ഈ വർഷത്തെ സെൻട്രൽ യൂറോപ്യൻ യൂണിവേഴ്‌സിറ്റി ഓപ്പൺ സൊസൈറ്റി പുരസ്‌കാരം കെ.കെ ശൈലജയ്ക്ക്1 min read

തിരുവനന്തപുരം :ഈ വർഷത്തെ സെൻട്രൽ യൂറോപ്യൻ യൂണിവേഴ്‌സിറ്റി ഓപ്പൺ സൊസൈറ്റി പുരസ്‌കാരം മുൻ ആരോഗ്യ മന്ത്രി കെ.കെ ശൈലജയ്ക്ക്. സമൂഹത്തിലെ മാതൃകാപരവും അസാധാരണവുമായ പ്രവർത്തന മികവിന് സെൻട്രൽ യൂറോപ്യൻ യൂണിവേഴ്‌സിറ്റി ഏർപ്പെടുത്തിയിരിക്കുന്ന അന്തരാഷ്ട്ര പുരസ്‌കാരമാണ് ഇത്.

മന്ത്രിയെന്ന നിലയിൽ പൊതുജന ആരോഗ്യമേഖലയെ കൊവിഡ് പ്രതിരോധത്തിന് ഫലപ്രദമായി ഉപയോഗിച്ച് നിരവധി ജീവനുകൾ രക്ഷിക്കാനായത് കെ.കെ ശൈലജയുടെ മികവാണെന്ന് സിഇയു പ്രസിഡന്റ് മൈക്കിൾ ഇഗ്‌നാഷീഫ് പറഞ്ഞു. കൂടുതൽ വനിതകൾക്ക് പൊതുസേവന രംഗത്തേക്ക് കടന്നു വരുന്നതിന് കെ.കെ.ശൈലജ മാതൃകയാണെന്നും സിഇയു പ്രസിഡന്റ് പറഞ്ഞു.
തത്ത്വചിന്തകൻ കാൾ പോപ്പർ, യുഎൻ സെക്രട്ടറി ജനറൽ കോഫി അന്നൻ, ചെക് പ്രസിഡണ്ടും നാടകകൃത്തുമായ വക്ലാവ് ഹാവൽ , ലോകപ്രശസ്ത സാമ്പത്തിക ചിന്തകൻ ജോസഫ് സ്റ്റിഗ്ലിറ്റ്‌സ് തുടങ്ങിയവരൊക്കെയാണ് ഈ പുരസ്‌കാരം മുൻപ് നേടിയിട്ടുള്ളത്. 2020ൽ നൊബേൽ പുരസ്‌കാര ജേതാവ് സ്വെറ്റ്‌ലാന അലക്‌സിയേവിച്ചിനായിരുന്നു ഓപ്പൺ സൊസൈറ്റിപ്രൈസ്. അത്തരമൊരംഗീകാരമാണ് ശൈലജ ടീച്ചറിലൂടെ ആദ്യമായി ഇന്ത്യയിലേക്കും കേരളത്തിലേക്കും എത്തിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *