മാന്നാർ: നിറപറയും നിലവിളക്കുമായി ക്ഷേത്രനടകളിൽ നബിദിനറാലിക്ക് നൽകിയ സ്വീകരണം ഹിന്ദു-മുസ്ലിം മതമൈത്രിയുടെ മാതൃകയായി. മാന്നാറിൽ മുസ്ലിം ജമാഅത്ത് കമ്മിറ്റി നടത്തിയ നബിദിന റാലിക്കാണ് തൃക്കുരട്ടി മഹാദേവക്ഷത്രത്തിലും കുരട്ടിശ്ശേരി ഭദ്രകാളി ക്ഷേത്രത്തിലും സ്വീകരണം നൽകിയത്. ഇത് ഏഴാം വർഷമാണ് തൃക്കുരട്ടി മഹാദേവ ക്ഷേത്രത്തിൽ ഉപദേശക സമിതിയും തൃക്കുരട്ടി മഹാദേവസേവാ സമിതിയും ചേർന്ന് നബിദിന റാലിയെ വരവേൽക്കുന്നത്. കുരട്ടിശ്ശേരി ഭദ്രകാളി ക്ഷേത്രത്തിൽ ആദ്യമായാണ് സ്വീകരണം. റാലി നയിച്ച പള്ളി ഇമാമിനെയും ജമാഅത്ത് ഭാരവാഹികളെയും പൂച്ചെണ്ടും ഷാളും നൽകിയാണ് തൃക്കുരട്ടി മഹാദേവ ക്ഷേത്ര കവാടത്തിൽ വരവേറ്റത്.പുത്തൻ പള്ളിയിലെ നമസ്കാരത്തിനുശേഷമാണ് നബിദിനറാലി പുറപ്പെട്ടത്. മഴയെ അവഗണിച്ചു നീങ്ങിയ റാലിയെ തൃക്കുരട്ടി ക്ഷേത്രഭാരവാഹികൾ മഴ നനഞ്ഞുതന്നെ സ്വീകരിച്ചു. പടിഞ്ഞാറെ ഗോപുരനടയിലായിരുന്നു സ്വീകരണം. മാന്നാറിലെ ഈ സാഹോദര്യം മാനവരുള്ളിടത്തോളം കാലം നിലനിൽക്കണമെന്ന് പ്രഭാഷണത്തിൽ പുത്തൻ പള്ളി ഇമാം എം.എ. മുഹമ്മദ് ഫൈസി പറഞ്ഞു. തുടർന്ന് കുരട്ടിശ്ശേരിയിലമ്മ ക്ഷേത്രഭാരവാഹികളും റാലിക്ക് സ്വീകരണം നൽകി.പഞ്ചായത്ത് പ്രസിഡന്റ് പ്രമോദ് കണ്ണാടിശ്ശേരിൽ, ജമാഅത്ത് ഭാരവാഹികളായ എൻ.എ. റഷീദ്, എ.എ. കലാം, ടി. മുഹമ്മദ് ഇക്ബാൽ കുഞ്ഞ്, ക്ഷേത്ര ഭാരവാഹികളായ ബിജു ചിറ്റക്കാട്ട്, കലാധരൻ കൈലാസം, അനിരുദ്ധൻ, സജി കുട്ടപ്പൻ തുടങ്ങിയവർ നേതൃത്വം നൽകി.
2019-11-11