നടന സൂര്യൻ അറുപത്തിന്റെ നിറവിൽ1 min read

അഭിനയ കലയുടെ സൂര്യന് ഇന്ന് അറുപതാം പിറന്നാൾ. മലയാളികളുടെ മനസ്സിൽ ആഴത്തിൽ പതിഞ്ഞ ലാലേട്ടനെന്ന നാമത്തിന്റെ പിറന്നാൾ ആഘോഷിക്കുകയാണ് ലോകത്തിലെ എല്ലാ മലയാളികളും.

അനന്തപുരിയുടെ വിരിമാറിൽ നിന്നും അഭിനയ കലയുടെ സിംഹാസനം കീഴടക്കിയ ലാൽ, സിനിമയിൽ അഭിനയിക്കുക അല്ല ജീവിക്കുകയായിരുന്നു എന്ന് പലരും പറയുന്നു. ചെയ്ത കഥാപാത്രങ്ങളിലെ കൈയൊപ്പ് ഈ മഹാനടന്റെ മാത്രം പ്രത്യേകതയാണ്. മഞ്ഞിൽവിരിഞ്ഞ പൂക്കളിലെ വില്ലനായ നരേന്ദ്രൻ മുതൽ ലൂസിഫറിലെ സ്റ്റീഫൻ നെടുമ്പള്ളിയെയും പെട്ടന്ന് മലയാളി മറക്കില്ല.

തിരുവനന്തപുരം മോഡൽ സ്കൂളിലെ ട്രിവാൻഡ്രം ഗാങ്  വളർത്തിയെടുത്ത കലാകാരൻ ഇന്ന് ലോകത്തിന്റെ നെറുകയിൽ എത്തിയത് സ്വന്തം പ്രയത്നം മാത്രമാണ്. വെള്ളിത്തിരയിൽ അഭിനയം കൊണ്ട് കവിത രചിക്കുന്ന ലാലേട്ടൻ പൂർണതയുള്ള നടനാണെന്ന് ലോകം വിളിക്കുന്നതിൽ അത്ഭുതപെടേണ്ടതില്ല. തന്നെ തേടിയെത്തിയ കഥാപാത്രങ്ങളോട് കൃത്യമായ നീതി ലാലേട്ടൻ പുലർത്തിയിരുന്നു. കഥാപാത്രത്തിന്റെ പൂർണതക്കായി എന്ത് ത്യാഗം ചെയ്യാനുമുള്ള ആത്മാർത്ഥതയാണ് ലാലേട്ടന് ലഭിച്ച ബഹുമതികളെന്ന് അടുത്ത സുഹൃത്തുക്കൾ പറയാറുണ്ട്.

അഭിനയത്തിലെ അത്ഭുതനടൻ എന്ന് വിശേഷിപ്പിക്കാവുന്ന ലാലേട്ടൻ ചെയ്ത കഥാപാത്രങ്ങളിൽ ജീവിതത്തിന്റെ സ്പർശമുണ്ടായിരുന്നു. കിരീടം സാധാരണക്കാരന്റെ ജീവിതം വരച്ചുകാണിക്കുമ്പോൾ ലൂസിഫർ ലാലിനെ അമാനുഷികനാക്കി. കമലദളം ലാലിനെ നൃത്തകനാക്കിയപ്പോൾ വാനപ്രസ്ഥം ലാലേട്ടന് കഥകളികാരന്റെ പരിവേഷം നൽകി. ഹാസ്യംകൈകാര്യം ചെയ്യുന്നതിലെ ലാലേട്ടന്റെ പ്രത്യേക വൈഭവം മലയാളിക്ക് മറക്കാനാകില്ല.

അഭിനയത്തിന് പുറമെ ആലാപനത്തിലൂടെയും ലാലേട്ടന്റെ മാധുര്യം മലയാളി നുകർന്നതാണ്. സ്വന്തം ചിത്രത്തിന് പുറമെ മറ്റുതാരങ്ങൾക്കും വേണ്ടി ലാലേട്ടൻ പാടിയിട്ടുണ്ട്. ആദ്യമായി സംവിധാനത്തിലും പ്രവേശിക്കുന്ന ലാലേട്ടൻ മലയാള സിനിമലോകത്ത് വിസ്മയം തീർക്കാൻ ഒരുങ്ങുമ്പോൾ ആ മഹാനടന് ഹൃദയത്തിൽ നിന്നും ജനചിന്ത നേരുന്നു… ഒരായിരം ജന്മദിനാശംസകൾ…..

Leave a Reply

Your email address will not be published. Required fields are marked *