ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു1 min read

വികാരാധീനയായി വഹീദ; അല്ലു അര്‍ജുനും ആലിയ ഭട്ടും ബഹുമതികള്‍ ഏറ്റുവാങ്ങി;

ന്യുഡല്‍ഹി: 69ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു. ഡല്‍ഹി വിജ്ഞാന്‍ ഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മുവാണ് അവാര്‍ഡുകള്‍ വിതരണം ചെയ്തത്.

കേന്ദ്ര വാര്‍ത്ത വിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് ഠാക്കൂറും ചടങ്ങില്‍ പങ്കെടുത്തു. ദേശീയ ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചപ്പോള്‍ മലയാള സിനിമ തിളക്കമാര്‍ന്ന നേട്ടമാണ് കൊയ്തത്. ഫീച്ചര്‍, നോണ്‍ ഫീച്ചര്‍ വിഭാഗത്തിലായി എട്ട് പുരസ്‌കാരങ്ങളാണ് മലയാള സിനിമ സ്വന്തമാക്കുകയുണ്ടായത്.

‘ഹോം’ എന്ന സിനിമയിലെ അഭിനയത്തിന് നടന്‍ ഇന്ദ്രന്‍സ് പ്രത്യേക ജൂറി പുരസ്‌കാരം ഏറ്റുവാങ്ങി. ഈ ചിത്രം തന്നെയാണ് മികച്ച മലയാള ചിത്രമായും തിരഞ്ഞെടുക്കപ്പെട്ടത്. നിര്‍മാതാവ് വിജയ് ബാബുവും സംവിധായകന്‍ റോജിന്‍ തോമസും ‘ഹോമി’ന് വേണ്ടി പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങി.മലയാള സിനിമയായ ‘നായാട്ടി’ന്റെ തിരക്കഥയൊരുക്കിയ ഷാഹി കബീറാണ് മികച്ച ഒറിജിനല്‍ തിരക്കഥയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടത്. മികച്ച പുതുമുഖ സംവിധായകനുള്ള ഇന്ദിരാഗാന്ധി പുരസ്‌കാരം ‘മേപ്പടിയാന്‍’ എന്ന ചിത്രമൊരുക്കിയ വിഷ്ണു മോഹന്‍ ഏറ്റുവാങ്ങുകയുണ്ടായി.

മികച്ച ഓഡിയോഗ്രാഫിക്കുള്ള പുരസ്‌കാരം ‘ചവിട്ട്’ എന്ന സിനിമയ്ക്കായി സോനു കെപി ഏറ്റുവാങ്ങിയപ്പോള്‍ മികച്ച ഓഡിയോഗ്രാഫിക്കുള്ള പുരസ്‌കാരം ഇതേ സിനിമയ്ക്ക് വേണ്ടി അരുണ്‍ അശോകും സ്വീകരിച്ചു. സമഗ്ര സംഭാവനയ്ക്കുള്ള ‘ദാദാ സാഹിബ് ഫാല്‍ക്കെ’ പുരസ്‌കാരം നടി വഹീദ റഹ്മാന് രാഷ്ട്രപതി ദ്രൗപദി മുര്‍മു സമ്മാനിച്ചു. മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ട അല്ലു അര്‍ജുന്‍, മികച്ച നടിമാരായ ആലിയ ഭട്ട്, കൃതി സനോന്‍ എന്നിവരും അവാര്‍ഡുകള്‍ ഏറ്റുവാങ്ങി. ‘പുഷ്പ ദി റൈസി’ലെ അഭിനയത്തിനാണ് അല്ലു അര്‍ജുന്റെ പുരസ്‌കാര നേട്ടം. ‘ഗംഗുഭായ് കത്തിയാവാഡി’ എന്ന ഹിന്ദി സിനിമയിലെ പ്രകടനത്തിലൂടെ ആലിയ ഭട്ടും ‘മിമി’ എന്ന സിനിമയിലൂടെ കൃതി സനോണും പുരസ്‌കാരത്തിന് അർഹരായവരിൽ  പ്രമുഖരാണ്.

Leave a Reply

Your email address will not be published. Required fields are marked *