മുഖ്യമന്ത്രിയുടെ ഇഫ്താർ വിരുന്നിൽ ലോകയുക്ത -ഉപ ലോകയുക്ത പങ്കെടുത്തത് ജുഡീഷ്യറിയിലുള്ള വിശ്വാസം നഷ്ടപെടുത്തിയെന്ന് ആർ. എസ്. ശശികുമാർ1 min read

8/4/23

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ ഇഫ്താര്‍ വിരുന്നില്‍ ലോകായുക്തയും ഉപലോകായുക്തയും പങ്കെടുത്തെത് ഹര്‍ജിക്കാരനെന്ന നിലയില്‍ തനിക്ക് ജുഡീഷ്യറിയില്‍ വിശ്വാസം നഷ്ടപ്പെടാനിടയാക്കിയെന്ന് ദുരിതാശ്വാസനിധി ദുരുപയോഗക്കേസിലെ ഹര്‍ജിക്കാരനായ ആര്‍ എസ് ശശികുമാര്‍.

കഴിഞ്ഞ ചൊവ്വാഴ്‌ചയായിരുന്നു മുഖ്യമന്ത്രി ഇഫ്‌താര്‍ വിരുന്ന് സംഘടിപ്പിച്ചത്. പ്രതിപക്ഷ നേതാവ് അടക്കം വിരുന്നില്‍ പങ്കെടുത്തിരുന്നു.

സര്‍ക്കാര്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ ലോകായുക്ത‌യുടെയും പേരുണ്ടായിരുന്നില്ല. വിരുന്നിലേയ്ക്ക് ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫിനെയും ഉപലോകായുക്ത ജസ്റ്റിസ് ഹാറൂണ്‍ റഷീദിനെയും ക്ഷണിച്ചെന്നും ഇരുവരും പങ്കെടുത്തുവെന്നുമാണ് ആരോപണം. മുഖ്യമന്ത്രിയ്ക്ക് താത്‌കാലിക ആശ്വാസം നല്‍കുന്ന വിധിയ്ക്ക് നന്ദി സൂചിപ്പിക്കുന്നതിന് സമാനമായാണ് ലോകായുക്തയെയും ഉപലോകായുക്തയെയും വിരുന്നില്‍ ക്ഷണിച്ചതെന്ന് ആ‌ര്‍ എസ് ശശികുമാര്‍ പറഞ്ഞു. ക്ഷണിച്ചാല്‍ പോലും ഇരുവരും ചടങ്ങില്‍ നിന്ന് വിട്ടുനില്‍ക്കേണ്ടതായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മുഖ്യമന്ത്രി നടത്തിയ ഇഫ്താര്‍ വിരുന്നില്‍ ലോകായുക്തയുടെയും ഉപലോകായുക്തയുടെയും സാന്നിദ്ധ്യം നീതിബോധത്തെ ചോദ്യം ചെയ്യുന്നതും അനൗചിത്യവുമാണെന്ന് എന്‍ കെ പ്രേമചന്ദ്രന്‍ എം പിയും കഴിഞ്ഞ ദിവസം കുറ്റപ്പെടുത്തിയിരുന്നു .ഇത് സ്വതന്ത്ര ഭാരതത്തില്‍ ഭരണകര്‍ത്താക്കളും ന്യായാധിപന്മാരും പാലിച്ചുവന്ന സ്വയം നിയന്ത്രണങ്ങള്‍ക്കും കീഴ്വഴക്കങ്ങള്‍ക്കും വിരുദ്ധമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

‘ലോകായുക്ത പരിഗണിക്കുന്ന കേസിലെ കക്ഷിയായ മുഖ്യമന്ത്രി വാദം കേള്‍ക്കുന്ന ന്യായാധിപന്മാരെ അതിഥികളായി ക്ഷണിച്ചതിലും അവര്‍ ആതിഥേയത്വം സ്വീകരിച്ചതിലും അസ്വാഭാവികതയുണ്ട്. ലോകായുക്തയുടെ ഉത്തരവിന്മേല്‍ ഉന്നതനീതിപീഠങ്ങളില്‍ നിന്ന് പരിഹാരം നേടാന്‍ കക്ഷികള്‍ ശ്രമിക്കുന്നതിനിടയിലാണ് ഈ ഒത്തുകൂടല്‍. ന്യായാധിപന്മാര്‍ പാലിക്കേണ്ട അച്ചടക്കം ലോകായുക്തയും ഉപലോകായുക്തയും പാലിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കണം. വിരുന്നില്‍ അതിഥികളായി എത്തിയവര്‍ മുഖ്യമന്ത്രിയുടെ പേരിലുളള കേസില്‍ വാദം കേള്‍ക്കുന്നതും വിധി പ്രസ്താവിക്കുന്നതും യുക്തിരഹിതമാണ്. നീതിബോധത്തെക്കുറിച്ചുള്ള പൊതുധാരണ അട്ടിമറിക്കുന്നതാണ് ലോകായുക്തയുടെ നിലപാടെന്ന്  പ്രേമചന്ദ്രന്‍ എം. പി.പറഞ്ഞു .

ദുരിതാശ്വാസ നിധി വകയിരുത്തല്‍ സംബന്ധിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന് എതിരായ കേസില്‍ ലോകായുക്തയുടെ വ്യത്യസ്ത വിധിയെത്തുടര്‍ന്ന് അന്തിമവിധിക്കായി പരാതി ഫുള്‍ ബെഞ്ചിന് വിട്ടിരിക്കുകയാണ്. മൂന്നംഗ ബെഞ്ച് വീണ്ടും വിശമായ വാദം കേട്ട ശേഷമാകും വിധി പറയുക. ഇതിനുള്ള തീയതിയും പിന്നീട് പ്രഖ്യാപിക്കും. കേസിലെ വിധി സംബന്ധിച്ച്‌ ലോകായുക്ത ജസ്റ്റിസ് സിറിയക്ക് ജോസഫ്, ജസ്റ്റിസ് ഹാറൂണ്‍ അല്‍ റഷീദ് എന്നിവര്‍ക്കിടയില്‍ ഭിന്നത ഉണ്ടായതോട‌െയാണ് കേസ് ഫുള്‍ ബെഞ്ചിന് വിടാന്‍ തീരുമാനിച്ചത്.പരാതിക്കാരൻ നൽകിയ പുനപരിശോധന ഹർജി 12ന് പരിഗണിക്കും.

Leave a Reply

Your email address will not be published. Required fields are marked *