ബിരുദ സീറ്റുകകൾ ഒഴിഞ്ഞുകിടക്കുന്നു.വിദ്യാർഥികൾക്ക് സംസ്ഥാന സർവ്വകലാശാലകൾ വേണ്ട,ഗുണനിലവാരമില്ലായ്മ മൂലം ഇതര സംസ്ഥാനങ്ങളിൽ താൽപ്പര്യം, കുട്ടികളുടെ കൊഴിഞ്ഞുപോക്ക് തടയാൻ നടപടിയെടുക്കണമെന്ന് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി1 min read

14/11/22

തിരുവനന്തപുരം :സംസ്ഥാനത്ത് നാക്കിന്റെ A++ ലഭിച്ച കേരള സർവകലാശാലയിൽ വിവിധ ബിരുദ കോഴ്സുകൾക്ക് പഠിക്കാൻ വിദ്യാർത്ഥികളുടെ എണ്ണത്തിൽ ഗണ്യമായ കുറവ്. എംജി,കാലിക്കറ്റ്, കണ്ണൂർ സർവ്വകലാശാലകളുടെ സ്ഥിതിയും മറിച്ചല്ലെന്നാണ് പ്രാഥമിക വിവരം.

കേരളയുടെ കീഴിലെ14 ഗവൺമെൻറ് കോളേജു കളിൽ 192 സീറ്റ് ഒഴിവുകളും , 39 എയ്ഡഡ് കോളേജുകളിൽ 2446 സീറ്റ് ഒഴിവുകളും, യൂണിവേഴ്സിറ്റി നേരിട്ട് നടത്തുന്ന  34 ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജികളിലും 60 സ്വാശ്രയ കോളേജുകളിലുമായി 50% ത്തോളം സീറ്റുകളും അപേക്ഷകരില്ലാതെ ഒഴിഞ്ഞുകിടക്കുകയാണ്

മുൻ വർഷങ്ങളിൽ മൂന്ന് അലോട്ട്മെന്റും ഒരു സ്പോട്ട് അഡ്മിഷനും നടത്തിക്കഴിയുമ്പോൾ  പ്രവേശനം പൂർണമാകാറുണ്ടായി രുന്നെങ്കിൽ ഇപ്പോൾ നാല് അലോട്ട്മെൻറ്കളും,രണ്ട് സ്പോട്ട് അഡ്മിഷനുകളും നടത്തിയ ശേഷം പ്രവേശനം അവസാനിപ്പിച്ച ദിവസത്തെ കണക്കനുസരിച്ചാണ്   സീറ്റുകൾ ഒഴിഞ്ഞു കിടക്കുന്നത്.

ഉയർന്ന മാർക്കുള്ള കുട്ടികൾ പ്രൊഫഷണൽ കോഴ്സുകൾക്കും ബിരുദ പഠനത്തിനായി അന്യസംസ്ഥാനങ്ങളിലും വിദേശങ്ങളിലും പോകുന്നതുകൊണ്ട് മാർക്ക് താരതമ്യേന കുറഞ്ഞ കുട്ടികൾ സയൻസ് വിഷയങ്ങൾ പഠിക്കുവാൻ താൽപര്യം കാട്ടുന്നില്ല. അതുകൊണ്ട് തന്നെ മിക്ക എയിഡഡ് കോളേജുകളിലും ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്, ഇംഗ്ലീഷ്  വിഷയങ്ങളിലാണ് കൂടുതൽ സീറ്റ് ഒഴിവുള്ളത്.

സർക്കാർ പുതുതായി അനുവദിച്ച ന്യൂജനറേഷൻ കോഴ്സുകൾ പഠിക്കുന്നതിൽ വിദ്യാർഥികൾക്ക് താല്പര്യ കുറവുണ്ട്. കരാറടിസ്ഥാനത്തിലുള്ള അധ്യാപകരെ  ഈ കോഴ്സ്കൾക്ക്  നിയോഗിക്കുന്നതും ജോലി സാധ്യതയെ കുറിച്ചുള്ള ആശങ്കയും  കാരണമായി ചൂണ്ടിക്കാണിക്കുന്നു.

യൂണിവേഴ്സിറ്റി നേരിട്ട് നടത്തുന്ന യു.ഐ.ടി സെന്ററുകളിൽ അടിസ്ഥാനസൗകര്യങ്ങൾ പോലുമില്ലാത്തതും യോഗ്യതയുള്ള അധ്യാപകരെ നിയമിക്കാത്തതും പ്രവേശനം കുറയുന്നതിന് കാരണമായി. ഇക്കാര്യങ്ങൾ സിഎജി നിയമസഭയ്ക്ക് സമർപ്പിച്ചറിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു.

സ്വാശ്രയ കോളേജുകളിൽ ഉയർന്ന ഫീസ് നൽകി പഠിക്കാൻ കഴിവില്ലാത്ത വിദ്യാർത്ഥികൾ സമാന്തര വിദ്യാഭ്യാസത്തെ ആശ്രയിക്കുന്നത് കൊണ്ട്
സ്വാശ്രയ കോളേജുകളിലെ മാനേജ്മെന്റ് സീറ്റുകളിൽ ഭൂരിഭാഗവും ഒഴിഞ്ഞുകിടക്കുകയാണ്.

സിലബസുകൾ പരിഷ്കരിക്കാത്തതും  റിസൾട്ടുകൾ വരുന്നതിലു ള്ള കാലതാമസവും കോളേജുകളിലെ  അധ്യായനദിവസങ്ങൾ നഷ്ടപ്പെടുന്നതും സംസ്ഥാനത്തിന് പുറത്തുള്ള സർവ്വകലാശാലകളിൽ പ്രവേശനം നേടാൻ വിദ്യാർഥികളെ പ്രേരിപ്പിക്കുന്നതായും, ഉന്നത വിദ്യാഭ്യാസ മേഖലയിൽ ഇപ്പോൾ നടക്കുന്ന വാദപ്രതിവാദങ്ങൾ വിദ്യാർത്ഥികളുടെ കൊഴിഞ്ഞുപോക്കിന് കാരണമാണെന്നും,   ഇതിന് പരിഹാരം കണ്ടെത്താൻ  അടിയന്തിര നടപടികൾ ഗൗരവപൂർവ്വം കൈക്കൊള്ളണമെന്നും ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ഗവർണർക്കും മുഖ്യമന്ത്രിക്കും ഉന്നത വിദ്യാഭ്യാസ മന്ത്രിക്കും നിവേദനം നൽകി.

Leave a Reply

Your email address will not be published. Required fields are marked *