സംസ്ഥാനത്ത് പ്ലസ്‍വൺ ക്ലാസുകൾ നാളെ തുടങ്ങും1 min read

24/8/22

തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ്‍വൺ ക്ലാസുകൾ വ്യാഴാഴ്ച തുടങ്ങും. മൂന്നാം അലോട്ട്മെന്റ് പ്രകാരമുള്ള പ്രവേശന നടപടി ഇപ്പോഴും തുടരുകയാണ്. ഇവർക്ക് ബുധനാഴ്ച വൈകുന്നേരം അഞ്ച്മണി വരെ സ്കൂളിൽ ചേരാം. ഈ കുട്ടികൾക്കൂടി സ്കൂളിൽ ചേരുന്നത്തോടെ ആകെ മൂന്നു ലക്ഷത്തോളം കുട്ടികളാണ് വ്യാഴാഴ്ച ക്ലാസ്സ്‌ തുടങ്ങുമ്പോൾ ഉണ്ടാവുക.

ഇതുവരെ 2,33,302 കുട്ടികൾ സർക്കാർ, എയ്ഡഡ്, അൺഎയ്ഡഡ് സ്കൂളുകളിലായി പ്രവേശനം നേടിയിട്ടുണ്ട്. 1,39,621 കുട്ടികളാണ് ആദ്യ രണ്ട് അലോട്ട്മെന്റുകളിലൂടെ സ്ഥിരംപ്രവേശനം നേടിയിരിക്കുന്നത്. താത്കാലികമായി 77,412 കുട്ടികൾ ചേർന്നിട്ടുണ്ട്. കായികമികവിന്റെ അടിസ്ഥാനത്തിൽ 2,168 പേരും എയ്ഡഡ് സ്കൂളുകളിലെ കമ്യൂണിറ്റി ക്വാട്ടയിൽ 11,703 പേരും ഇതുവരെ ചേർന്നു. 1,184 കുട്ടികളാണ് ഇതുവരെ മാനേജ്‌മെൻറ് ക്വാട്ടയിൽ ഔദ്യോഗികമായി പ്രവേശനം നേടിയിരിക്കുന്നത്. 1,214 പേർ അൺഎയ്ഡഡ് ബാച്ചുകളിൽ പ്രവേശനം നേടി.

മൂന്നാം അലോട്ട്മെന്റിൽ 78,085 കുട്ടികളാണ് ഉൾപ്പെട്ടിരിക്കുന്നത്. 4,71,849 കുട്ടികളാണ് ഇത്തവണ അപേക്ഷിച്ചിരുന്നത്. 2,95,118 പേർക്കുമാത്രമാണ് ഏകജാലകം വഴി അലോട്ട്മെന്റ് ലഭിച്ചത്. ഇവരിൽ 78,085 പേർ ചേർന്നില്ല. ഈ സീറ്റുകളാണ് മൂന്നാം അലോട്ട്മെന്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. മൂന്നാം അലോട്ട്മെന്റിൽ ഉൾപ്പെട്ടവർ ഇതുവരെ സ്ഥിരംപ്രവേശനം നേടിയിട്ടില്ല എങ്കിൽ ബന്ധപ്പെട്ട സ്കൂളിൽ ഫീസടച്ച് നിർബന്ധമായും സ്ഥിരംപ്രവേശനം നേടേണ്ടതാണ്. ആദ്യ അലോട്ട്മെന്റുകളിലെപ്പോലെ മൂന്നാം അലോട്മെന്റിൽ താത്കാലിക പ്രവേശനമില്ല. ഉയർന്ന ഓപ്ഷൻ ലഭിച്ച് താത്കാലിക പ്രവേശനം നേടിയവർ ആ സ്കൂളിൽനിന്ന് ടി.സി.യും അനുബന്ധരേഖകളും വാങ്ങി പുതിയസ്കൂളിൽ ഉടനെ ചേരണം. മുഖ്യ അലോട്ട്മെന്റുകളിൽ ഉൾപ്പെടാത്ത കുട്ടികൾ സപ്ലിമെന്ററി അലോട്ട്മെന്റിനായി അപേക്ഷ പുതുക്കണം. ഇതുവരെ അപേക്ഷിക്കാത്തവർക്കും നേരത്തേ നൽകിയ അപേക്ഷയിലെ അപാകംമൂലം പ്രവേശനം ലഭിക്കാത്തവർക്കും പുതുതായി അപേക്ഷിക്കാം. ഓരോ സ്കൂളിലും പ്രവേശനം നേടാത്ത സീറ്റുകളുടെ എണ്ണം വെള്ളിയാഴ്ചയോടെ ഹയർസെക്കൻഡറി വകുപ്പിന്റെ വെബ്‌സൈറ്റിൽ പ്രസിദ്ധപ്പെടുത്തും. അതുനോക്കിവേണം സപ്ലിമെന്ററി അലോട്ട്മെന്റിനുള്ള അപേക്ഷ പുതുക്കാൻ. സീറ്റൊഴിവുള്ള വിഷയങ്ങളിലേക്കു മാത്രമേ അപേക്ഷ നൽകാനൊക്കൂ. സേ പരീക്ഷയിലൂടെ വിജയിച്ചവർക്കും ഈ ഘട്ടത്തിൽ അപേക്ഷിക്കാം. 1,153 സീറ്റുകളാണ് മൂന്നാം അലോട്ട്മെന്റിനുശേഷം സംസ്ഥാനത്ത് ഏകജാലകം വഴിയുള്ള മെറിറ്റിൽ ബാക്കിയുള്ളത്. ഏകജാലകം വഴി പ്രവേശനം ലഭിക്കാത്ത ലക്ഷത്തോളം കുട്ടികളാണ് ഇപ്പോഴും ബാക്കിയുള്ളത്. സപ്ലിമെന്ററി അലോട്ട്മെന്റിനുശേഷം അപേക്ഷകരുടെ മെറിറ്റും സീറ്റൊഴിവും പരിഗണിച്ച് പ്രവേശനം ലഭിച്ചവർക്ക് സ്കൂളും വിഷയവും മാറാനുള്ള അവസരം ഉണ്ടായിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *