ആരോപണ വിധേയരായ ഉദ്യോഗസ്ഥർക്കെതിരെ നടപടി ഉണ്ടാകുന്നതുവരെ മത്തായിയുടെ സംസ്കാരം നടത്തില്ലെന്ന് ബന്ധുക്കൾ, മത്തായിയുടെ ഭാര്യ ഇന്ന് മാധ്യമങ്ങളെ കാണും1 min read

പത്തനംതിട്ട:  വനം വകുപ്പിന്റെ കസ്റ്റഡിയിൽ ഇരിക്കെ  മരിച്ച മത്തായിയുടെ സംസ്കാരം,  കുറ്റക്കാരായ  വനപാലകര്‍ക്കെതിരെ നടപടി എടുത്തതിന് ശേഷമെ  നടത്തുകയുള്ളുവെന്ന് ബന്ധുക്കൾ പറഞ്ഞു.  മത്തായിയുടേത് മുങ്ങി മരണമെന്നായിരുന്നു ഇന്നലെ പുറത്തുവന്ന പോസ്‍റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. മത്തായിയുടെ ശരീരത്തില്‍ മര്‍ദനമേറ്റതിന്റെ സൂചനകളില്ല എന്നും റിപ്പോര്‍ട്ടിലുണ്ട്. ചൊവ്വാഴ്ചയാണ് വനം വകുപ്പ് കസ്റ്റഡിയിലെടുത്ത മത്തായിയെ സ്വന്തം ഫാമിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.തെളിവെടുപ്പിനിടെ ഓടി രക്ഷപ്പെട്ട മത്തായി കിണറ്റിലേക്ക് ചാടിയെന്നായിരുന്നു വനം വകുപ്പ് വിശദീകരണത്തെ ശരിവയ്ക്കുന്നതാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്.

മത്തായിയുടെ ശരീരത്തില്‍ ബലപ്രയോഗത്തിന്റെ ലക്ഷണങ്ങളില്ല. എന്നാല്‍ തലയുടെ ഇടത് ഭാഗത്ത് ക്ഷതവും ഇടത് കയ്യുടെ അസ്ഥിക്ക് ഒടിവുമുണ്ട്. മൂക്കില്‍ നിന്ന് രക്തം വാര്‍ന്നതിന്റെ സൂചനകളുമുണ്ട്. ഇത് കിണറ്റില്‍ വീണപ്പോള്‍ സംഭവിച്ചതെന്നാണ് കരുതുന്നത്.

ഒരാളെ കസ്റ്റഡിയിലെടുക്കുമ്പോൾ പാലിക്കേണ്ട നടപടികൾ വനംവകുപ്പിന്റെ ഭാഗത്തുനിന്നും ഉണ്ടായില്ല. തെളിവെടുപ്പിനിടെയാണ് മത്തായി കിണറ്റിൽ വീണത് എങ്കിൽ വനം വകുപ്പ് ഉദ്യോഗസ്ഥരുടെ സാനിധ്യത്തിൽ ആയിരിക്കും ഇങ്ങനെ സംഭവിച്ചത്. അങ്ങനെയെങ്കിൽ കിണറ്റിൽ വീണ ആളുകളെ രക്ഷിക്കാൻ വിദഗ്‌ധപരിശീലനം നേടിയ വനം വകുപ്പ് ഉദ്യോഗസ്ഥർ എന്തുകൊണ്ട് മത്തായിയെ രക്ഷിക്കാൻ ശ്രമിച്ചില്ല എന്ന ചോദ്യം നിലനിൽക്കുന്നു. മത്തായിയുടെ ഭാര്യ ഇന്ന് മാധ്യമങ്ങളെ കാണും എന്നാണ് വിവരം.

Leave a Reply

Your email address will not be published. Required fields are marked *