ഭിന്നശേഷിക്കാരുമായി മുഖ്യമന്ത്രിയുടെ മുഖാമുഖം 26ന്, വിപുലമായ ഒരുക്കങ്ങള്‍1 min read

 

തിരുവനന്തപുരം :ഭിന്നശേഷി സൗഹൃദ കേരളം നവകേരള കാഴ്ചപ്പാട് എന്ന വിഷയത്തില്‍ ഭിന്നശേഷി മേഖലയിലെ പ്രമുഖ വ്യക്തികളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തുന്ന മുഖാമുഖം പരിപാടി ഫെബ്രുവരി 26ന് നടക്കും. രാവിലെ 9.30 മുതല്‍ ഉച്ചയ്ക്ക് 1.30 വരെ തിരുവനന്തപുരം ആര്‍.ഡി.ആര്‍ കണ്‍വെന്‍ഷന്‍ സെന്ററിലാണ് പരിപാടി. നവകേരള സദസിന്റെ തുടര്‍ച്ചയായി സംഘടിപ്പിക്കുന്ന മുഖാമുഖത്തിന്റെ വിജയത്തിനായി വിപുലമായ മുന്നൊരുക്കങ്ങളാണ് നടക്കുന്നത്.

ഉന്നതവിദ്യാഭ്യാസവും സാമൂഹ്യനീതിയും വകുപ്പ് മന്ത്രി ഡോ.ആര്‍ ബിന്ദുവിന്റെ നേതൃത്വത്തില്‍ പരിപാടിയുടെ സംഘാടകസമിതി യോഗം തിരുവനന്തപുരത്ത് ചേര്‍ന്നു. ജില്ലയിലെ എം.എല്‍.എമാര്‍ ചെയര്‍മാന്‍മാരായി വിവിധ സബ് കമ്മിറ്റികള്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. എം.ല്‍.എമാരായ കടകംപള്ളി സുരേന്ദ്രന്‍, വി കെ പ്രശാന്ത് , ആന്റണി രാജു, സി കെ ഹരീന്ദ്രന്‍, ഐ ബി സതീഷ്, വി ശശി, ജി സ്റ്റീഫന്‍, ഒ എസ് അംബിക, കെ ആന്‍സലന്‍, വി ശശി, ഡി.കെ. മുരളി എന്നിവരും ഉദ്യോഗസ്ഥരും ജനപ്രതിനിധികളും പൊതുപ്രവര്‍ത്തകരുമാണ് വിവിധ കമ്മിറ്റികള്‍ക്ക് നേതൃത്വം നല്‍കുന്നത്.

മുഖ്യമന്ത്രിക്ക് പുറമേ മന്ത്രിമാരായ ഡോ. ആര്‍ ബിന്ദു, വി.ശിവന്‍കുട്ടി, ജി.ആര്‍ അനില്‍ എന്നിവരും ജില്ലയിലെ എം.എല്‍.എമാരും മുഖാമുഖം സദസില്‍ പങ്കെടുക്കും. പരിപാടിയില്‍ അമ്പതു പേര്‍ക്ക് മുഖ്യമന്ത്രിയോട് നേരിട്ട് ചോദ്യങ്ങള്‍ ചോദിക്കാനുള്ള അവസരമുണ്ടാകും. മറ്റുള്ളവര്‍ക്ക് തല്‍സമയം ചോദ്യങ്ങള്‍ എഴുതി നല്‍കാനാവും. വിവിധ ജില്ലകളിലെ ഭിന്നശേഷി മേഖലയിലുളള വ്യക്തികളെ മുഖ്യമന്ത്രിയുടെ പ്രത്യേക ക്ഷണക്കത്ത് അയച്ചാണ് ക്ഷണിക്കുന്നത്. ഭിന്നശേഷിക്കാര്‍, ഭിന്നശേഷി മേഖലയില്‍ സംഭാവന ചെയ്യുന്ന വ്യക്തിത്വങ്ങള്‍, ഭിന്നശേഷിക്കാരായ കലാ-കായിക-സാംസ്‌കാരിക പഠന ഗവേഷണ മേഖലകളിലെ പ്രമുഖര്‍ തുടങ്ങിയവരും വയോജന മേഖലയിലുള്ളവരും മുഖാമുഖത്തില്‍ പങ്കെടുക്കും.

Leave a Reply

Your email address will not be published. Required fields are marked *