ഗവർണറെ മറികടന്ന് മലയാളം സർവ്വകലാശാല വിസി യുടെ നിയമനത്തിനുള്ള സെർച്ച് കമ്മിറ്റിരൂപീകരിക്കാനൊരുങ്ങി സർക്കാർ1 min read

20/1/23

തിരുവനന്തപുരം :ഗവർണർ ഒപ്പ്
വയ്ക്കാത്ത നിയമസഭ പാസാക്കിയ സർവ്വകലാശാല നിയമഭേദഗതി ബില്ലിന്റെ അടിസ്ഥാനത്തിൽ സർക്കാർ മലയാളം സർവ്വകലാശാല വിസി യുടെ നിയമനത്തിനുള്ള സെർച്ച് കമ്മിറ്റി രൂപീകരിക്കുന്നു. ഗവർണറുടെ പ്രതിനിധിയുടെ പേര് നിർദ്ദേശിക്കാൻ ഇന്ന് ഉന്നത വിദ്യാഭ്യാസ സെക്രട്ടറി രാജ്ഭവൻ സെക്രട്ടറിക്ക് കത്തെഴുതി.

കമ്മിറ്റിയിൽ ഗവർണറുടെ പ്രതിനിധി കൂടാതെ യുജിസി പ്രതിനിധിയും,സർക്കാർ പ്രതിനിധിയും, ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാന്റെ പ്രതിനിധിയും, സിൻഡിക്കേറ്റ് പ്രതിനിധിയുമു ണ്ടാകുമെന്ന് അറിയിച്ചിട്ടുണ്ട്.
ഇത് ഗവർണർ അംഗീകരിക്കാത്ത നിയമ ഭേദഗതിയുടെ അടിസ്ഥാനത്തിൽ രൂപീകരിക്കുന്ന സെർച്ച് കമ്മിറ്റിയാണ്. നിലവിലെ സർവകലാശാലനിയമപ്രകാരം മാത്രമേ സെർച്ച് കമ്മിറ്റി രൂപീകരിക്കാനാവൂ. നിലവിലെ വ്യവസ്ഥ പ്രകാരം നിയമന അധികാരിയായ ഗവർണർ ആണ് സെർച്ച് കമ്മിറ്റി രൂപീകരിക്കേണ്ടത്.

ഗവർണറുടെ പ്രതിനിധിയും,യുജിസി പ്രതിനിധിയും, ഗവൺമെന്റിന്റെ പ്രതിനിധിയും ഉൾപ്പെടുന്നതാണ് സെർച്ച് കമ്മിറ്റി.ഗവർണറുടെ പ്രതിനിധിയായിരിക്കും കൺവീനർ എന്ന് നിയമത്തിൽ വ്യവസ്ഥ ചെയ്തിട്ടുണ്ട്.പ്രസ്തുത നിയമം മറികടന്ന് സെർച്ച് കമ്മിറ്റി ഉണ്ടാക്കുവാനും ഗവർണറുമായി നിയമ പോരാട്ടം നടത്തുവാനുമാണ് സർക്കാർ ഇന്നത്തെ കത്തിലൂടെ ഉദ്ദേശിക്കുന്നത്. നിലവിലെ വൈസ് ചാൻസലറുടെ കാലാവധി ഫെബ്രുവരി ആദ്യം അവസാനിക്കും. അഞ്ചു വർഷമാണ് വൈസ് ചാൻസലറുടെ കാലാവധി.

2018ലെ യുജിസി റെഗുലേഷൻ അനുസരിച്ചാണ് സെർച്ച് കമ്മിറ്റി രൂപീകരിക്കുന്നതെന്ന് ഉന്നത വിദ്യാഭ്യാസ സെക്രട്ടറി രാജ്ഭവന് അയച്ച കത്തിൽ പറയുന്നു. 2018 ലെ യുജിസി റെഗുലേഷനും നിലവിലെ സർവ്വകലാശാല നിയമവും അനുസരിച്ചാണ് കമ്മിറ്റി രൂപീകരിക്കേണ്ടത്. 2018 ലെ
യൂജിസി ചട്ടത്തിൽ സെർച്ച് കമ്മിറ്റി രൂപീകരിക്കണമെന്നുംഅതിൽ യൂജിസി പ്രതിനിധി ഉണ്ടാകണമെന്നും സെർച്ച് കമ്മിറ്റി നൽകുന്ന പാനലിൽ നിന്നും ചാൻസിലർ വിസി യെ നിയമിക്കണമെന്നുമാണ് വ്യവസ്ഥ ചെയ്തിട്ടുള്ളത്. യൂജിസി ചട്ടങ്ങളിൽ ഒഴിവാക്കിയിട്ടുള്ള വ്യവസ്ഥകൾ നിലവിലെ യൂണിവേഴ്സിറ്റി നിയമം അനുസരിച്ചായിരിക്കണം.

സർക്കാരിൻറെ നിർദ്ദേശം ഗവർണർ തള്ളിക്കളയും എന്നത് ഉറപ്പാണ്. അത് മറ്റൊരു നിയമ പോരാട്ടത്തിന് വഴി തുറക്കും. തൽക്കാലം ഗവർണർ ഏതെങ്കിലും സർവ്വകലാശാലയിലെ പ്രൊഫസ്സർക്ക് വിസി യുടെ ചുമതല നൽകുമെന്നറിയുന്നു.

Leave a Reply

Your email address will not be published. Required fields are marked *