കെ എസ് ആർ ടി സി ശമ്പള പ്രതിസന്ധി;ശമ്പളം നാളെ നൽകുമെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പ്1 min read

തിരുവനന്തപുരം:കെഎസ്‌ആര്‍ടിസിയിലെ ശമ്ബള പ്രതിസന്ധിക്ക് പരിഹാരം. ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ ശമ്പള കുടിശ്ശിക നാളെ തന്നെ തീര്‍ത്തുനല്‍കുമെന്ന് യൂണിയന്‍ നേതാക്കളുമായി നടന്ന ചര്‍ച്ചയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. തുടര്‍ന്നുള്ള മാസങ്ങളില്‍ 5ന് മുന്‍പ് തന്നെ ശമ്പളം നല്‍കുമെന്നും മുഖ്യമന്ത്രി ഉറപ്പ് നല്‍കി.

12 മണിക്കൂര്‍ സിംഗിള്‍ ഡ്യൂട്ടി വിഷയത്തില്‍ ഇപ്പോഴും തര്‍ക്കം തുടരുകയാണ്. ഇക്കാര്യത്തില്‍ വിശദമായ ചര്‍ച്ച നടത്താമെന്നും മുഖ്യമന്ത്രി യോഗത്തില്‍ അറിയിച്ചു. 12 മണിക്കൂര്‍ സ്‌പ്രെഡ് ഓവര്‍ അംഗീകരിക്കില്ലെന്ന് ടിഡിഎഫ് വര്‍ക്കിങ് പ്രസിഡന്‍റ് എം വിന്‍സെന്‍റ് എംഎല്‍എ പറഞ്ഞു.

എട്ട് മണിക്കൂര്‍ സിംഗിള്‍ ഡ്യൂട്ടി അംഗീകരിക്കാം. ശമ്പള കരാർ ചര്‍ച്ചയുടെ കാലത്ത് 12 മണിക്കൂര്‍ ഡ്യൂട്ടിയെന്ന് മാനേജ്‌മെന്‍റ് പറഞ്ഞിട്ടില്ല. ചര്‍ച്ചയിലെ ശമ്പള കാര്യം സ്വാഗതാര്‍ഹമാണ്. ഓണം അഡ്വാന്‍സും പരിഗണിക്കാമെന്ന് മുഖ്യമന്ത്രി പറഞ്ഞതായും അദ്ദേഹം അറിയിച്ചു.

12 മണിക്കൂര്‍ സിംഗിള്‍ ഡ്യൂട്ടി അംഗീകരിക്കാനാകില്ലെന്ന നിലപാട് ബിഎംഎസും ആവര്‍ത്തിച്ചു. മൂന്ന് മാസം പരീക്ഷണാടിസ്ഥാനത്തില്‍ 12 മണിക്കൂര്‍ സിംഗിള്‍ ഡ്യൂട്ടി നടത്താമെന്ന് മുഖ്യമന്ത്രി പറഞ്ഞു. അത് യൂണിയന്‍ അംഗീകരിക്കില്ലെന്ന് ബിഎംഎസ് മുഖ്യമന്ത്രിയെ അറിയിച്ചു.

കെഎസ്‌ആര്‍ടിസിയിലെ വരവുചെലവ് കണക്കുകള്‍ പരിശോധിക്കണമെന്നും സിഐടിയു ആവശ്യപ്പെട്ടു. തെറ്റിദ്ധരിപ്പിക്കുന്ന കണക്കാണ് മുഖ്യമന്ത്രിക്ക് മുന്നില്‍ മാനേജ്‌മെന്‍റ് നല്‍കിയതെന്നും സിഐടിയു നേതാക്കള്‍ പറഞ്ഞു. എട്ട് മണിക്കൂര്‍ ഡ്യൂട്ടി അംഗീകരിച്ചു. 12 മണിക്കൂര്‍ ഡ്യൂട്ടിയില്‍ തര്‍ക്കമുണ്ട്. ചര്‍ച്ച വിജയമായിരുന്നുവെന്നും മുഖ്യമന്ത്രിയുടെ ഇടപെടല്‍ ഗുണകരമായിരുന്നുവെന്നും ജനറല്‍ സെക്രട്ടറി എസ്‌ വിനോദ് പറഞ്ഞു. ചര്‍ച്ചയില്‍ മന്ത്രി ആന്‍റണി രാജു, വി ശിവന്‍കുട്ടി, കെഎസ്‌ആര്‍ടിസി എംഡി ബിജു പ്രഭാകര്‍, അംഗീകൃത തൊഴിലാളി യൂണിയനുകളും പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *