നവകേരള സദസിലെ ജനകീയ നിർദേശങ്ങൾ സർക്കാരിന്റെ നയരൂപീകരണത്തിനു സഹായകമാകും: മുഖ്യമന്ത്രി1 min read

 

തിരുവനന്തപുരം :നവകേരള സദസിലെ പ്രഭാത യോഗങ്ങളിൽ ലഭിക്കുന്ന ജനകീയ നിർദേശങ്ങൾ സർക്കാരിന്റെ നയരൂപീകരണത്തിനു സഹായകമാകുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. നവകേരള സദസിന്റെ ഭാഗമായി കാട്ടാക്കട തൂങ്ങാംപാറ കാളിദാസ കൺവൻഷൻ സെന്ററിൽ നടന്ന പ്രഭാത യോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. നെയ്യാറ്റിൻകര, കാട്ടാക്കട, പാറശാല, അരുവിക്കര മണ്ഡലങ്ങളിൽനിന്നുള്ളവരെ പങ്കെടുപ്പിച്ചാണു പ്രഭാത സദസ് സംഘടിപ്പിച്ചത്.

കേരളം ഇന്നു നേരിടുന്ന പ്രശ്നങ്ങളെ ജനസമക്ഷം അവതരിപ്പിക്കുന്നതിനാണു നവകേരള സദസ് എന്ന ആശയം സർക്കാർ മുന്നോട്ടുവച്ചതെന്നു മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിന്റെ എല്ലാ മേഖലകളിലുമുള്ള ഒട്ടേറെ പേർ നവകേരള സദസുമായി ബന്ധപ്പെട്ട പ്രഭാത യോഗങ്ങളിൽ പങ്കെടുത്തു. ഭാവി കേരളം എങ്ങനെയായിരിക്കണമെന്നതിനെക്കുറിച്ചുള്ള വൈവിധ്യങ്ങളായ കാഴ്ചപ്പാടു നൽകുന്നതായിരുന്നു ഈ യോഗങ്ങളെല്ലാം. ഭേദചിന്തകൾകൂടാതെ എല്ലാവരും ഈ യോഗങ്ങളിൽ പങ്കെടുക്കാൻ മുന്നോട്ടുവന്നു. സർക്കാരിന്റെ ഭാവി പ്രവർത്തനങ്ങൾക്കും സംസ്ഥാനത്തിന്റെ മുന്നോട്ടുപോക്കിനും സഹായകമായ ഒട്ടേറെ നിർദേശങ്ങൾ ഓരോ യോഗങ്ങളും നൽകി. ഇനിയുള്ള നാളുകളിലെ മുന്നോട്ടുപോക്കിനു വലിയ കരുത്തു നൽകുന്നതാണ് ഓരോ നിർദേശങ്ങളും. അവയെല്ലാം ഗൗരവമായിത്തന്നെ സർക്കാർ പരിഗണിക്കും. ഇത്തരം കൂടിക്കാഴ്ചകളും അഭിപ്രായ രൂപീകരണവുമെല്ലാം നയരൂപീകരണത്തിനു സഹായകമാകുമെന്നാണു കരുതുന്നത്.

രാജ്യത്ത് മറ്റൊരു സംസ്ഥാനത്തിനും നേരിടേണ്ടിവന്നിട്ടില്ലാത്ത ഗൗരവതരമായ പ്രശ്നങ്ങൾ കേരളം അഭിമുഖീകരിക്കുകയാണ്. കേരളത്തിന്റെ മുന്നോട്ടുപോക്കിനെ സഹായിക്കാത്ത നിലപാടാണു കേന്ദ്രത്തിൽനിന്നുണ്ടാകുന്നതാണ്. ഇതു ജനസമക്ഷം അവതരിപ്പിക്കാൻ നവകേരള സദസിനു കഴിഞ്ഞിട്ടുണ്ട്. പ്രഭാത യോഗങ്ങളിൽ എല്ലാത്തരം അഭിപ്രായമുള്ളവരും പങ്കെടുത്തു. സംസ്ഥാനത്തിന്റെ മുന്നോട്ടുപോക്കിനായി അഭിപ്രായങ്ങൾ രേഖപ്പെടുത്തണമെന്ന നിശ്ചയദാർഢ്യത്തോടെയാണ് അവർ എത്തിയത്. ജനങ്ങൾ ഒന്നിച്ചു നിൽക്കുന്നതാണു സർക്കാരിന്റെ ഏറ്റവും വലിയ ശക്തി. ജനാഭിപ്രായത്തിനൊപ്പമാണു സംസ്ഥാന സർക്കാർ മുന്നോട്ടുപോകുന്നത്. നാടിന്റെ തടസങ്ങൾക്കു വിഖാതമായി നിൽക്കുന്നവ നീക്കുന്ന നിലപാടാണു സർക്കാർ സ്വീകരിക്കുന്നത്. അതിന് വിലയേറിയ ജനകീയ നിർദേശങ്ങൾ സർക്കാരിനു വലിയ കരുത്തു നൽകുന്നതായും പ്രഭാത യോഗത്തിന് ആമുഖമായി മുഖ്യമന്ത്രി പറഞ്ഞു.

വിഴിഞ്ഞം പദ്ധതിയുടെ ഭാഗമായുള്ള അനുബന്ധ അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ സർക്കാർ ഇതിനോടകം ആരംഭിച്ചിട്ടുണ്ടെന്ന് പ്രഭാത സദസിൽ ഉയർന്ന ആശയ നിർദേശങ്ങൾക്കുള്ള മറുപടി പ്രസംഗത്തിൽ മുഖ്യമന്ത്രി പറഞ്ഞു. വിഴിഞ്ഞത്തുനിന്ന് ആരംഭിക്കുന്ന റിങ് റോഡ് പദ്ധതി വലിയ അടിസ്ഥാന സൗകര്യ വികസനം ലക്ഷ്യംവച്ചുള്ളതാണ്. ഇതിന്റെ ഭാഗമായി ഒട്ടേറെ സംരംഭങ്ങൾ വരും. ഭൂമി ഏറ്റെടുക്കൽ മാത്രമാക്കാതെ ഭൂമി വിട്ടുതരുന്നവരെക്കൂടി ഈ വികസന പ്രവർത്തനങ്ങളുടെ ഭാഗമാക്കാൻ കഴിയുമോയെന്നാണു സർക്കാർ ആലോചിച്ചുകൊണ്ടിരിക്കുന്നത്.

ശ്രീനാരായണ ദർശനങ്ങളുടെ വ്യാപ്തി ലക്ഷ്യംവച്ച് അരുവിപ്പുറത്ത് സാംസ്‌കാരിക വകുപ്പിന്റെ നേതൃത്വത്തിൽ നിർമിക്കുന്ന സാംസ്‌കാരിക നിലയത്തിന്റെ നിർമാണം വേഗത്തിലാക്കും. ലത്തീൻ കത്തോലിക്ക വിഭാഗത്തിന്റേതടക്കമുള്ള പ്രശ്‌നങ്ങളിൽ സർക്കാർ മുന്തിയ പരിഗണന നൽകുന്നുണ്ട്. ജസ്റ്റിസ് ജെ.ബി. കമ്മിഷൻ റിപ്പോർട്ട് വിശദമായ പഠനം നടത്തി നടപ്പാക്കും. മത്സ്യത്തൊഴിലാളികളുടെ സംരക്ഷണത്തിനു സർക്കാർ വിവിധ പദ്ധതികൾ ആവിഷ്‌കരിച്ചു നടപ്പാക്കുകയാണ്. രാജ്യത്ത് മറ്റു സംസ്ഥാനങ്ങളിലൊന്നും നടപ്പാക്കിയിട്ടില്ലാത്ത പദ്ധതികൾ ഇവിടെ വന്നു. ഈ മാതൃക അവിടങ്ങളിലും നടപ്പാക്കുന്നതിനു പ്രക്ഷോഭങ്ങൾവരെയുണ്ടായി. മത്സ്യത്തൊഴിലാളി സമൂഹത്തിന്റെ ക്ഷേമം മുൻനിർത്തിയുള്ള പ്രവർത്തനങ്ങൾ അവർക്കൊപ്പംനിന്നു സർക്കാർ തുടരുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ഏതൊരു പദ്ധതി വരുമ്പോഴും ചില പ്രശ്നങ്ങൾ ഉയർന്നുവരാറുണ്ടെന്നു വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട വിഷയത്തിൽ മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു. മത്സ്യത്തൊഴിലാളി സമൂഹവുമായി ബന്ധപ്പെട്ടു വിഴിഞ്ഞത്തു ചൂണ്ടിക്കാണിക്കപ്പെട്ട പ്രശ്നങ്ങൾ വലിയൊരു അളവുവരെ പരിഹരിക്കപ്പെട്ടു. ബാക്കി നിൽക്കുന്ന പ്രശ്നങ്ങളുണ്ടെങ്കിൽ കൂട്ടായ ചർച്ചകളിലൂടെ അവയും പരിഹരിക്കും. റബർ കർഷകർക്കൊപ്പം നിന്നുള്ള പ്രവർത്തനങ്ങൾ നടത്തുന്ന സർക്കാരാണു കേരളത്തിലുള്ളത്. ആസിയാൻ കരാർ ഈ മേഖലയെ പ്രതികൂലമായി ബാധിച്ചു. അതിനെത്തുടർന്നുണ്ടായ പ്രശ്നങ്ങളാണ് ഇപ്പോഴും തുടരുന്നത്. റബറിന്റെ താങ്ങുവില വർധിപ്പിക്കുന്നതു സംബന്ധിച്ചു നിരവധി തവണ കേന്ദ്രത്തെ സമീപിച്ചെങ്കിലും അനുകൂല സമീപനമല്ല ഉണ്ടായത്. റബർ കൃഷിയെ പ്രോത്സാഹിപ്പിക്കണെന്നും കർഷകർക്കു പരിരക്ഷ നൽകണമെന്നുമാണു സർക്കാരിന്റ നിലപാടും സമീപനവും. കേരളത്തിൽ ഉത്പാദിപ്പിക്കുന്ന റബർ ഇവിടെത്തന്നെ വ്യവസായത്തിന് ഉപയോഗിക്കുകയെന്ന ആശയം ഇതിൽനിന്നുണ്ടായതാണ്. കേരള പേപ്പർ പ്രോഡക്റ്റ്സിനോടു ചേർന്നുള്ള ഭൂമിയിൽ റബർ ഉദ്പാദക കമ്പനികൾക്കു പദ്ധതി തയാറാക്കുന്നത് ഇതിന്റെ ഭാഗമയാണെന്നും റബർ കർഷകർക്കൊപ്പമാണ് എക്കാലവും സർക്കാർ നിലകൊള്ളുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

നെയ്യാറിന്റെ ടൂറിസം വികസനത്തിനു സർക്കാർ പ്രത്യേക ശ്രദ്ധ നൽകുകയും വികസന പദ്ധതികളെക്കുറിച്ചു കൂട്ടായി ആലോചിക്കുകയും ചെയ്യും. മനസോടിത്തിരി മണ്ണ് പദ്ധതി പ്രകാരം സുകുമാരൻ വൈദ്യർ പൂവച്ചൽ പഞ്ചായത്തിൽ സർക്കാരിനു നൽകിയ 2.45 ഏക്കർ ഭൂമിയിൽ ലൈഫ് ഭവന പദ്ധതി പ്രകാരം ഫ്ളാറ്റ് സമുച്ചയം നിർമിക്കുന്ന പദ്ധതിക്ക് ഭരണാനുമതി നൽകുന്നതടക്കമുള്ള നടപടികൾ വേഗത്തിലാക്കും. സംസ്ഥാനത്തു തരിശു ഭൂമികൾ കൃഷിയോഗ്യമാക്കുന്നതിനു ഹരിതകേരളം മിഷന്റെ ഭാഗമയായി വലിയ പ്രവർത്തനങ്ങൾ നടത്തിയതായി മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. തരിശുരഹിത പഞ്ചായത്തുകളും തരിശുരഹിത മണ്ഡലങ്ങളുമുണ്ടായത് അങ്ങനെയാണ്. ശേഷിക്കുന്ന തരിശുനിലങ്ങൾകൂടി കൃഷിയോഗ്യമാക്കുന്ന നടപടികൾ മുന്നോട്ടുകൊണ്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു.

അരുവിപ്പുറം മഠത്തിലെ സ്വാമി സാന്ദ്രാനന്ദ, നെയ്യാറ്റിൻകര ബിഷപ് ഡോ. വിൻസന്റ് സാമുവൽ, നിംസ് മെഡിസിറ്റി മാനേജിങ് ഡയറക്ടർ ഡോ. ഫൈസൽ ഖാൻ, പത്മശ്രീ ജെ. ഹരീന്ദ്രൻ നായർ, നെയ്യാറ്റിൻകര മുനിസിപ്പൽ ചെയർപേഴ്‌സൺ പി.കെ. രാജ്‌മോഹൻ, സംഗീത സംവിധായകൻ ശ്രീകുമാരൻ തമ്പി, മുരുകൻ കാട്ടാക്കട തുടങ്ങി നിരവധി പേർ പ്രഭാത യോഗത്തിൽ ആശയ നിർദേശങ്ങൾ പങ്കുവച്ചു. സമൂഹത്തിന്റെ നാനാതുറകളിൽനിന്നുള്ളവർ യോഗത്തിൽ പങ്കെടുത്തു.തൊളിക്കോട് പഞ്ചായത്തിൽ നിന്നുള്ള അബ്ദുൾ നാസർ മനസോടിത്തിരി മണ്ണ് പദ്ധതിയിലേക്ക് തന്റെ ഉടമസ്ഥതയിലുള്ള ഭൂമി യോഗത്തിൽവച്ചു മുഖ്യമന്ത്രിക്കു കൈമാറി. മന്ത്രിമാരായ കെ. രാജൻ, റോഷി അഗസ്റ്റിൻ, കെ. കൃഷ്ണൻകുട്ടി, അഹമ്മദ് ദേവർകോവിൽ, ആന്റണി രാജു, ജി.ആർ. അനിൽ, കെ.എൻ. ബാലഗോപാൽ, ഡോ. ആർ. ബിന്ദു. എം.ബി. രാജേഷ്, പി.എ. മുഹമ്മദ് റിയാസ്, പി. പ്രസാദ്, കെ. രാധാകൃഷ്ണൻ, പി. രാജീവ്, വി. ശിവൻകുട്ടി, വി.എൻ. വാസവൻ, വീണാ ജോർജ്, സജി ചെറിയാൻ, വീണാ ജോർജ്, സജി ചെറിയാൻ, എം.എൽ.എമാരായ സി.കെ. ഹരീന്ദ്രൻ, കെ. ആൻസലൻ, ഐ.ബി. സതീഷ്, ജി. സ്റ്റീഫൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ് കുമാർ തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *