സംസ്ഥാനത്ത് സ്വകാര്യബസുകൾ ഉടൻ സർവീസ് തുടങ്ങില്ല, സർക്കാർ നിയന്ത്രണം വൻ നഷ്ടമുണ്ടാക്കുമെന്ന് ബസ്സുടമകൾ.1 min read

തിരുവനന്തപുരം: കൊറോണയുമായി ബന്ധപ്പെട്ട് നിയന്ത്രണം നീക്കിയാലും സംസ്ഥാനത്ത് സ്വകാര്യ ബസുകള്‍ സര്‍വ്വീസ് ഉടന്‍ നടത്തില്ല. നിലവിലെ മാനദണ്ഡം പാലിച്ച് ബസുകൾ സർവീസ് നടത്തിയാൽ വലിയ സാമ്പത്തിക നഷ്ടം നേരിടേണ്ടിവരുമെന്നാണ് ബസ് ഉടമകളുടെ വാദം. സര്‍വ്വീസ് നടത്തണമെങ്കില്‍ തൊഴിലാളികളുടെ കൂലി ഉള്‍പ്പെടെ സർക്കാർ സഹായിക്കണമെന്നും ബസ് ഉടമകള്‍ ആവശ്യപ്പെട്ടു.

ഓറഞ്ച് എ മേഖലയില്‍ 24 ന് ശേഷവും ഓറഞ്ച് ബി മേഖലയില്‍ തിങ്കളാഴ്ചയ്ക്ക് ശേഷവും സ്വകാര്യ ബസുകള്‍ക്ക് നിയന്ത്രണങ്ങളോടെ സര്‍വ്വീസ് നടത്താൻ സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. എന്നാല്‍ രണ്ട് പേര്‍ക്ക് ഇരിക്കാവുന്ന സീറ്റില്‍ ഒരാള്‍ക്ക് മാത്രമെ ഇരിക്കാനാകൂ, നിന്ന് യാത്ര ചെയ്യുന്നതും അനുവദിക്കില്ല തുടങ്ങിയ നിബന്ധനകളാണ് സര്‍ക്കാര്‍ മുന്നോട്ട് വയ്ക്കുന്നത്. ഇത്തരത്തില്‍ സര്‍വ്വീസ് നടത്തിയാല്‍ പരമാവധി 15 പേര്‍ക്ക് മാത്രമേ ഒരേ സമയം യാത്ര ചെയ്യാനാകൂ. ഈ നിബന്ധനയോടെ സര്‍വ്വീസ് നടത്താന്‍ കഴിയില്ലെന്നാണ് ബസുടമകളുടെ നിലപാട്.

സംസ്ഥാനത്ത് ആകെ 12000 സ്വകാര്യ ബസുകളാണ് സര്‍വ്വീസ് നടത്തുന്നത്. ലോക്ക് ഡൌണിന് ശേഷം കോടികളുടെ നഷ്ടം ഇതിനോടകം തന്നെ ഉണ്ടായിട്ടുണ്ടെന്നും നിബന്ധനകളോടെ സര്‍വ്വീസ് നടത്തി കൂടുതല്‍ നഷ്ടം ഏറ്റെടുക്കാന്‍ കഴിയില്ലെന്നുമാണ് ബസുടമകളുടെ നിലപാട്. ബസുടമകള്‍ സര്‍ക്കാരിന് മുന്നില്‍ പ്രശ്നങ്ങള്‍ അവതരിപ്പിച്ചാല്‍ ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്ന് ഗതാഗതമന്ത്രി പറ‍ഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *