ശബരിമല വിഷയത്തിൽ മാപ്പ് പറഞ്ഞിട്ടില്ല :കടകംപള്ളി1 min read

തിരുവനന്തപുരം :ശബരിമല യുവതീപ്രവേശനുമായി ബന്ധപ്പെട്ട് ഉണ്ടായ സംഭവങ്ങളിൽ ഖേദമുണ്ടെന്ന് നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നടത്തിയ പ്രസ്താവന നിയമസഭയിൽ വിശദീകരിച്ച് കടകംപള്ളി സുരേന്ദ്രൻ. ശബരിമല പ്രശ്നത്തിൽ മാപ്പുപറഞ്ഞെന്ന വ്യാഖ്യാനം ശരിയല്ലെന്നാണ് നന്ദിപ്രമേയ ചര്‍ച്ചയിൽ പങ്കെടുത്ത് കടകംപള്ളി വിശദീകരിച്ചത്. അന്ന് പറഞ്ഞത് മാപ്പായിരുന്നില്ല. അക്രമസംഭവങ്ങൾ ഉണ്ടായതിൽ ഖേദം പ്രകടിപ്പിക്കുക മാത്രമാണ് ചെയ്തത്. മാപ്പ് പറഞ്ഞില്ല സംഘർഷങ്ങളിൽ വിഷമമുണ്ടെന്നാണ് പറഞ്ഞത്.

മാധ്യമങ്ങളിൽ വാര്‍ത്ത വന്ന ശേഷം തിരുത്താതിരുന്ന നടപടിയും കടകംപള്ളി ന്യായീകരിച്ചു. പ്രസ്താവന തിരുത്തിയിരുന്നെങ്കിൽ അത് പിന്നെ മന്ത്രി മാപ്പ് പറഞ്ഞില്ലെന്ന എതിര്‍ പ്രചാരണത്തിന് വഴി വത്തും. ആ കെണിയിൽ വീഴാൻ കിട്ടില്ലെന്നും കടകംപള്ളി നിയമസഭയിൽ പറഞ്ഞു. ശബരിമല വിവാദമായത് കടകംപള്ളി നടത്തിയ കുറ്റ സമ്മതത്തിലൂടെയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ പരാമര്‍ശത്തിന് മറുപടി എന്ന നിലയിലാണ് ശബരിമല വിവാദത്തിൽ കടകംപള്ളിയുടെ വിശദീകരണം.

ലക്ഷദ്വീപ് പ്രമേയത്തിലെ ഐക്യത്തിന് ശേഷം രാഷ്ട്രീയ ചര്‍ച്ചകളിലേക്ക് കടന്ന നിയമസഭയിൽ വലിയ ആരോപണ പ്രത്യാരോപണങ്ങളാണ് ഭരണപക്ഷവും പ്രതിപക്ഷവും തമ്മിൽ നടക്കുന്നത്. ഇതിനിടെയാണ് ശബരിമല പ്രസ്താവനയിൽ കടകംപള്ളിയുടെ വിശദീകരണം. യുഡിഎഫും എൻഡിഎയും തമ്മിലുള്ള ധാരണ കൂടി ഇല്ലായിരുന്നെങ്കിൽ യുഡിഎഫ് ഇതിലും വലിയ പരാജയത്തിലേക്ക് കൂപ്പുകുത്തുമായിരുന്നു എന്നും പറഞ്ഞു. കെകെ ശൈലജയാണ് നിയമസഭയിൽ നന്ദിപ്രമേയ ചര്‍ച്ചക്ക് തുടക്കമിട്ടത്. ആരോഗ്യ രംഗത്തെ നേട്ടങ്ങൾ എടുത്ത് പറഞ്ഞായിരുന്നു കെകെ ശൈലജയുടെ പ്രസംഗം. പ്രതിപക്ഷത്തെ അനൈക്യം എടത്ത് പറഞ്ഞ കെകെ ശൈലജ വിഡി സതീശനെ പ്രകീര്‍ത്തിക്കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *