ഫെഡറലിസമാണ് രാജ്യത്തിന്റെ കരുത്ത് :മുഖ്യമന്ത്രി പിണറായി വിജയൻ1 min read

15/8/22

തിരുവനന്തപുരം :ഫെഡറലിസമാണ് രാജ്യത്തിന്റെ കരുത്തെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.ഫെഡറലിസം സംരക്ഷിക്കേണ്ടത് കടമയാണെന്നും,   മതനിരപേക്ഷയും നാടിന്റെ കരുത്താണെന്നും മുഖ്യമന്ത്രി പറഞ്ഞു.

രാജ്യത്തിന്റെ 76ആം സ്വാതന്ത്ര്യദിനാഘോഷത്തിന് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ദേശീയ പതാക ഉയർത്തി തുടക്കം കുറിക്കുകയായിരുന്നു അദ്ദേഹം.സ്വാതന്ത്ര്യ ദിന പരേഡില്‍ മുഖ്യമന്ത്രി വിവിധ സേനാ വിഭാഗങ്ങളുടെ ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിച്ചു.

ധീര രാജ്യസ്നേഹികളെ അനുസ്മരിച്ചല്ലാതെ മുന്നോട്ടു പോകാനാകില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഫെഡറലിസം രാജ്യത്തിന്റെ നിലനില്‍പ്പിന്റെ അടിസ്ഥാന ഘടകമാണ്. സാമ്പത്തിക  രംഗത്തുള്‍പ്പെടെ ആ നിലപാട് സ്വീകരിച്ച്‌ മുന്നോട്ടുപോകുന്നത് പ്രധാനമാണ്. സ്വാതന്ത്ര്യ പ്രസ്ഥാനം എല്ലാ മതവിശ്വാസികളെയും അല്ലാത്തവരെയും ഉള്‍ക്കൊള്ളുന്ന ജനമുന്നേറ്റമായിരുന്നു. അതാണ് മതനിരപേക്ഷയുടെ അടിസ്ഥാന കാഴ്ച്ചപ്പാടുകള്‍ ഭരണഘടനയ്ക്ക് സംഭാവന ചെയ്തത്. ഈ യാഥാര്‍ഥ്യത്തെ മറന്നു കൊണ്ടുള്ള നിലപാട് രാജ്യത്തിനായി പൊരുതിയവരുടെ സ്വപ്നങ്ങള്‍ തല്ലിക്കെടുത്തുന്നതിന് തുല്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. വര്‍ഗീയ സംഘര്‍ഷം ഇല്ലാത്ത നാടായി ഈ നാടിനെ മാറ്റാന്‍ കഴിഞ്ഞത് നമുക്ക് അഭിമാനമാണെന്നും അദ്ദേഹം പറഞ്ഞു.

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്‌ ഖാന്‍ രാജ്ഭവനിലും നിയമസഭാങ്കണത്തില്‍ സ്പീക്കര്‍ എം.ബി രാജേഷും പതാക ഉയര്‍ത്തി. വിവിധ ജില്ലാ ആസ്ഥാനങ്ങളില്‍ മന്ത്രിമാര്‍ ദേശീയ പതാക ഉയര്‍ത്തി അഭിവാദ്യം സ്വീകരിച്ചു.

പത്തനംതിട്ട ജില്ലയിൽ പതാക നിവരാത്തത് കാരണം തിരിച്ചിറക്കേണ്ടി വന്നു. മന്ത്രി വീണാ ജോർജാണ് ആഘോഷങ്ങൾക്ക് നേതൃത്വം നൽകിയത്.

Leave a Reply

Your email address will not be published. Required fields are marked *