വിടപറഞ്ഞത് നാടൻ പാട്ടിന്റെ കൂട്ടുകാരൻ1 min read

*ഓർമ്മ കുറിപ്പ്……ജനചിന്ത പ്രേം…*

ദീപു.. എന്നും എനിക്ക് പ്രിയപ്പെട്ടവനായിരുന്നു. യൂണിവേഴ്സിറ്റി കോളേജിന്റെ അകത്തളങ്ങളിൽ ഒതുങ്ങിക്കൂടിയ പ്രകൃതത്തിൽ കാണപ്പെടുന്ന കറുത്ത മെലിഞ്ഞ ഒരു പയ്യൻ അതായിരുന്നു ദീപു.

 

 

 

 

 

 

 

 

വളരെ ചുരുക്കം ചില സമയങ്ങളിൽ മാത്രമേ ദീപു ക്ലാസ്സിൽ എത്താറുണ്ടായിരുന്നുള്ളൂ. ആരുമായും അധികം കൂട്ട് കൂടാറില്ല വരുന്ന ദിവസങ്ങളിൽ കോളേജ് കാന്റീനിൽ നിന്ന് ലഭിക്കുന്ന പത്തു രൂപയുടെ വെജിറ്റബിൾ ബിരിയാണി ഒന്നിച്ച് കഴിക്കാനായി എന്നെയും കൊണ്ടു നടക്കുന്നത് എനിക്ക് ഓർമ്മയിലുണ്ട്, ക്ലാസിൽ വരുന്ന ദിവസം പൊതുവേ ഒഴിഞ്ഞ പുറകിലത്തെ ബഞ്ചിൽ ഇരിക്കും. അന്ന് പഠിക്കുന്ന കുട്ടികളിൽ ദീപുവിനും, എനിക്കും, പ്രായം അല്പം കൂടുതൽ ആയിരുന്നതിനാൽ . ഒരു കാരണവർ ഭാവം ദീപു കാണിച്ചിരുന്നു.

ഞാൻ അങ്ങനെ ആയിരുന്നില്ല, ദീപു ഒരിക്കൽ എന്നെ ഉപദേശിച്ചു, പ്രായം നമ്മളെ തളർത്താൻ പാടില്ല ദീപു.. നമുക്ക് കിട്ടുന്ന നല്ല ദിവസങ്ങൾ ആസ്വദിക്കാൻ ഞാൻ അവനോട് പറഞ്ഞു. പിന്നീട് അവൻ ക്ലാസിലെ കുട്ടികളുമായി സൗഹൃദം സ്ഥാപിച്ചു.

നാടൻപാട്ടുകൾ അസാധ്യമായി ദീപു പാടുമായിരുന്നു. എനിക്ക് നാടൻപാട്ട് അറിയില്ല, മലയാളം ഡിപ്പാർട്മെന്റിൽ നിന്നും ഓഫീസിൽ പോകുന്ന വഴിയിൽ പൊളിറ്റിക്സ് ക്ലാസ്സിനടുത്തു മരത്തണലിൽ ഇരുന്ന് ദീപു എന്നെ നാടൻപാട്ട് പഠിപ്പിക്കാൻ ശ്രമിച്ചു. ഒടുവിൽ ദീപു തോറ്റു. പിന്നെ ഇടയ്ക്കിടയ്ക്ക് കോളേജിൽ വരുമ്പോൾ എന്നെയും വിളിച്ചുകൊണ്ടു ക്യാമ്പസ്‌ മുഴുവൻ നടക്കും, അപ്പോഴും അവന്റെ ചുണ്ടിൽ നാടൻപാട്ട് ഉണ്ടാകും. ദീപു സിനിമപാട്ടുപാടി ഞാൻ കേട്ടിട്ടില്ല, എന്നാലും എന്നെകൊണ്ട് “പൂങ്കാറ്റിനോടും കിളികളോടും “എന്ന ഗാനം ഒരുപാടുതവണ പാടിച്ചിട്ടുണ്ട്.

2005-ൽ കോളേജിൽ നിന്നിറങ്ങിയ ശേഷം കുറേ വർഷങ്ങൾ അവനെ കുറിച്ച് ഒന്നും അറിയില്ലായിരുന്നു. ഇടക്ക് എപ്പോഴോ എന്നെ വിളിച്ചു. കുറേ വഴക്ക് പറഞ്ഞു. സ്വന്തമായി നാടൻപാട്ട് സംഘം ഉണ്ടെന്നും പ്രോഗ്രാമൊക്കെ നടക്കുന്നു എന്നും അറിയിച്ചു.പിന്നീട് ഒരുദിവസം അവന്റെ അനുജൻ മരണപെട്ട വിവരം അറിയിക്കാനും വിളിച്ചു.

 

കഴിഞ്ഞ ആഴ്ച രാവിലെ 7മണിക്ക് എന്നെ വിളിച്ചു. നെയ്യാറ്റിൻകരയിൽ ഒരു പ്രോഗ്രാം ഉണ്ടായിരുന്നു, രാത്രി ആയതുകൊണ്ട് വിളിച്ചില്ല, അടുത്ത തവണ പ്രോഗ്രാമിന് എന്റെ വീട്ടിൽ വരാമെന്നും, ഞങ്ങളുടെ സഹപാഠിയായ നിയാസ് നാട്ടിൽ വരുമ്പോൾ ദീപുവിനെ വിളിക്കണം, എല്ലാപേരെയും ഒന്നുകാണണം എന്നും പറഞ്ഞു അവസാനിപ്പിച്ചു. ഇതായിരുന്നു അവനുമായുള്ള അവസാനത്തെ സംഭാഷണം.

 

 

 

 

 

 

 

 

പഴയ കോളേജ് കൂട്ടുകാരിൽ വിളിക്കാറുള്ളത് എന്നെ മാത്രമാണെന്ന് അവൻ പറഞ്ഞിരുന്നു. ഒടുവിൽ ഒരുനാൾ നിയാസ് നാട്ടിൽ വന്നപ്പോൾ മ്യൂസിയത്തിൽ വച്ചു നാടൻപാട്ട് പാടി ഞങ്ങളെ രസിപ്പിച്ച ദീപു ഇനിയില്ല എന്നത് താങ്ങാനാവുന്നതിലും വലിയ വേദനയാണ്.

ജീവിച്ചു കൊതിതീരും മുൻപേ.. വിധി കവർന്നെടുത്ത ഞങ്ങളുടെ പ്രീയ സുഹൃത്തേ… നീ പാടിയ പാട്ടുകളിലൂടെ…. നീ.. നൽകിയ കലാലയ ഓർമ്മകളിലൂടെ… എന്നും.. എന്നും… ജീവിക്കും….

Leave a Reply

Your email address will not be published. Required fields are marked *