‘ഗ്രാമം തോറും പാഞ്ഞോടും ഗ്രാമവണ്ടി’ ;പദ്ധതിക്ക് തുടക്കമായി1 min read

29/7/22

തിരുവനന്തപുരം :തദ്ദേശ സ്ഥാപനങ്ങളുമായി സഹകരിച്ച് കെ എസ് ആർ ടി സി നടപ്പിലാക്കുന്ന ‘ഗ്രാമവണ്ടി’ ക്ക് തുടക്കമായി. കൊല്ലയില്‍ ​ഗ്രാമ പഞ്ചായത്ത് സ്പോണ്‍സര്‍ ചെയ്ത ​ഗ്രാമവണ്ടിയുടെ സംസ്ഥാനതല ഉദ്ഘാടനം മന്ത്രി എം.വി. ​ഗോവിന്ദന്‍ നിര്‍വഹിച്ചു.

കേരള ചരിത്രത്തിലെ ഒരു പുതിയ ആശയമാണ് ​ഗ്രാമവണ്ടി പദ്ധതിയിലൂടെ നടപ്പിലാക്കുന്നതെന്ന് ​പദ്ധതിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ച്‌ മന്ത്രി ​പറഞ്ഞു. ഒരു പഞ്ചായത്തിലെ ബസ് പോകുന്ന എല്ലാ റോഡുകളിലും എത്തുന്ന രീതിയിലായിരിക്കും ​ഗ്രാമവണ്ടി സര്‍വിസ് നടത്തുക. യാത്ര വളരെ ആവശ്യമുള്ളതാണ്. ലോകത്തെ അടുപ്പിക്കുന്നത് തന്നെ യാത്രയാണ്. ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരത്തില്‍ ജനപങ്കാളിത്തത്തോടെ ഗ്രാമവണ്ടി സര്‍വീസ് നടപ്പാക്കുന്നത്.

നാട്ടിന്‍ പുറങ്ങളില്‍ മുഴുവന്‍ കെഎസ്‌ആര്‍ടിസി ബസുകള്‍ സഞ്ചരിക്കുന്നത് തന്നെ വിജയകരമാണ്. ​ഗ്രാമപഞ്ചായത്ത് പ്രതിനിധികളുടെ ഓണറേറിയം ഉള്‍പ്പെടെ ഇതിനായി സ്പോണ്‍സര്‍ ചെയ്യാനാകും. ഉത്സവങ്ങള്‍, മറ്റ് വാര്‍ഷിക ആഘോഷങ്ങള്‍, കമ്പനിനടത്തുന്നവര്‍ തുടങ്ങി സ്വകാര്യ സംരംഭകര്‍ക്കും ഇതിലേക്ക് സ്പോണ്‍സര്‍ ചെയ്യാനാകും. സ്പോണ്‍സര്‍ ചെയ്യുന്നവരുടെ പരസ്യം ഉള്‍പ്പെടെ പതിക്കാനുള്ള സൗകര്യവും ഒരുക്കും. കേരളത്തിലെ മുഴുവന്‍ പഞ്ചായത്തുകളിലും പദ്ധതി നടപ്പാക്കുമെന്നും മന്ത്രി അറിയിച്ചു.

താന്‍ മന്ത്രിയായ ശേഷം ലഭിച്ച ഏറ്റവും കൂടുതല്‍ നിവേദനങ്ങള്‍ പ്രാദേശിക തലത്തില്‍ കൂടുതല്‍ ബസുകള്‍ വേണമെന്നായിരുന്നുവെന്ന് ആദ്യ ബസ് ഫ്ലാ​ഗ് ഓഫ് ചെയ്ത ​മന്ത്രി ആന്റണി രാജു പറ‍ഞ്ഞു.

കേരളത്തിലെ എല്ലാ പ്രദേശങ്ങളിലും ​ഗ്രാമവണ്ടി നടപ്പാക്കേണ്ടി വരും. ഏത് തദ്ദേശസ്വയംഭരണ സ്ഥാപനം ചോദിച്ചാലും വണ്ടി കൊടുക്കാന്‍ തയാറാണ്. ഇടറോഡുകളില്‍ രണ്ടാം ഘട്ടത്തില്‍ ചെറിയ ബസുകള്‍ ഉള്ള സ്വകാര്യ ബസ് ഉടമകളുമായി കരാര്‍ ഉണ്ടാക്കി അവരുടെ ബസുകള്‍ എടുത്ത് സര്‍വീസ് നടത്താനാണ് ഉദ്ദേശമെന്നും മന്ത്രി പറഞ്ഞു.

പദ്ധതിക്ക് പിന്തുണയുമായി മലപ്പുറം ജില്ല മുന്നോട്ട് വന്നതായി സൂചനയുണ്ട്.കേരളമൊട്ടാകെ പദ്ധതി നടന്നാൽ കെ എസ് ആർ ടി സി ക്ക് പുതിയ ഊർജം നൽകുമെന്ന്പ്രതീക്ഷിക്കുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *