കേരള യൂണിവേഴ്സിറ്റി സെനറ്റ് സസ്‌പെൻഡ് ചെയ്യുന്നത് പരിഗണിക്കണം: സേവ് എഡ്യൂക്കേഷൻ ഫോറം1 min read

4/11/22

തിരുവനന്തപുരം: കേരള സർവകലാശാല ഇന്ന് കൂടിയ സെനറ്റ് യോഗത്തിൽ സെർച്ച് കമ്മിറ്റി പ്രതിനിധിയെ തെരഞ്ഞെടുക്കാത്ത സാഹചര്യത്തിൽ സെനറ്റിനെയും സിൻഡിക്കേറ്റിനെയും സസ്പെൻഡ് ചെയ്തു നിർത്താൻ ഗവർണർ തയ്യാറാകണമെന്ന് സേവ് യൂണിവേഴ്സിറ്റി ഫോറം പത്രക്കുറിപ്പിൽ ആവശ്യപ്പെട്ടു. രാഷ്‌ടീയ നേതൃത്വത്തിന് വിധേയനായ വൈസ് ചാൻസിലറെ നിയമിക്കുക എന്നത് ഉറപ്പാക്കുന്നത് വരെ കേരള സർവകലാശാല വി.സി. നിയമനം നീട്ടികൊണ്ട് പോകുന്ന സെനറ്റിൻറെ നിലപാട് വിദ്യാഭ്യാസ മേഖലയോടും വിദ്യാർഥികളോടും പൊതു സമൂഹത്തോടും ചെയ്യുന്ന കടുത്ത അനീതിയാണ്. സെനറ്റ് യോഗങ്ങൾ വി.സി. സെർച്ച് കമ്മിറ്റി അംഗത്തെ തിരഞ്ഞടുക്കാതെ നീട്ടികൊണ്ട് പോകുന്ന സാഹചര്യം 1986 ലേതിന് സമാനമാണ്.

ആയതിനാൽ സെനറ്റിനെ സസ്‌പെൻഡ് ചെയ്ത് നിർത്തി പ്രശ്നം പരിഹരിക്കുന്നതിന് വേണ്ട നടപടിയിലേക്ക് രാജ്ഭവൻ നീങ്ങണം. കോടതിയുടെ പിന്തുണ ഗവർണർക്കുണ്ടാകും.
ഇന്ത്യയിലെ കോടതികൾക്ക് പോലും ഒരു സഭയുടെ തീരുമാനം എന്താകണമെന്ന് നിർദേശിക്കാനാകാത്തതിനാൽ ഇനിയും സെനറ്റിനോട് സെർച്ച് കമ്മിറ്റി അംഗത്തെ തിരഞ്ഞടുക്കാൻ ആവശ്യപ്പെടാനാവില്ല. ഗവർണറും കോടതിയും ഉപദേശിച്ചിട്ടും രാഷ്ട്രീയ ശക്തി ഉപയോഗിച്ചും സാങ്കേതികത്വം ചൂണ്ടി കാണിച്ചും സ്വന്തം തീരുമാനം വിജയിപ്പിക്കാനാണ് ഇപ്പോൾ ശ്രമം നടക്കുന്നത്. ‘ഹൈപ്പർ ടെക്നിക്കാലിറ്റി’ എന്നാണ് കോടതിയിതിനെ നിരീക്ഷിച്ചത്. ഇത്തരം സാങ്കേതിക കുരുക്കിനെ മറികടക്കാനാണ് സെനറ്റിനെ സസ്‌പെൻഡ് ചെയ്‌ത്‌ നിർത്തുകയെന്ന നിയമ സാധ്യതിയിലേക്ക് രാജ്ഭവന് കടക്കാവുന്നത്. 1986 ൽ പ്രീഡിഗ്രി സമര കാലത്ത് സെനറ്റിനെയും സിണ്ടിക്കേറ്റിനെയും സസ്‌പെൻഡ് ചെയ്‌ത് നിർത്തിയിരുന്ന കീഴ്‌വഴക്കവും കേരള സർവകലാശാലക്കുണ്ട്.

കേരള സർവകലാശാല നിയമപ്രകാരം സെനറ്റ് നിലവില്ലാത്തപ്പോൾ സെനറ്റിന്റെ അധികാരങ്ങൾ വൈസ് ചാൻസിലറിൽ വന്ന് ചേരും. അപ്പോൾ സെർച്ച് കമ്മിറ്റി പ്രതിനിധിയെ ആക്ടിങ് വൈസ് ചാൻസിലർക്ക് നിര്ദേശിക്കാനാകും. ഈ വഴി മാത്രമേ ഇപ്പോൾ നില നിൽക്കുന്ന കുരുക്ക് മറികടക്കാൻ സാധിക്കുകയുള്ളുവെന്നാണ് നിയമവൃത്തങ്ങൾ ചൂണ്ടികാണിയ്ക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *