ഇരട്ട പ്രഹരം ;വൈദ്യുതി ചാർജ് വർധനക്ക് പിന്നാലെ വെള്ളകരവും കൂടും1 min read

തിരുവനന്തപുരം :വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചതിന് പിന്നാലെ പൊതുജനത്തിന് ഇരട്ട പ്രഹരമായി വെള്ളക്കരവും ഉയര്‍ത്താൻ നീക്കം.

ഏപ്രില്‍ ഒന്ന് മുതല്‍ അഞ്ച് ശതമാനം നിരക്ക് വര്‍ധനയുണ്ടാകുമെന്നാണ് സൂചന.

നിരക്ക് വര്‍ധന സംബന്ധിച്ച്‌ ജല അതോറിറ്റി സംസ്ഥാന സര്‍ക്കാരിന് ശിപാര്‍ശ നല്‍കും. കടമെടുപ്പ് പരിധി ഉയര്‍ത്തുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ട് വച്ച്‌ വ്യവസ്ഥയുടെ അടിസ്ഥാനത്തിലാണ് നീക്കം.

2021 ഏപ്രില്‍ മുതല്‍ വെള്ളക്കരത്തില്‍ അഞ്ച് ശതമാനം വര്‍ധന വരുത്തുന്നുണ്ട്. ഓരോ വര്‍ഷവും ഇത് തുടരണമെന്ന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു. വ്യാഴാഴ്ചയാണ് സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചത്.

ആദ്യം വൈദ്യുതി നിരക്ക് പിന്നെ വെള്ളക്കരം

ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് വിവിധ സ്ലാബുകളിലായി യൂണിറ്റൊന്നിന് 10 പൈസ മുതല്‍ 30 പൈസ വരെയാണ് വര്‍ധന വരുത്തിയത്.

ഇതിനു പുറമെ പ്രതിമാസം നല്‍കേണ്ട ഫിക്‌സഡ് ചാര്‍ജും കുത്തനെ കൂട്ടിയിട്ടുണ്ട്. ഫിക്‌സഡ് ചാര്‍ജ് ഇനത്തില്‍ അഞ്ചു രൂപ മുതല്‍ 20 രൂപ വരെയുള്ള വര്‍ധനവാണ് വരുത്തിയത്. ഈ മാസം ഒന്നു മുതല്‍ നിരക്ക് വര്‍ധനയ്ക്ക് പ്രാബല്യമുണ്ട്.

പ്രതിമാസം 40 യൂണിറ്റ് വരെ ഉപയോഗിക്കുന്ന ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് നിരക്ക് വര്‍ധനയില്ല. ഇവര്‍ക്ക് യൂണിറ്റൊന്നിന് 1.50 രൂപ എന്ന നിരക്കിലുള്ള തുക നല്‍കിയാല്‍ മതി. നിരക്ക് വര്‍ധനയിലൂടെ കെഎസ്‌ഇബിക്ക് ഒരു വര്‍ഷം 1044 കോടി രൂപയുടെ അധിക വരുമാനമുണ്ടാകുമെന്നാണ് കണക്കാക്കുന്നത്.

പ്രതിമാസം 150 യൂണിറ്റ് വൈദ്യുതി ഉപയോഗിക്കുന്ന ഗാര്‍ഹിക ഉപയോക്താക്കള്‍ക്ക് 122 രൂപയുടെ വര്‍ധനയാണ് ഉണ്ടാവുക. നിലവില്‍ പ്രതിമാസം 150 യൂണിറ്റ് ഉപയോഗിക്കുന്നവര്‍ 605 രൂപയാണ് എനര്‍ജി ചാര്‍ജ് ഇനത്തില്‍ നല്‍കേണ്ടത്.

എന്നാല്‍ പുതിയ വര്‍ധനയോടെ ഇത് 728 രൂപയോളമാകും. അതായത് രണ്ടു മാസം കൂടുന്പോള്‍ വരുന്ന ഒരു വൈദ്യുതി ബില്ലില്‍ എനര്‍ജി ചാര്‍ജിന് മാത്രം 244 രൂപയുടെ വര്‍ധനയുണ്ടാകും. ഇതിനു പുറമെ രണ്ടു മാസത്തെ ഫിക്‌സഡ് ചാര്‍ജായ 170 രൂപയും നിലവില്‍ ഈടാക്കുന്ന സര്‍ചാര്‍ജും നല്‍കണം.

250 യൂണിറ്റ് വരെ ഉപയോഗിക്കുന്ന ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് ഓരോ 50 യൂണിറ്റിനും വിവിധ നിരക്കുകളാണ്(ടെലിസ്‌കോപ്പിക്) നല്‍കേണ്ടി വരിക. ആദ്യത്തെ 50 യൂണിറ്റ് വരെ യൂണിറ്റൊന്നിന് 3.25 രൂപയാണ് പുതിയ നിരക്ക്.

നേരത്തേ ഇത് 3.15 രൂപയായിരുന്നു. 51100 വരെ യൂണിറ്റൊന്നിന് 4.5 രൂപയും 101150 വരെ യൂണിറ്റൊന്നിന് 5.10 രൂപയും 151200 വരെ യൂണിറ്റൊന്നിന് 6.95 രൂപയും 201250 വരെ യൂണിറ്റൊന്നിന് 8.20 രൂപയുമാണ് പുതിയ നിരക്ക്.

Leave a Reply

Your email address will not be published. Required fields are marked *