായത്. ഇതുവരെ പല തവണ ചോദ്യം ചെയ്യലിന് ശിവശങ്കര്‍ ഹാജരായത് സ്വന്തം വാഹനത്തിലാണ്. എന്നാല്‍ വെള്ളിയാഴ്ച അദ്ദേഹത്തെ വിളിപ്പിച്ചപ്പോള്‍ കസ്റ്റംസ് വാഹനത്തിലാണ് കൊണ്ടുപോയത്. ശനിയാഴ്ചയും ഞായറാഴ്ചയും അവധിദിനങ്ങളായതിനാല്‍ കസ്റ്റംസ് അറസ്റ്റിലേക്ക് നീങ്ങിയിരുന്നെങ്കില്‍ ശിവശങ്കറിന് ജാമ്യം ലഭിക്കുമായിരുന്നില്ല.

സ്വര്‍ണ്ണക്കടത്ത് കേസില്‍ വെള്ളിയാഴ്ച വൈകീട്ടോടെയാണ് നാടകീയനീക്കങ്ങളുണ്ടായത്. കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണര്‍ രാമമൂര്‍ത്തിയുടെ നേതൃത്വത്തിലുള്ള സംഘം പൂജപ്പുരയിലെ ശിവശങ്കറിന്റെ വീട്ടിലെത്തി ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുകയായിരുന്നു. കസ്റ്റംസ് വാഹനത്തില്‍ തന്നെ വരണമെന്നായിരുന്നു ഉദ്യോഗസ്ഥരുടെ നിലപാട്. വാഹനത്തില്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം കസ്റ്റംസ് ഓഫീസിലേക്ക് പോകുന്നതിനിടെ ജഗതിയില്‍ വെച്ചാണ് ശിവശങ്കറിന് ദേഹാസ്വാസ്ഥ്യം ഉണ്ടാകുന്നത്. കസ്റ്റംസ് വാഹനത്തിന്റെ ഡ്രൈവര്‍ രക്തസമ്മര്‍ദ്ദത്തിന്റെ മരുന്ന് വാങ്ങാന്‍ മെഡിക്കല്‍ ഷോപ്പിലേക്ക് പോയപ്പോള്‍ വീണ്ടും അസ്വസ്ഥത കൂടി. ആദ്യം ഇടപ്പഴഞ്ഞിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകാനായിരുന്നു ശ്രമം. ശിവശങ്കര്‍ ആവശ്യപ്പെട്ടത് അനുസരിച്ചാണ് കരമനയിലെ പിആര്‍എസ് ആശുപത്രിയിലേക്ക് മാറ്റിയത്.

Leave a Reply

Your email address will not be published. Required fields are marked *