രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിച്ചാൽ ഉത്തരേന്ത്യ മുഴുവന്‍ കോൺഗ്രസിനെന്ന് രമേശ് ചെന്നിത്തല1 min read

തിരുവനന്തപുരം: കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വാരണാസിക്ക് പുറമെ കേരളത്തിലെ വയനാട്ടിലും മത്സരിച്ചാൽ ഉത്തരേന്ത്യ മുഴുവന്‍ കോണ്‍ഗ്രസ് തൂത്തുവാരുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല . രാഹുലിനെ ഔദ്യോഗികമായി കെ.പി.സി.സി ക്ഷണിച്ചിട്ടുണ്ടെന്ന് രമേശ് ചെന്നിത്തലയും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും സ്ഥിരീകരിച്ചു. വയനാട് മണ്ഡലത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയാകുമെന്ന് ധാരണയായ ടി.സിദ്ധീഖ് പിന്മാറാന്‍ സാധ്യതയുണ്ടെന്ന് നേതാക്കള്‍ പറയുന്നു.

രാഹുല്‍ ഗാന്ധി സിറ്റിംഗ് മണ്ഡലമായ യു.പിയിലെ അമേത്തിയെ കൂടാതെ ദക്ഷിണേന്ത്യയിലെ ഒരു മണ്ഡലത്തില്‍ കൂടി മത്സരിക്കുമെന്ന് നേരത്തെ തന്നെ സൂചനകള്‍ ഉണ്ടായിരുന്നു. അത് കേരളത്തിലാകുമെന്നും സുരക്ഷിത മണ്ഡലം എന്ന നിലയില്‍ വയനാട് പരിഗണിച്ചേക്കുമെന്നും നേരത്തെ തന്നെ റിപ്പോര്‍ട്ടുകള്‍ വരുകയും ചെയ്‌തും. ഇപ്പോള്‍ കെ.പി.സി.സി നേതൃത്വം ഔദ്യോഗികമായി തന്നെ ഇക്കാര്യം ആവശ്യപ്പെട്ടത് കോണ്‍ഗ്രസിന്റെ നിര്‍ണായക രാഷ്ട്രീയ നീക്കമായാണ് വിലയിരുത്തപ്പെടുന്നത്.

രാഹുല്‍ ഗാന്ധിയെ വയനാട് സീറ്റില്‍ മത്സരിക്കാനായി ക്ഷണിച്ചിട്ടുണ്ടെന്ന് ഉമ്മന്‍ചാണ്ടിയും കൊല്ലത്ത് വ്യക്തമാക്കി. രാഹുല്‍ വരുന്നതില്‍ സന്തോഷമാണെന്ന് മുസ്‌ലിം ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടി പറഞ്ഞു. രാഹുല്‍ വരികയാണെങ്കില്‍ യു.ഡി.എഫിന് കൂടുതല്‍ മേല്‍ക്കൈ ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.തിരഞ്ഞെടുപ്പില്‍ മോദിപ്രഭാവം മങ്ങി യു.പി.എയ്ക്ക് പ്രതീക്ഷ കൈവരികയും കോണ്‍ഗ്രസിന് മേല്‍ക്കൈ ലഭിക്കുകയും ചെയ്താല്‍ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാണ് രാഹുല്‍. അതുകൊണ്ട് കൂടിയാണ് ദക്ഷിണേന്ത്യയിലെ ഒരു മണ്ഡലത്തില്‍ നിന്ന് കൂടി മത്സരിക്കണമെന്ന ആവശ്യം പാര്‍ട്ടിയില്‍ സജീവമായത്.

വടക്കേ ഇന്ത്യയില്‍ പ്രവര്‍ത്തനം കേന്ദ്രീകരിക്കേണ്ടതിനാല്‍ കേരളത്തിലേക്കില്ലെന്നാണ് രാഹുല്‍ പറഞ്ഞത്. എന്നാല്‍ രാഹുലിന്റെ മണ്ഡലമായ അമേത്തിയില്‍ ബി.ജെ.പിയുടെ സ്വാധീനം മുന്‍പുള്ളതിനേക്കാള്‍ വര്‍‌ദ്ധിച്ചിട്ടുണ്ട്. കേന്ദ്രമന്ത്രി സ്‌മൃതി ഇറാനിയാണ് അമേത്തിയില്‍ രാഹുലിന്റെ എതിരാളി. അതുകൊണ്ട് തന്നെ ഒരു സുരക്ഷിത മണ്ഡലം എന്ന നിലയില്‍ വയനാട് മത്സരിക്കണമെന്നാണ് പാര്‍ട്ടിയിലെ ആവശ്യം.കര്‍ണാടകയുടെയും തമിഴ്നാടിന്റെയും കേരളത്തിന്റെയും മദ്ധ്യഭാഗം എന്ന നിലയില്‍ ആണ് കേരളത്തിലെ വയനാട് തെരഞ്ഞെടുക്കുന്നതെന്ന് കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കൾ പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *