സ്വകാര്യ സ്കൂൾ ജീവനക്കാർക്ക് സർക്കാരിന്റെ വനിതാ ദിന സമ്മാനം ;സ്വകാര്യ സ്കൂൾ ജീവനക്കാർക്കും പ്രസവാവധി ആനുകൂല്യങ്ങൾ ലഭിക്കും, സംസ്ഥാന സർക്കാർ ആവശ്യം കേന്ദ്രം അംഗീകരിച്ചു.1 min read

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യമേഖലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ജീവനക്കാർക്കും ഇനി പ്രസവാവധി ആനുകൂല്യങ്ങൾ ലഭിക്കും. ആറുമാസം ശമ്പളത്തോടു കൂടിയുള്ള അവധിയാണ് ലഭിക്കുക. ഇത് സംബന്ധിച്ച് തൊഴിൽ വകുപ്പ് വിജ്ഞാപനം പുറത്തിറക്കി. സ്വകാര്യസ്കൂളിലെ അധ്യാപകർ ഉൾപ്പെടെയുള്ള ജീവനക്കാരെ മെറ്റേണിറ്റി ബെനഫിറ്റ് ആക്ടിന്റെ പരിധിയിൽപ്പെടുത്തി കൊണ്ടുള്ളതാണ് ഇത്.
സ്വകാര്യ സ്കൂൾ ജീവനക്കാർക്ക് വനിതാദിനത്തിൽ സർക്കാരിന്റെ സമ്മാനം എന്ന നിലയ്ക്കാണ് ശനിയാഴ്ച അന്തിമ വിജ്ഞാപനം പുറത്തിറക്കിയിരിക്കുന്നത്. നേരത്തെ സ്വകാര്യ സ്കൂളുകളിലെ അധ്യാപകർ അടക്കമുള്ള ജീവനക്കാർക്ക് പ്രസവാവധി ആനുകൂല്യം നൽകാനുള്ള തീരുമാനം സർക്കാർ കൈക്കൊണ്ടിരുന്നു. എന്നാൽ കേന്ദ്രസർക്കാരിന്റെ അനുമതി ആവശ്യമായ വിഷയം ആയതിനാലാണ് നടപടികൾ വൈകിയത്. കേന്ദ്രത്തിന്റെ അനുമതി ലഭിച്ച സാഹചര്യത്തിലാണ് വിജ്ഞാപനം പുറത്തിറക്കിയിരിക്കുന്നത്.
2019 ഓഗസ്റ്റ് 29 ന് ചേർന്ന സംസ്ഥാന മന്ത്രിസഭായോഗമാണ് വിജ്ഞാപനം പുറപ്പെടുവിക്കുന്നതിന് കേന്ദ്ര സർക്കാറിന്റെ അംഗീകാരം തേടാൻ തീരുമാനിച്ചത്. രാജ്യത്ത് ആദ്യമാണ് മറ്റേണിറ്റി ബെനഫിറ്റ് നിയമത്തിന്റെ പരിധിയിൽ അൺ എയ്ഡഡ് സ്കൂൾ അധ്യാപകരെ ഉൾപ്പെടുത്തിക്കൊണ്ട് ഒരു സർക്കാർ തീരുമാനമെടുക്കുന്നത്.
നിലവിൽ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾ പ്രസവ അവധി ആനൂകൂല്യത്തിന്റെ പരിധിയിൽ ഉണ്ടായിരുന്നില്ല. സംസ്ഥാനത്ത് ആയിരക്കണക്കിന് ആളുകൾ ജോലി ചെയ്യുന്ന സ്വകാര്യ വിദ്യാഭ്യാസ മേഖലയിലെ സ്ത്രീ ജീവനക്കാരെ മെറ്റേണിറ്റി ബെനഫിറ്റ് ആക്ടിന്റെ പരിധിയിൽ കൊണ്ടുവരണമെന്ന ആവശ്യം പരിഗണിച്ചാണ് മന്ത്രിസഭാ യോഗം തീരുമാനമെടുത്തതും കേന്ദ്ര സർക്കാരിന്റെ അംഗീകാരത്തിനയച്ചതും.
മെറ്റേണിറ്റി ബെനഫിറ്റ് നിയമത്തിന്റെ പരിരക്ഷ ലഭിക്കുന്ന ജീവനക്കാർക്ക് 26 ആഴ്ച (ആറു മാസം) ശമ്പളത്തോടെയുള്ള അവധിയാണ് അനുവദിക്കുന്നഅനുവദിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *