സജി ചെറിയാന്റെ ഭരണഘടനാ വിരുദ്ധ പരാമർശം ;ചെറിയാൻ പറഞ്ഞത് രാജ്യത്തിന്റെ അവസ്ഥയെന്ന് സിപിഎം, വിശദീകരണം തേടി ഗവർണർ,സത്യപ്രതിജ്ഞ ലംഘനമെന്ന് കമൽ പാഷ1 min read

5/7/22

തിരുവനന്തപുരം: ഇന്ത്യന്‍ ഭരണഘടനയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി മന്ത്രി സജി ചെറിയാന്‍. ജനങ്ങളെ കൊളളയടിക്കാന്‍ പറ്റിയതാണ് ഇന്ത്യയുടെ ഭരണഘടനയെന്ന് മന്ത്രി പറഞ്ഞു. തൊഴിലാളികളെ ചൂഷണം ചെയ്യുന്നതിൽ ഭരണഘടന സഹായിക്കുന്നു. തൊഴിലാളികള്‍ക്ക് ഭരണഘടന സംരക്ഷണം നല്‍കുന്നില്ലെന്നും സജി ചെറിയാന്‍ പറഞ്ഞു. മല്ലപ്പള്ളിയിലെ ഒരു സിപിഐഎം പരിപാടിയിലായിരുന്നു മന്ത്രിയുടെ വിവാദ പരാമര്‍ശങ്ങള്‍.

മന്ത്രിയുടെ വാക്കുകള്‍… ‘ഇന്ത്യയിലെ ജനങ്ങളെ കൊള്ളയടിക്കാന്‍ പറ്റിയ മനോഹരമായ ഭരണഘടനയാണ് ഇവിടെയുള്ളത്. ബ്രിട്ടീഷുകാര്‍ പറഞ്ഞ് എഴുതിയെടുത്ത ഒരു ഭരണഘടനയാണ്. ജനങ്ങളെ ചൂഷണം ചെയ്യാന്‍ ഭരണഘടന സഹായിക്കുന്നു’. കോടതികയേയും നീതിന്യായ വ്യവസ്ഥയേയും പ്രസംഗത്തില്‍ മന്ത്രി രൂക്ഷമായി വിമർശിച്ചു.

അതേസമയം ചെറിയാൻ പറഞ്ഞത് രാജ്യത്തിലെ ജനങ്ങളുടെ അവസ്ഥയാണെന്ന് സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി ഉദയഭാനു പറഞ്ഞു..ഭരണഘടന എത്രയോ തവണ ഭേദഗതി ചെയ്തിട്ടുണ്ട്. ഇന്ത്യയുടെ ഭരണഘടന അതിമനോഹരമായ ഭരണഘടനയാണ്. ഈ ഭരണഘടന രാജ്യത്തുണ്ടായിട്ടും രാജ്യത്തിന്റെ പ്രശ്‌നങ്ങളൊന്നും പരിഹരിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന അര്‍ഥത്തിലാണ് മന്ത്രി സജി ചെറിയാന്‍ സംസാരിച്ചതെന്ന് അദ്ദേഹം പറഞ്ഞു

മന്ത്രി സജി ചെറിയാൻ നടത്തിയ വിവാദ പരാമർശത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വിശദീകരണം തേടി. പ്രസ്താവനയുടെ വീഡിയോ അടക്കം ഹാജരാക്കാൻ ചീഫ് സെക്രട്ടറിക്ക് നിർദ്ദേശം നൽകി.

മന്ത്രിയുടെ പ്രസ്താവന ഭരണഘടനാ ലംഘനമാണോയെന്ന് പരിശോധിക്കും. പ്രസംഗം പരിശോധിച്ചതിന് ശേഷം ഗൗരവതരമെങ്കിൽ രാഷ്ട്രപതിക്ക് റിപ്പോർട്ട് നൽകും. അതേസമയം വിഷയം ഗൗരവത്തോടെയാണ് രാജ്ഭവൻ കാണുന്നത്.

അതേസമയം മന്ത്രി സജി ചെറിയാന്‍ നടത്തിയത് സത്യപ്രതിജ്ഞാ ലംഘനമാണെന്ന് ജസ്റ്റിസ് കെമാല്‍ പാഷ. ഭരണഘടനയുടെ ബലത്തില്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തില്‍ കയറിയ വ്യക്തിയാണ് സജി ചെറിയാന്‍. ഒരു കാരണവശാലും അദ്ദേഹം അധികാരത്തില്‍ തുടരരുതെന്നും കെമാല്‍ പാഷ പറഞ്ഞു.

അദ്ദേഹത്തിന്റെ രാജി മുഖ്യമന്ത്രി ചോദിച്ചുവാങ്ങണം. അല്ലാത്ത പക്ഷം മുഖ്യമന്ത്രിയും അങ്ങനെ കരുതുന്നുവന്ന് ചിന്തിക്കേണ്ടി വരും. വിമര്‍ശിച്ചാല്‍ സര്‍ക്കാര്‍ കേസെടുക്കുന്ന പോലെയല്ല കാര്യങ്ങളെന്നും കെമാല്‍ പാഷ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *