കെ എസ് ആർ ടി സി പ്രതിസന്ധി; അധിക വേതനം നൽകിയാൽ 12മണിക്കൂർ ജോലി ചെയ്യാമെന്ന് യൂണിയനുകൾ, ചർച്ച ഇന്നും തുടരും1 min read

18/8/22

തിരുവനന്തപുരം :കെ എസ് ആർ ടി സി യിലെ യൂണിയൻ നേതാക്കളുമായി സർക്കാർ പ്രതിനിധികൾ നടത്തുന്ന ചർച്ച ഇന്നും തുടരും ഇന്നലെ നടത്തിയ ചര്‍ച്ച പരാജയമായിരുന്നു. 12 മണിക്കൂര്‍ സിംഗിള്‍ ഡ്യൂട്ടി അംഗീകരിക്കില്ലെന്ന് തൊഴിലാളി യൂണിയന്‍ പ്രതിനിധികള്‍ പ്രതികരിച്ചു. ഇന്ന് ഒന്‍പത് മണിക്ക് തൊഴിലാളി യൂണിയനുകളുമായി സര്‍ക്കാര്‍ വീണ്ടും ചര്‍ച്ച നടത്തും

രണ്ട് പ്രധാന അജണ്ടകളാണ് ഇന്നത്തെ ചര്‍ച്ചയില്‍ ഉയര്‍ന്നുവന്നത്. സുശീല്‍ ഖന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ 12 മണിക്കൂര്‍ സിംഗിള്‍ ഡ്യൂട്ടി നടപ്പാക്കുകയായിരുന്നു ഇതില്‍ പ്രധാനം. ഈ വിഷയം കെ.എസ്.ആര്‍.ടി.സി മാനേജ്മെന്റ് മന്ത്രിമാര്‍ക്ക് മുന്നില്‍ സമര്‍പ്പിച്ചു. ചര്‍ച്ച നടത്തിയെങ്കിലും മൂന്ന് അംഗീകൃത യൂണിയനുകളും ഇത് തള്ളുകയായിരുന്നു. എട്ട് മണിക്കൂര്‍ സിംഗിള്‍ ഡ്യൂട്ടി എന്ന നിലപാടില്‍ ഉറച്ച്‌ നിന്ന യൂണിയന്‍ പ്രതിനിധികള്‍ എട്ട് മണിക്കൂറിന് ശേഷമുള്ള ഓരോ മണിക്കൂര്‍ ഡ്യൂട്ടിക്കും അധികവേതനം നല്‍കുകയാണെങ്കില്‍ 12 മണിക്കൂര്‍ എന്ന നിര്‍ദ്ദേശം അംഗീകരിക്കാമെന്നും വ്യക്തമാക്കി.

യൂണിയന്‍ സംരക്ഷണം വെട്ടിക്കുറക്കുക എന്ന രണ്ടാമത്തെ അജണ്ടയും പ്രതിനിധികള്‍ ശക്തമായി എതിര്‍ത്തു. റഫറണ്ടം അഥവാ യൂണിയനുകളുടെ വോട്ട് ശതമാനത്തിന്റെ അടിസ്ഥാനത്തില്‍ ഒരു കാരണവശാലും യൂണിയന്‍ സംരക്ഷണം വെട്ടിക്കുറക്കാനാകില്ലെന്ന നിലപാടിലാണ് പ്രതിനിധികള്‍.

ഗതാഗത മന്ത്രി ആന്റണി രാജുവിന് പുറമെ തൊഴില്‍ മന്ത്രി വി.ശിവന്‍കുട്ടിയും ചര്‍ച്ചയില്‍ പങ്കെടുത്തു. ശക്തമായ എതിര്‍പ്പിനിടെ ഇന്നത്തെ ചര്‍ച്ചയില്‍ വിഷയങ്ങള്‍ക്ക് എങ്ങനെ തീര്‍പ്പ് കല്‍പിക്കുമെന്നതാണ് സര്‍ക്കാരിന് മുന്നിലെ വെല്ലുവിളി. സമവായതിനുള്ള ശ്രമങ്ങളും സര്‍ക്കാര്‍നടത്തുന്നുണ്ട്.

അതേസമയം കെഎസ്‌ആര്‍ടിസിയിലെ ശമ്ബളവിതരണം വൈകുന്നതില്‍ കടുത്ത അമര്‍ഷവുമായി ഹൈക്കോടതി.ശമ്പളം കൊടുത്തിട്ട് തൊഴിലാളികളെ ചര്‍ച്ചയ്ക്ക് വിളിക്കൂവെന്ന് ഹൈക്കോടതി പറഞ്ഞു.ഡ്യൂട്ടി പരിഷ്കരണത്തില്‍ കോടതി തീരുമാനമെടുക്കുമെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ വ്യക്തമാക്കി.കെ.എസ്.ആര്‍.ടിസിയുടെ ആസ്തികള്‍ ഉപയോഗപ്പെടുത്തിയെങ്കിലും തൊഴിലാളികള്‍ക്ക് ശമ്പളം നല്‍കണം.ശമ്പളം ഉറപ്പാക്കണമെന്നാവശ്യപ്പെട്ടുള്ള കെ.എസ്.ആര്‍ ടി.സി ജീവനക്കാരുടെ ഹര്‍ജി പരിഗണിച്ചായിരുന്നു കോടതിയുടെ പരാമര്‍ശം.ഹര്‍ജി ഈ മാസം 24 ന് വീണ്ടും പരിഗണിക്കും.

കെഎസ്‌ആര്‍ടിസിയിലെ സാമ്പത്തിക ഞെരുക്കം രൂക്ഷമായി തുടരുകയാണ്. 90% തൊഴിലാളികള്‍ക്കും ജൂലൈ മാസത്തെ ശമ്പളം ലഭിച്ചിട്ടില്ല. ശമ്പള ത്തിന്റെ കാര്യത്തില്‍ ഹൈക്കോടതിക്ക് നല്‍കിയ വാക്ക് പാലിക്കാന്‍ ആവാത്ത മാനേജ്മെന്‍റിനേയും സര്‍ക്കാരിനെയും രൂക്ഷമായ ഭാഷയിലാണ് കോടതി കഴിഞ്ഞ ദിവസം വിമര്‍ശിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *