സംസ്ഥാനത്ത് ഇന്നും ശക്തമായ മഴക്ക് സാധ്യത ; 5ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി1 min read

4/8/22

തിരുവനന്തപുരം :സംസ്ഥാനത്ത് ഇന്നും ശക്തമായ മഴക്ക് സാധ്യത.5ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു.

കോട്ടയം, ആലപ്പുഴ, ഇടുക്കി, പത്തനംതിട്ട, തൃശൂര്‍ ജില്ലകളിലാണ് ഇന്ന് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. പ്രൊഫഷണല്‍ കോളേജുകള്‍, അംഗനവാടികള്‍ ഉള്‍പ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാനങ്ങള്‍ക്കും അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടര്‍മാര്‍ അറിയിച്ചു. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും ഇന്‍റര്‍വ്യൂകള്‍ക്കും മാറ്റമുണ്ടായിരിക്കില്ലെന്ന് ഇടുക്കി-പത്തനംതിട്ട കളക്ടര്‍മാര്‍ അറിയിച്ചു. തൃശൂരില്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍ക്ക് അവധി ബാധകമാവില്ലെന്നും പരീക്ഷകള്‍ക്ക് മാറ്റമില്ലെന്നും കളക്ടര്‍ അറിയിച്ചു.

കോതമംഗലം, മൂവാറ്റുപുഴ താലൂക്കുകളില്‍ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധിയാണ്. മഹാത്മാഗാന്ധി സര്‍വ്വകലാശാലയില്‍ ഇന്ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിയതായി പരീക്ഷാ കണ്‍ട്രോളര്‍ അറിയിച്ചു. പുതിയ തീയതി പിന്നീട് അറിയിക്കും. ചാലക്കുടി താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധിയാണ്. ശക്തമായ മഴ തുടരുന്ന സാഹചര്യത്തിലാണ് കാസര്‍കോട് വെള്ളരിക്കുണ്ട് താലൂക്ക് പരിധിയിലെ പ്രൊഫഷണല്‍ കോളേജുകള്‍ അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അങ്കണവാടികള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

അതേസമയം, സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരാന്‍ സാധ്യത. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴ ലഭിച്ചേക്കും. 12 ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ടാണ്. പത്തനംതിട്ട മുതല്‍ കാസര്‍കോട് വരെയുള്ള ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനനന്തപുരം, കൊല്ലം ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

കേരളത്തിന് മുകളില്‍ അന്തരീക്ഷചുഴിയും മധ്യ ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാതച്ചുഴിയും നിലനില്‍ക്കുന്നതാണ് മഴ തുടരുന്നതിന് കാരണം. അതിതീവ്ര മഴ മുന്നറിയിപ്പ് ഇല്ലെങ്കിലും മലയോരമേഖലകളില്‍ അതീവ ജാഗ്രത തുടരണം. കഴിഞ്ഞ ദിവസങ്ങളില്‍ തുടര്‍ച്ചയായി മഴ ലഭിച്ച പ്രദേശങ്ങളില്‍ ഉരുള്‍പൊട്ടലിനും മലവെള്ളപ്പാച്ചിലിനും സാധ്യത കൂടുതലാണ്. ഉയര്‍ന്ന തിരമാലകള്‍ക്കും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും നിർദ്ദേശമുണ്ട്.

Leave a Reply

Your email address will not be published.