പ്രൈവറ്റ്, വിദൂര പഠനം തുടർന്ന് നടത്താൻ യൂണിവേഴ്സിറ്റികൾക്ക് സർക്കാർ നിർദ്ദേശം1 min read

തിരുവനന്തപുരം :പ്രൈവറ്റ്, വിദൂര പഠനം തുടർന്ന് നടത്താൻ യൂണിവേഴ്സിറ്റികൾക്ക് സർക്കാർ നിർദ്ദേശം.

തിരക്കിട്ട് ഈ വർഷം തന്നെ ഓപ്പൺ സർവകലാശാല ആരംഭിച്ച സർക്കാരിന് വിദ്യാർഥി പ്രവേശനത്തിൽ പിന്നോക്കം പോകേണ്ടി വരും. വിസി, പിവിസി, രജിസ്ട്രാർ നിയമനങ്ങൾ വിവാദമായതിന് പിന്നാലെ, യുജിസിയുടെ 2017 ലെ റെഗുലേഷൻ വ്യവസ്ഥപ്രകാരം പുതിയ യൂണിവേഴ്സിറ്റിക്ക് വിദൂര വിദ്യാഭ്യാസ കോഴ്സ് നടത്താനുള്ള യുജിസി യുടെ അനുമതി ഹാജരാക്കാൻ കോടതി നിർദ്ദേശിച്ചതാണ് സർക്കാരിന് വിനയയത്. നാളെ കോടതിയിൽ ഉത്തരവ് ഹാജരാക്കാനാണ് അവശ്യപ്പെട്ടിട്ടുള്ളത്.

കേരള, കാലിക്കറ്റ്,എംജി, കണ്ണൂർ, സർവ്വകലാശാലകളോട് ഈ വർഷം വിദൂര വിദ്യാഭ്യാസ കോഴ്സുകൾ നടത്തുവാനുള്ള നടപടികൾ ആരംഭിക്കുവാൻ ഉന്നത വിദ്യാഭ്യാസ വകുപ്പ് വാക്കാൽ നിർദ്ദേശം നൽകിയിരിക്കുകയാണ്
കേന്ദ്ര വിദൂര വിദ്യാഭ്യാസ ഡയറക്ടറേറ്റിൽ കോഴ്സ് അനുമതിക്കുള്ള അപേക്ഷ സമർപ്പിക്കേണ്ട അവസാന ദിവസം ഇന്നാണ്.

യൂജിസി യുടെ അംഗീകാരം ലഭിച്ചതിനു ശേഷം മാത്രമേ കോഴ്സുകൾ ആരംഭിക്കുവാൻ പാടുള്ളൂവെന്ന് ഓപ്പൺ യൂണിവേഴ്സിറ്റി ആരംഭിക്കുന്നതിന് തയ്യാറാക്കിയ പ്രോജക്ട് റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്.റിപ്പോർട്ട്‌ അവഗണിച്ചാണ് ഈ വർഷം തന്നെ യൂണിവേഴ്സിറ്റി ആരംഭിച്ചത്.

ഇന്ത്യയിൽ കർണാടക ഒഴികെയുള്ള സംസ്ഥാനങ്ങളിൽ എല്ലാ യൂണിവേഴ്സിറ്റികൾക്കും സമാന്തര പഠനം നടത്തുന്നതിനുള്ള അനുവാദമുണ്ട്. കർണാടക സംസ്ഥാനം മാത്രമാണ് ഈ വര്ഷം മുതൽ മറ്റ് സർവകലാശാലകളെ വിദൂര വിദ്യാഭ്യാസ കോഴ്സ് നടത്തുന്നത് വിലക്കിയിട്ടുള്ളത്.കർണാടകയിൽ യുജിസിയുടെ അംഗീകാരത്തോടെ കഴിഞ്ഞ 24 വർഷമായി ഓപ്പൺ യൂണിവേഴ്സിറ്റി പ്രവർത്തിക്കുന്നുണ്ട്.

കേരള, കാലിക്കറ്റ്, എംജി, കണ്ണൂർ സർവകലാശാലകളിൽ വിദൂര പഠനം അനുവദിച്ചാൽ ഓപ്പൺ യൂണിവേഴ്സിറ്റിയിൽ വിദ്യാർത്ഥികൾ ചേരില്ലെന്നത് കാലേകൂട്ടി കണ്ടാണ് സർക്കാർ ഈ നാലു യൂണിവേഴ്സിറ്റികളിലെയും സമാന്തര പഠനം വിലക്കികൊണ്ട് നിയമ ഭേദഗതി ചെയ്തത്.

ഒന്നര ലക്ഷത്തോളം വിദ്യാർഥികളാണ് സമാന്തര വിദ്യാഭ്യാസത്തിലൂടെ ബിരുദ പഠനത്തിന് ചേരുന്നത്. യുജിസി അംഗീകാരമില്ലാത്ത യൂണിവേഴ്സിറ്റിയിൽ പഠനം നടത്തുന്നതിലെ ആശങ്ക ഉന്നയിച്ചാണ് പാ രലൽ കോളേജ് നടത്തിപ്പുകാരും ഒരു കൂട്ടം വിദ്യാർഥികളും കോടതിയെ സമീപിച്ചത്.

കോഴ്‌സുകൾ ഈ വർഷം  ആരംഭിക്കുന്നത് കോടതി നാളെ വിലക്കുകയാണെങ്കിൽ ഓപ്പൺ യൂണിവേഴ്സിറ്റി ഓർഡിനൻസിൽ വ്യവസ്ഥ ചെയ്തിട്ടുള്ള നിരവധി നിയമനങ്ങൾ നടത്താനുള്ള സാദ്ധ്യതകൾ കുറവാണ്.

Leave a Reply

Your email address will not be published. Required fields are marked *