കേരള സർവ്വകലാശാലയുടെ പ്രവർത്തനങ്ങളെ രൂക്ഷമായി വിമർശിച്ചുകൊണ്ടുള്ള കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ റിപ്പോർട്ട്‌ നിയമസഭയിൽ,NIRF റാങ്കിങ്ങിൽ പുറകിലാകാൻ റിപ്പോർട്ട് കാരണമായെന്നും ആക്ഷേപം1 min read

20/7/22

തിരുവനന്തപുരം :നാക്കിന്റെ A++ ലഭിച്ച സംസ്ഥാനത്തെ ആദ്യ സർവ്വകലാശാല എന്ന ഖ്യാതി നേടിയ കേരള സർവ്വകലാശാലയുടെ പ്രവർത്തനങ്ങളെ രൂക്ഷമായി വിമർ ശിച്ചുകൊണ്ടുള്ള റിപ്പോർട്ട്‌ കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ ഇന്ന്‌ നിയമ സഭയുടെ മേശ പുറത്ത് വച്ചു. കഴിഞ്ഞ ആഴ്ച പുറത്തുവന്നു NIRF റാങ്കിങ്ങിൽ ഇന്ത്യയിലെ നൂറു സർവ്വകലാശാലകളിൽ 53 മത് സ്ഥാനത്തായിപ്പോയ ‘കേരള’യ്ക്ക് എജി യുടെ റിപ്പോർട്ട്‌ മറ്റൊരു തിരിച്ചടിയായി.

സിലബസ് പരിഷ്കരണം, സോഫ്റ്റ്‌വെയർ, അടിസ്ഥാനസൗകര്യ വികസന പ്രൊജക്റ്റുകൾ മുതലായവ സമയബന്ധിതമായി നടപ്പിലാക്കിയിട്ടില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു.

എൻ.എ.എ.സി യുടെ അക്രഡിറ്റേഷൻ ലഭിക്കേണ്ട 17 യൂണിവേഴ്സിറ്റി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി(UIT)കൾക്കും അംഗീകാരം വാങ്ങിയിട്ടില്ല.

കഴിഞ്ഞ മൂന്നുവർഷത്തിനിടെ 142 കോഴ്സുകളിൽ 28 കോഴ്സുകളുടെ സിലബസ് പരിഷ്കരിച്ചിട്ടില്ല. ചില കോഴ്സുകളുടെ സിലബസ് പരിഷ്കരണത്തിന് 8 മുതൽ 13 വർഷം വരെ കാലതാമസം ഉണ്ടായതായി റിപ്പോർട്ടിൽ പറയുന്നു.

ദേശീയ ഗെയിംസിനായി ഗ്രീൻ ഫീൽഡ് സ്റ്റേഡിയം നിർമ്മിക്കുന്നതിന് സ്ഥലം പാട്ടത്തിന് കൊടുത്ത വകയിൽ 2014 ഡിസംബർ മുതലുള്ള വാടക കുടിശികയായ 19 കോടി രൂപ ഇതേവരെ ലഭിച്ചിട്ടില്ല.

സ്വശ്രയ കോളേജുകളിൽ നിന്നും ലഭിക്കേണ്ട വാർഷിക അഡ്മിന്സ്ട്രേഷൻ ഫീസായ 11.63 കോടി രൂപ പിരിച്ചെടുത്തിട്ടില്ല. ട്രഷറിയിൽ സൂക്ഷിക്കുന്ന സർവകലാശാല പ്രൊവിഡന്റ്ഫണ്ട്‌ അക്കൗണ്ടിൽ 7.3 കോടി രൂപയുടെ കമ്മി ഉള്ളതായി റിപ്പോർട്ട് പറയുന്നു.

2016 ൽ പ്രസിദ്ധീകരിച്ചശേഷം വിതരണം നിർത്തിവച്ച മലയാള മഹാ നിഘണ്ടുവിന്റെ ഒമ്പതാം വാല്യം തെറ്റുകൾ തീർത്തു് ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ല. അടുത്ത വാല്യം പ്രസിദ്ധീകരിക്കാനുള്ള ഒരു നടപടിയും കൈക്കൊള്ളുന്നില്ല

. പല സയൻസ് ഡിപ്പാർട്ട്മെന്റുകളിലും സ്ഥിരം അധ്യാപകരില്ല.

സർവ്വകലാശാലയുടെ കീഴിൽ കരാർ അധ്യാപകർ പരമാവധി 10% ആയി പരിമിതപ്പെടുത്തണമെന്ന യൂ ജി സി വ്യവസ്ഥകൾക്ക് വിരുദ്ധമായി 23% അധ്യാപകർ കരാർ അടിസ്ഥാനത്തിലുള്ളവരാണ്.കൂടാതെ യൂണിവേഴ്സിറ്റി നടത്തുന്ന 34 UIT കൾ,10 ടീച്ചർ എഡ്യൂക്കേഷൻ സെന്ററുകൾ , 7 UIM
കൾ, എഞ്ചിനീയറിംഗ് കോളേജ് എന്നിവിടങ്ങളിൽ 335 പേർ കരാർ അടിസ്ഥാനത്തിലുള്ളവരാണ്. UIT കളിലെ 174 അധ്യാപകരിൽ 108 പേർ യൂ ജി സി യോഗ്യത ഇല്ലാത്തവരാണെന്നും റിപ്പോർട്ടിൽ പറയുന്നു.

മൂല്യനിർണയം വൈകുന്നതു കൊണ്ട് പരീക്ഷാഫലങ്ങൾ പ്രസിദ്ധീകരിക്കാൻ കാലതാമസം ഉണ്ടാകുന്നതായി റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. വിദഗ്ധ സമിതിയുടെ ശുപാർശ ഉണ്ടായിട്ടും ടാബുലേഷൻ സോഫ്റ്റ്‌വെയറിലെ പോരായ്മകൾ ഭാഗിക മായി മാത്രമാണ് നികത്തിയിട്ടുള്ളതെന്നും സുരക്ഷ ആഡിറ്റ് നടത്തിയിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.

അപേക്ഷകൾ സ്വീകരിച്ച് അവസാന തീയതി മുതൽ 60 ദിവസത്തിനകം ഉത്തരക്കടലാസ് പുനർമൂല്യനിർണയം നടത്തണമെന്ന വ്യവസ്ഥക്ക് വിരുദ്ധമായി പുനർമൂല്യനിർണയത്തിന് കാലതാമസം എടുക്കുന്നതിന്റെ ഉദാഹരണസഹിതം റിപ്പോർട്ട്‌ ചൂണ്ടികാട്ടുന്നു.

യൂണിവേഴ്സിറ്റിയുടെ വിവിധ സെന്ററുകളിൽ ടോയ്ലറ്റ് ഉൾപ്പടെയുള്ള അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം ഉള്ളതായി റിപ്പോർട്ടിൽ പറയുന്നു.

ലൈബ്രറിയിലെ തിരക്ക് കുറയ്ക്കുന്നതിന് 2013 ആഗസ്റ്റിൽ അനുമതി ലഭിച്ച ലൈബ്രറി സ്മാർട്ട് കാർഡ് സംവിധാനം ഇതേവരെയും പൂർത്തിയാക്കിയിട്ടില്ല. സർവകലാശാല ആരോഗ്യ കേന്ദ്രങ്ങൾ കാര്യക്ഷമമായി പ്രവർത്തിക്കുന്നില്ല.2011- 2017 ൽ തുടങ്ങിയ 9. 70 കോടി ചെലവുള്ള അഞ്ച് അടിസ്ഥാനസൗകര്യ വികസന പ്രവർത്തികൾ ഇതുവരെ പൂർത്തീകരിച്ചിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

സർവകലാശാലക്ക് നാക്കിന്റെ A++ ഗ്രേഡ് ലഭിച്ചുവെങ്കിലും ഈ അടുത്തയിട പുറത്ത് വന്ന NIRF റാങ്കിങ്ങിൽ കേരള സർവ്വകലാശാല 53 മത് സ്ഥാനമാണ് ലഭിച്ചത്.
നാക്ക് പരിശോധന സമിതിയുടെ പരിശോധനയിൽ നിന്നും കൺട്രോളർ ഓഫ് ഓഡിറ്റ് ചൂണ്ടിക്കാട്ടിയിരുന്ന വസ്തുതകൾ സർവ്വകലാശാലധികൃതർ മറച്ചു വച്ചിരുന്നതായി നേരത്തെ ആക്ഷേപമുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *