ബസുകളുടെ രൂപം മാറ്റിയാൽ ഇനി 10,000 പിഴ, വർക്ക്‌ഷോപ്പുകാർക്കും ഉദ്യോഗസ്ഥർക്കും ഉത്തരവാദിത്തം ; ആന്റണി രാജു1 min read

11/10/22

തിരുവനന്തപുരം: ബസുകൾ അനധികൃതമായി രൂപമാറ്റം വരുത്തിയാൽ ഓരോ രൂപമാറ്റത്തിനും 10,000 രൂപ പിഴ ഈടാക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. രൂപമാറ്റം വരുത്തിയാൽ 5000 രൂപയാണ് നിലവില്‍ പിഴ ഈടാക്കുന്നത്. നിയമലംഘനത്തെ കർശനമായി നേരിടാനാണു പിഴയില്‍ വര്‍ദ്ധനവ് വരുത്തുന്നത്. വേഗത നിയന്ത്രിക്കുന്ന സ്പീഡ് ഗവേര്‍ണറില്‍ ക്രമക്കേടുകള്‍ കാണിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു.
വടക്കഞ്ചേരി ബസ് അപകടത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തില്‍ വാഹനാപകടങ്ങള്‍ ഒഴിവാക്കുന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്യുവാന്‍ ഇന്ന് ഉന്നത തലയോഗം ചേര്‍ന്നു. അപകട സമയത്ത് വാഹനത്തിന്റെ വേഗത നിയന്ത്രിക്കുന്ന ഇലക്ട്രോണിക് കണ്‍ട്രോള്‍ യൂണിറ്റില്‍ അനധികൃതമായി മാറ്റം വരുത്തിയതായി കണ്ടെത്തി. ഇതിന് കാരണക്കാരായ വാഹന ഡീലര്‍, വര്‍ക്ക്ഷോപ്പ് എന്നിവര്‍ക്കെതിരെ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കതിരെ നിയമ നടപടികള്‍ കൈക്കൊള്ളുന്നതിന് പോലീസില്‍‌ പരാതി നല്‍കുവാന്‍ പാലക്കാട് എന്‍ഫോഴ്സ്മെന്റ് ആര്‍.ടി.ഒ.യെ ചുമതലപ്പെടുത്തി.
നിയമലംഘനം നടത്തുന്ന വാഹനങ്ങള്‍ പിടിച്ചെടുക്കുന്നതിനായി നടന്നു വരുന്ന ഓപ്പറേഷന്‍ കൂടുതല്‍ ശക്തമായി തുടരുവാന്‍ തീരുമാനിച്ചു. നിയമവിരുദ്ധമായ സംവിധാനങ്ങള്‍ ഉള്ള വാഹനങ്ങള്‍ നിരത്തിലിറക്കാന്‍ അനുവദിക്കുകയില്ല. വേഗ നിയന്ത്രണ സംവിധാനങ്ങള്‍, എക്സ്ട്രാ ഫിറ്റിംഗ്സുകള്‍, അനധികൃത രൂപമാറ്റങ്ങള്‍, ബ്രേക്ക് ലൈറ്റ്, പാര്‍ക്കിംഗ് ലൈറ്റ്, സിഗ്നല്‍ ലൈറ്റ് മുതലായവ കര്‍ശനമായി പരിശോധിക്കും.
കേരളത്തിലെ 86 ആര്‍.ടി. ഓഫീസുകളിലെ ഓരോ ഉദ്യോഗസ്ഥര്‍ക്കും പ്രസ്തുത ഓഫീസിന് കീഴിലുള്ള നിശ്ചിത എണ്ണം വാഹനങ്ങളുടെ പരിശോധനയുടെ ചുമതല നല്‍കും. പ്രസ്തുത വാഹനത്തില്‍ ക്രമക്കേടുകള്‍ കണ്ടെത്തിയാല്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥനും ഉത്തരവാദിയായിരിക്കും. ഓരോ ആഴ്ചയും ഡെപ്യൂട്ടി ട്രാന്‍പോര്‍ട്ട് കമ്മീഷണര്‍ തലത്തില്‍ കുറഞ്ഞത് 15 വാഹനങ്ങള്‍ ചെക്കിംഗുകള്‍ നടത്തും. അതിനു മുകളില്‍ സംസ്ഥാന തലത്തില്‍ സൂപ്പര്‍ ചെക്കിംഗുമുണ്ടാകും. അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍, മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍, ജോയിന്റ് ആര്‍.ടി.ഒ. തുടങ്ങിയ എക്സിക്യുട്ടീവ് ഓഫീസർമാർ പരിശോധനകള്‍ക്ക് നേതൃത്വം നല്‍കും.
ഏകീകൃത കളര്‍ കോഡ് സംബന്ധിച്ച് സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയുടെ തീരുമാനം ഉടനടി കര്‍ശനമായി നടപ്പിലാക്കുവാന്‍ തീരുമാനിച്ചു. കളര്‍കോഡ് ലംഘിക്കുന്ന വാഹനങ്ങള്‍ പിടിച്ചെടുക്കുന്നതാണ്. അപകടകരമായ രീതിയില്‍ വാഹനമോടിക്കുന്ന വാഹനങ്ങളുടെ വിവരം ബന്ധപ്പെട്ടവരെ അറിയിക്കുവാന്‍ മൊബൈല്‍ ആപ്പ് സംവിധാനം ഒരുക്കും. പൊതുജനങ്ങള്‍ക്ക് വാട്ടസ്ആപ്പിലൂടെ ഇത്തരം വാഹനങ്ങളുടെ വീഡിയോയും അയക്കാം.
ജി.പി.എസ്. ഘടിപ്പിക്കാത്ത പബ്ലിക് കാരിയേജ് വാഹനങ്ങളുടെ സി.എഫ്. കാന്‍സല്‍ ചെയ്യുന്ന നടപടികളിലേക്ക് നീങ്ങുന്നതാണ്. എ.ആര്‍.ഐ. അംഗീകാരമുള്ള നിര്‍മ്മാതാക്കളുടെ ജി.പി.എസ്. സംസ്ഥാനത്ത് ആവശ്യാനുസര​ണം ലഭ്യമാക്കുവാനുള്ള നടപടി സ്വീകരിക്കുവാന്‍ ട്രാന്‍സ്പോര്‍‌ട്ട് കമ്മീഷണറെ ചുമതലപ്പെടുത്തി. ഡ്രൈവര്‍മാരുടെ മികവും അപകടരഹിതവുമായ ഡ്രൈവിംഗ് ചരിത്രവും പരിഗണിച്ച് വാഹന ഉടമകള്‍ക്ക് ആനുകൂല്യം നല്‍കുന്ന കാര്യം പരിശോധിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *