ഓട്ടോ-ടാക്‌സി ഡ്രൈവർമാർക്കായി ബോധവത്കരണം ഏപ്രിൽ 18ന്1 min read

4/4/23

തിരുവനന്തപുരം :കോവളത്ത് വിദേശ പൗരനെ ടാക്‌സി ഡ്രൈവർ ആക്രമിച്ചതുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടർ ജെറോമിക് ജോർജിന്റെ അധ്യക്ഷതയിൽ കോവളം ഗസ്റ്റ്ഹൗസിൽ അടിയന്തരയോഗം ചേർന്നു. ഓട്ടോ-ടാക്‌സി സേവനങ്ങൾ ടൂറിസ്റ്റ് ഫ്രണ്ട്‌ലി ആയി മാറ്റുന്നതുമായി ബന്ധപ്പെട്ട് യോഗം ചർച്ച ചെയ്തു. ആദ്യഘട്ടമെന്ന നിലയിൽ കോവളത്തെ ഓട്ടോ-ടാക്‌സി ഡ്രൈവർമാർക്ക് ബോധവത്കരണം നൽകാൻ തീരുമാനമായി. ഏപ്രിൽ 18ന് ബോധവത്കരണ ക്ലാസുകൾ നൽകും. ജില്ലാ ഭരണകൂടം, ആർടിഒ, ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ സംയുക്തമായാണ് ബോധവത്കരണം നൽകുന്നത്. തുടർന്ന് ടൂറിസം വകുപ്പും ഡിടിപിസിയും സംയുക്തമായി ഡ്രൈവർമാർക്കായി പരിശീലന പരിപാടികൾ സംഘടിപ്പിക്കും. പരിശീലനം പൂർത്തിയാക്കുന്നവർക്ക് ടൂറിസ്റ്റ് ഫ്രണ്ട്‌ലി ടാക്‌സി ഡ്രൈവർ എന്ന ഐഡി കാർഡ് നൽകും. കൂടാതെ ഡ്രൈവർമാരുടെ സീറ്റുകൾക്ക് പിറകിലായി ക്യൂആർ കോഡ് റേറ്റിംഗ് സിസ്റ്റം സ്ഥാപിക്കും. യാത്രക്കാർക്ക് ഈ ക്യൂ ആർ കോഡ് സ്‌കാൻ ചെയ്ത് അഭിപ്രായം രേഖപ്പെടുത്താനാകും. അഭിപ്രായങ്ങൾ പരിശോധിക്കുന്നതിനായി ആർടിഒ, പോലീസ്, ടൂറിസം വകുപ്പുകളിലെ ഉദ്യോഗസ്ഥർ, വിവിധ ടാക്സി യൂണിയൻ പ്രതിനിധികൾ ഉൾപ്പെടുന്ന ഒരു കമ്മിറ്റി രൂപീകരിക്കുമെന്നും ജില്ലാ കളക്ടർ പറഞ്ഞു. മികച്ച റേറ്റിംഗ് ലഭിക്കുന്ന ഡ്രൈവർമാർക്ക് ഗോൾഡൻ കാർഡ് നൽകും. സിൽവർ, ബേസ് കാറ്റഗറി എന്നിങ്ങനെയാണ് തുടന്നുള്ള റേറ്റിംഗിന് ലഭിക്കുന്ന കാർഡുകൾ. പ്രദേശത്ത് മികച്ച ഡ്രൈവർമാരുടെ സേവനം വിനോദസഞ്ചാരികൾക്കുൾപ്പെടെ പരമാവധി ഉപയോഗിക്കുന്നതിന് റേറ്റിംഗ് സിസ്റ്റം സഹായകരമാകും. മോശം പ്രകടനം തുടർച്ചയായി കാഴ്ചവെക്കുന്ന ഡ്രൈവർമാരുടെ ലൈസൻസ് റദ്ദാക്കാൻ ആർടിഒയ്ക്ക് നിർദേശം നൽകാനും യോഗത്തിൽ തീരുമാനമായി.

ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ ജി.എൽ രാജീവ്, ഡി.ടി.പി.സി സെക്രട്ടറി ഷാരോൺ, എക്സിക്യൂട്ടിവ് കമ്മിറ്റി അംഗം ശ്രീ. വെങ്ങാനൂർ ബ്രൈറ്റ്, പോലീസ്, മോട്ടോർ വെഹിക്കിൽ വകുപ്പ് ഉദ്യോഗസ്ഥരും വിവിധ ടാക്സി യൂണിയൻ പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *