കോട്ടയത്തെ കുഞ്ഞിനെ മോഷ്ടിച്ച സംഭവം ;പോലീസിന് കയ്യടി നൽകി ജനം,അന്വേഷണത്തിന് ആരോഗ്യമന്ത്രിയുടെ ഉത്തരവ്1 min read

ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽനിന്ന് കാണാതായ കുഞ്ഞിനെ മുക്കാൽമണിക്കൂറിനുള്ളിൽ കണ്ടെത്താൻ പോലീസിനെ സഹായിച്ചത് ഹോട്ടൽ ഫ്ളോറൽ പാർക്കിലെ ജനറൽ മാനേജരുടെയും റിസപ്ഷനിസ്റ്റിന്റെയും സമീപത്തെ ടാക്സി ഡ്രൈവറുടെയും സമയോചിതമായ ഇടപെടൽ.

ഹോട്ടലിന്റെ ജനറൽ മാനേജർ സാബു സിറിയക്, റിസപ്ഷനിസ്റ്റ് എലിസബത്ത് നിമ്മി അലക്സ്, ടാക്സി ഡ്രൈവർ അലക്സ് സെബാസ്റ്റ്യൻ എന്നിവർക്കുതോന്നിയ സംശയമാണ് പ്രതിയെ കുടുക്കിയത്.കൈക്കുഞ്ഞുമായി ഹോട്ടൽറൂമിലേക്ക് പ്രതി പോകുന്നത് കണ്ടത് റിസപ്ഷനിസ്റ്റ് നിമ്മി എന്നു വിളിക്കുന്ന എലിസബത്തായിരുന്നു.

‘കുഞ്ഞിനെ അമൃതാ ആശുപത്രിയിൽ കൊണ്ടുപോകണം ഒരു ടാക്സി കാർ വിളിച്ചുതരണം,’ -മുറിയിലെത്തിയശേഷം നിമ്മിയോട് പ്രതി ഇങ്ങനെ പറഞ്ഞു. റിസപ്ഷനിസ്റ്റ് ഉടൻതന്നെ സമീപത്തെ ടാക്സി വിളിച്ചു. ഹോട്ടലിലെത്തിയ കാറിന്റെ ഡ്രൈവർ ആരേയുംകൊണ്ടാണ് പോകേണ്ടതെന്ന് റിസപ്ഷനിസ്റ്റിനോട് ചോദിച്ചു. കൊച്ചുകുഞ്ഞിനെയും കൊണ്ടുപോകാനാണെന്ന് നിമ്മി പറഞ്ഞു. ഇൗ സമയം, കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽനിന്ന് ഒരുകുഞ്ഞിനെ കാണാതായിട്ടുണ്ടെന്നും പോലീസ് പരക്കം പായുകയാണെന്നും ടാക്സി ഡ്രൈവറും പറഞ്ഞു.

റിസപ്ഷനിസ്റ്റ് എലിസബത്ത് നിമ്മി അലക്സ്

ഇതോടെ റിസപ്ഷനിസ്റ്റിനും സംശയമായി. നാലുദിവസംമുമ്പ് പ്രതി ഹോട്ടലിൽ മുറിയെടുത്തപ്പോൾ ഏകദേശം ഏഴുവയസ്സു പ്രായംതോന്നിക്കുന്ന ആൺകുട്ടി മാത്രമേ ഒപ്പമുണ്ടായിരുന്നുള്ളൂ. നിമ്മി, ജനറൽ മാനേജർ സാബുവിനെ ഇക്കാര്യങ്ങൾ അറിയിച്ചു. ഈ സമയമത്രയും പ്രതി കുഞ്ഞിനെയുംകൊണ്ട് മുറിക്കുള്ളിലുണ്ടായിരുന്നു. ടാക്സി ഡ്രൈവർ വന്നത് ഇവരെ അറിയിച്ചില്ല. ജനറൽ മാനേജർ ഗാന്ധിനഗർ എസ്.െഎ.യെ വിവരം അറിയിച്ചു. പോലിസെത്തി പ്രതിയെ പിടികൂടി.

ടാക്സി ഡ്രൈവർ അലക്സ് സെബാസ്റ്റ്യൻ

ജനുവരി നാലാംതീയതിയാണ് പ്രതി നീതുരാജ് ഹോട്ടൽ ഫ്ലോറൽ പാർക്കിൽ മുറിയെടുത്തത്. വൈകീട്ട് ഏഴിനാണെത്തിയത്. കാക്കനാട് ഇൻഫോ പാർക്കിലാണ് ജോലിയെന്നും മെഡിക്കൽ കോളേജിൽ ചികിത്സയുണ്ടെന്നും പറഞ്ഞാണ് വൈകീട്ട് മുറിയെടുത്തത്.

202-ാംനമ്പർ ഡബിൾ റൂമിലായിരുന്നു. നീതുരാജ് ആർ. വള്ളാടത്തിൽ സുധി ഭവൻ, കുറ്റൂർ എന്ന വിലാസമാണ് നൽകിയത്. വോട്ടേഴ്സ് ഐ.ഡി. തെളിവായി നൽകി. എല്ലാ ദിവസവും ഇവർ മെഡിക്കൽ കോളേജിലേക്ക് പോയിരുന്നെന്നും ഹോട്ടൽ മാനേജരും റിസപ്ഷനിസ്റ്റും പറയുന്നു.

കൈയടിച്ച് ജനം

മെഡിക്കൽ കോളേജിലെ ജീവനക്കാരും പോലീസും മുൾമുനയിലായിരുന്നു ആ മുക്കാൽ മണിക്കൂർ. ഗൈനക്കോളജി വിഭാഗത്തിൽ നവജാതശിശുവിനെ തട്ടിക്കൊണ്ടുപോെയന്ന വാർത്ത ഞെട്ടലോടെയാണ് വാർഡിലുള്ളവരും കൂട്ടിരിപ്പുകാരും കേട്ടത്. ആരുടെ കുട്ടിയെയാണ് കാണാതായതെന്നും തങ്ങളുടെ കുട്ടി സുരക്ഷിതമാണോയെന്നുമായിരുന്നു വാർഡിലും പുറത്തുള്ള ബന്ധുക്കളുടെയും ആശങ്ക.

അഞ്ചുമിനിറ്റിനുള്ളിൽ പോലീസെത്തി. കാണാതായ കുട്ടിയുടെ വിവരങ്ങൾ ലഭ്യമായതോടെ കാര്യങ്ങൾ അന്വേഷണത്തിന്റെ ഗതിയിലേക്ക് നീങ്ങി. വിവരം സമൂഹമാധ്യമങ്ങളിൽ പടർന്നു. വാർഡിലുള്ളവരുടെ കൂട്ടിരിപ്പുകാർ ബൈക്കുകളിൽ സമീപപ്രദേശങ്ങളിൽ തിരച്ചിലിനായി ഇറങ്ങി. അരമണിക്കൂറിനുള്ളിൽ കുട്ടി സമീപത്തെ ഫ്ലോറൽ പാർക്കിലുണ്ടെന്നുള്ള വിവരം ആശുപത്രിയിലെത്തി. അതോടെ കുട്ടിയെ എത്തിക്കുന്നതും കാത്ത് നൂറുകണക്കിനാളുകൾ ഗൈനക്കോളജി വിഭാഗത്തിനുമുന്നിൽ തടിച്ചുകൂടി. അപ്പോഴേക്കും സമയം വൈകീട്ട് നാലര കഴിഞ്ഞിരുന്നു. ഗാന്ധിനഗർ എസ്.ഐ. പി.എസ്. റെനീഷ് കുഞ്ഞിനെ കൈവെള്ളയിൽ പൊതിഞ്ഞ് കൊണ്ടുവന്നത്. അതോടെ ആശങ്ക ആഹ്ളാദത്തിന് വഴിമാറി.
കൈകൊട്ടിയും സല്യൂട്ട് ചെയ്തും ആളുകൾ പോലീസിനെയും കുഞ്ഞിനെയും വരവേൽക്കുന്ന കാഴ്ചയായിരുന്നു പിന്നീട്. പോലീസിന്റെ സമയോചിതവും സ്തുത്യർഹവുമായ ഇടപെടലിന് ജനത്തിന്റെ ആദരമായി അത് മാറി.

കുഞ്ഞിനെ പോലീസ് ഹെഡ് നഴ്സിന് കൈമാറി. നഴ്സിന്റെ കൈയിൽനിന്ന് അമ്മ കുഞ്ഞിനെ ഏറ്റുവാങ്ങിയതോടെയാണ് എല്ലാവർക്കും സമാധാനമായത്.

ആശുപത്രി ആർ.എം.ഒ. ആർ.പി.രഞ്ജിൻ, സാർജന്റ് ജോയിസ് ജേക്കബ് എന്നിവരും സ്ഥലത്തുണ്ടായിരുന്നു. ഗാന്ധിനഗർ പോലീസ് സ്റ്റേഷനിലെത്തിയ മന്ത്രി വി.എൻ.വാസവൻ പോലീസിന്റെ അതിവേഗ ഇടപെടലിനെ അഭിനന്ദിച്ചു. എങ്കിലും തിരക്കുള്ള പകൽ സമയത്ത് കുഞ്ഞിനെ നഴ്സിന്റെ വേഷത്തിലെത്തി തട്ടിയെടുത്തത് ആശുപത്രിയിലെ സുരക്ഷാ വീഴ്ചയാണെന്ന് ആക്ഷേപമുയർന്നു കഴിഞ്ഞു.

‘തിരിച്ചുകിട്ടിയത് എന്റെ ജീവൻ’

‘തിരിച്ചുകിട്ടിയത് എന്റെ ജീവൻ. മോളെ നഷ്ടപ്പെട്ട നിമിഷങ്ങൾ ഓർമയിലില്ല,’-തിരികെക്കിട്ടിയ കൺമണിയെ വാരിപ്പുണർന്ന് വണ്ടിപ്പെരിയാർ വലിയതറയിൽ അശ്വതി പറഞ്ഞു.
കുഞ്ഞിനെ പോലീസ് വീണ്ടെടുത്ത് അമ്മ അശ്വതിക്ക് കൈമാറുന്നു

‘വെളുത്ത കോട്ടുധരിച്ച് നഴ്സായാണ് ആ സ്ത്രീ വന്നത്. മഞ്ഞപ്പിത്തം പരിശോധനയ്ക്കും ചികിത്സയ്ക്കുമെന്നുപറഞ്ഞാണ് കുട്ടിയെ കൊണ്ടുപോയത്. സംസാരത്തിലോ, പെരുമാറ്റത്തിലോ ഒരുസംശയവും തോന്നിയില്ല. പ്രസവംകഴിഞ്ഞ് രണ്ടുദിവസമേ ആയുള്ളൂ. എനിക്ക് നല്ല ക്ഷീണവുമുണ്ടായിരുന്നു. തിരികെക്കൊണ്ടുവരാൻ താമസിച്ചപ്പോൾ അന്വേഷിച്ചു. അപ്പോഴാണ് കുഞ്ഞിനെ നഷ്ടമായത് അറിഞ്ഞത്. അതോടെ തളർന്നുപോയി. മോളെ തിരികെ എത്തിച്ചുതന്ന, ഒപ്പംനിന്ന എല്ലാവരെയും ദൈവം അനുഗ്രഹിക്കും,’-അശ്വതി പറഞ്ഞു.

കുട്ടിയെ പിന്നീട് തീവ്രപരിചരണ വിഭാഗത്തിലേക്ക് കൊണ്ടുപോകുമ്പോൾ, ജീവനക്കാർക്ക് നൽകാതെ അശ്വതിതന്നെ മാറോട് ചേർത്തുപിടിച്ചിരുന്നു.

നവജാതശിശുവിനെ തട്ടിയെടുത്ത സംഭവത്തിൽ പ്രതി കുറ്റം ചെയ്തത് തനിച്ചാണെന്ന് കോട്ടയം ജില്ലാ പോലീസ് മേധാവി ഡി.ശിൽപ്പ. വ്യക്തിപരമായ ചില ലക്ഷ്യങ്ങൾക്കുവേണ്ടിയാണ് കുഞ്ഞിനെ തട്ടിയെടുത്തത്.

പ്രതിക്ക് കുട്ടിക്കടത്ത് റാക്കറ്റുമായി ബന്ധമില്ല. മറ്റാരുടെയും സഹായമില്ല. ഒപ്പമുണ്ടായിരുന്ന ആൺകുട്ടി സ്വന്തം കുട്ടിതന്നെയാണെന്നും ജില്ലാ പോലീസ് മേധാവി ഡി.ശിൽപ്പ പറഞ്ഞു.

കുട്ടിയെ തട്ടിയെടുത്തത് വ്യക്തിപരമായ ലക്ഷ്യത്തോടെ

വ്യക്തിപരമായ ലക്ഷ്യത്തോടെയാണ് നീതു കുട്ടിയെ തട്ടിയെടുത്തതെന്ന് കോട്ടയം എസ്.പി ഡി. ശിൽപ വ്യക്തമാക്കി. പോലീസ് ഉണർന്ന് പ്രവർത്തിച്ചതിനാലാണ് കുട്ടിയെ കണ്ടെത്താനായതെന്നും എസ്.പി. കൂട്ടിച്ചേർത്തു.

കുട്ടിയെ കാണാനില്ല എന്ന വിവരം ലഭിച്ചതോടെ വണ്ടികളും ഹോട്ടലുകളും പരിശോധിക്കാൻ നിർദേശം നൽകിയിരുന്നു. അതേത്തുടർന്ന് സമീപത്തെ ലോഡ്ജിൽനിന്ന് ഒരു സ്ത്രീ കുഞ്ഞിനെ കൊണ്ടുവന്നു എന്നുള്ള ഫോൺ സന്ദേശം ലഭിക്കുകയായിരുന്നു.
സംഭവമറിഞ്ഞ് ഗാന്ധിനഗർ പോലീസ് സ്റ്റേഷനിൽ എത്തി​യ മന്ത്രി വി.എൻ.വാസവൻ ജില്ലാ പോലീസ് മേധാവി ഡി.ശില്പയോട് കാര്യങ്ങൾ ചോദിച്ചറിയുന്നു
ഇവിടെ എത്തിയ പോലീസ് കുഞ്ഞിനെ രക്ഷപ്പെടുത്തി യുവതിയെ അറസ്റ്റ് ചെയ്തു. വ്യക്തിപരമായ കാരണത്താലാണ് ഇവർ ഇത് ചെയ്തത് എന്നാണ് പോലീസിനോട് പറഞ്ഞത്. കൂടുതൽ പരിശോധനകൾക്ക് ശേഷം കൂടുതൽ വിവരങ്ങൾ പുറത്തുവിടുമെന്നും ഡി. ശിൽപ പറഞ്ഞു.

പ്രതി നീതുവിനെ ചോദ്യം ചെയ്തതിൽ കളമശേരി സ്വദേശി ഇബ്രഹിം ബാദുഷയെ പോലിസ് കസ്റ്റഡിയിലെടുത്തു. ഇയാൾ നീതുവിന്റെ കാമുകനാണന്ന് കരുതുന്നു. നീതുവിനുണ്ടായ കുട്ടിയാണന്ന് ബന്ധുക്കളെ കാണിക്കാനാണ് കുട്ടിയെ തട്ടിയെടുത്തതെന്നാണ് പോലീസ് ചോദ്യം ചെയ്തപ്പോൾ മനസിലാക്കിയത്. ഇതിനായി നീതുവിനെ പ്രേരിപ്പിച്ചതിനാണ് ഇബ്രഹിം ബാദുഷയെ കസ്റ്റഡിയിലെടുത്തത്.സംഭവത്തെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്താൻ ആരോഗ്യമന്ത്രി ഉത്തരവിട്ടു.

Leave a Reply

Your email address will not be published.