ദുരിതാശ്വാസ നിധിയുടെ ദുർവിനിയോഗം- മുഖ്യമന്ത്രിയും മുൻ മന്ത്രിമാരും പ്രതിയായ കേസ് ;വിധി പ്രഖ്യാപിക്കാൻ വൈകരുതെന്ന് ആവശ്യപെട്ട് ഹൈക്കോടതി നിർദ്ദേശത്തിൻ പ്രകാരം ലോകയുക്തയിൽ പരാതി ഫയൽ ചെയ്തു1 min read

24/3/23

തിരുവനന്തപുരം :മുഖ്യമന്ത്രി പിണറായി വിജയനേയും 18 മന്ത്രിമാരേയും പ്രതിയാക്കി
ദുരിതാശ്വാസനിധിയുടെ ദുർവിനിയോഗം സംബന്ധിച്ച് ലോകായുക്തയിൽ ഫയൽ ചെയ്ത പരാതിയിൽ വാദം പൂർത്തിയായിട്ട് ഒരു വർഷം പിന്നിട്ടിട്ടും വിധിപ്രഖ്യാപിക്കാത്തതിനാൽ,മധ്യവേനൽ അവധിക്ക് കോടതി അടയ്ക്കുന്നതിനകം വിധി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പരാതി ലോകയുക്തയിൽ ഇന്ന് ഫയൽ ചെയ്തു.

ലോകയുക്തയ്ക്ക് വിധി പ്രഖ്യാപിക്കാൻ നിർദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം ഹൈക്കോടതിയിൽ ഫയൽ ചെയ്ത ഹർജ്ജിയിൽ പ്രാഥമിക വാദം കേട്ട ചീഫ് ജസ്റ്റിസ് എസ്സ്.മണികുമാർ അധ്യക്ഷനായ ബെഞ്ച്, ഒരു ഭരണ ഘടന സ്ഥാപനമായ ലോകയുക്തയ്ക്ക് ഇപ്പോൾ നിർദ്ദേശം നൽകുന്നത് ഉചിതമല്ലെന്നും ഹർജ്ജി ക്കാരന് നേരിട്ട് ലോകയുക്തയ്ക്ക് പരാതി നൽകാവുന്നതാണെന്ന് വാക്കാൽ നടത്തിയ നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ് ഇന്ന് ലോകയുക്തയ്ക്ക് പരാതി ഫയൽ ചെയ്തത്.

ഹൈക്കോടതി, ഹർജ്ജി ഏപ്രിൽ 3 ന് വീണ്ടും പരിഗണിക്കും.

തിരുവനന്തപുരം നേമം സ്വദേശിയും കേരള സർവ്വകലാശാല മുൻ സിൻഡിക്കേറ്റ് അംഗവുമായ
R S. ശശികുമാർ, അഡ്വ പി. സുബൈർ കുഞ്ഞ് മുഖേനയാണ് ഇന്ന് ലോകയുക്തയിൽ ഹർജ്ജി ഫയൽ ചെയ്തത്.

2022 ഫെബ്രുവരി 5 ന് ലോകയുക്തയിൽ വാദം ആരംഭിച്ച ഹർജിയിൽ മാർച്ച് 18ന് വാദം പൂർത്തിയായിരുന്നു. ഹർജ്ജിയിന്മേലുള്ള
വാദത്തിനിടെ ലോകാ യുക്തനിയമം പതിനാലാം വകുപ്പ് ഭേദഗതി ചെയ്തുകൊണ്ട് സർക്കാർ ഓർഡിനൻസ് പുറപ്പെടുവിച്ചിരുന്നു.

ഓർഡിനൻസിന് പകരമുള്ള ബില്ല് നിയമസഭ പാസ്സാക്കിയെങ്കിലും ഗവർണർ ഒപ്പ് വയ്ക്കാൻ വിസമ്മതിച്ചതോടെ നിലവിലെ ലോകയുക്തയിലെ, പതിനാലാം വകുപ്പ് പുനസ്ഥാപിക്കപ്പെട്ടിരിക്കുകയാണ്.

ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫും, ഉപലോകയുക്ത ജസ്റ്റിസ് ഹാറൂൺ- ഉൽ-റഷീദും ഉൾപ്പെട്ട ബെഞ്ചാണ് ദുരിതാശ്വാസ നിധിയുടെ ദുരുപയോഗം സംബന്ധിച്ച ഹർജ്ജിയിൽ വാദം കേട്ടത്.

ആറുമാസത്തിനുള്ളിൽ ഹർജ്ജിയിൽ വിധി പറയണമെന്ന് സുപ്രീം കോടതിയുടെ നിരീക്ഷണം ഉണ്ടെങ്കിലും ഒരു വർഷം പിന്നിട്ടിട്ടും ഇതേവരെ വിധി പറയുവാൻ ലോകായുക്ത തയ്യാറായിട്ടില്ല.

എൻസിപി നേതാവായിരുന്ന പരേതനായ ഉഴവൂർ വിജയൻറെ മക്കളുടെ വിദ്യാഭ്യാസ ചെലവുകൾക്ക് 25 ലക്ഷം രൂപയും, പരേതനായ ചെങ്ങന്നൂർ എംഎൽഎ രാമചന്ദ്രൻ നായരുടെ മകന് അസിസ്റ്റൻറ് എൻജിനീയർ ആയി ജോലിക്ക് പുറമേ ഭാര്യയുടെ സ്വർണ്ണ പണയം തിരിച്ചെടുക്കുന്നതിനും കാർ വായ്പ്പക്കുമായി എട്ടര ലക്ഷം രൂപയും, സിപിഎം സെക്രട്ടറിയായിരുന്ന പരേതനായ കോടിയേരി ബാലകൃഷ്ണന്റെ പൈലറ്റ് വാഹനം അപകടത്തിൽപെട്ട് മരണപ്പെട്ട സിവിൽ പോലീസ് ഓഫീസറുടെ ഭാര്യയ്ക്ക് സർക്കാർ ഉദ്യോഗത്തിനും മറ്റ് ആനു കൂല്യങ്ങൾക്കും പുറമേ 20 ലക്ഷം രൂപയും ദുരിതാശ്വാസനിധിയിൽ നിന്ന് യാതൊരു പരിശോധനയും മന്ത്രിസഭ കുറിപ്പും കൂടാതെ നൽകിയത് ദുരിതാശ്വാസ നിധിയുടെ ദുർവിനി യോഗമാണെന്നും, ഈ തുക മന്ത്രിസഭാ യോഗത്തിൽ പങ്കെടുത്തവരിൽ നിന്നും ഈടാക്കണമെന്നും ഇവരെ
അയോഗ്യരാക്കണമെന്നുമാവശ്യപെട്ടായിരുന്നു 2018 ൽ ലോകയുക്തയിൽ പരാതി നൽകിയിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *