കോവിഡ് കേസുകൾ കൂടുന്ന സാഹചര്യത്തിൽ മാസ്ക് നിർബദ്ധമാക്കി ആരോഗ്യവകുപ്പ്1 min read

2/4/23

തിരുവനന്തപുരം :കോവിഡ് കേസുകൾ കൂടുന്ന സാഹചര്യത്തിൽ മാസ്ക് നിർബന്ധമാക്കി ആരോഗ്യ വകുപ്പ്.കഴിഞ്ഞ ദിവസം ചേര്‍ന്ന കോവിഡ് അവലോകന യോഗത്തിലെ തീരുമാനങ്ങളുടെ അടിസ്ഥാനത്തിലാണ് പുതിയ നിര്‍ദേശങ്ങള്‍ പുറത്തിറക്കിയത്. യോഗത്തെ തുടര്‍ന്ന് കേരളത്തില്‍ ജീവിതശൈലീ രോഗമുള്ളവര്‍, കുട്ടികള്‍, ഗര്‍ഭിണികള്‍, പ്രായമായവര്‍ എന്നിവര്‍ക്ക് മാസ്‌ക് നിര്‍ബന്ധമാക്കിയിട്ടുണ്ട്. ഒരു ആശുപത്രിയിലും കോവിഡ് രോഗികള്‍ക്ക് ചികിത്സ നിഷേധിക്കരുതെന്നും ആരോഗ്യ വകുപ്പ് വ്യക്തമാക്കി.

പ്രമേഹം, രക്താതിമര്‍ദം, കാന്‍സര്‍, ഹൃദ്രോഗം, വൃക്കരോഗം, ശ്വാസകോശ രോഗമുള്ളവര്‍ തുടങ്ങി മറ്റ് അസുഖങ്ങളുള്ളവര്‍, ഗര്‍ഭിണികള്‍, കുട്ടികള്‍, പ്രായമായവര്‍ എന്നിവര്‍ പൊതുസ്ഥലങ്ങളിലും, ആശുപത്രികളിലും നിര്‍ബന്ധമായും മാസ്‌ക് ധരിക്കണം.60 വയസിന് മുകളില്‍ പ്രായമുള്ളവര്‍, പ്രമേഹം, രക്താതിമര്‍ദ്ദം, കാന്‍സര്‍, ഹൃദ്രോഗം, വൃക്കരോഗം തുടങ്ങി മറ്റു അസുഖമുള്ളവര്‍ എന്നിവര്‍ക്ക് കോവിഡ് ഇന്‍ഫ്‌ളുവന്‍സാ രോഗലക്ഷണമുണ്ടെങ്കില്‍ നിര്‍ബന്ധമായും ആര്‍ടിപിസിആര്‍ പരിശോധന നടത്തുകയും മാനദണ്ഡങ്ങള്‍ക്കനുസരിച്ച്‌ ചികിത്സ ലഭ്യമാക്കുകയും വേണം.

ആശുപത്രിയില്‍ എത്തുന്ന രോഗികളും കൂട്ടിരിപ്പുകാരും നിര്‍ബന്ധമായും മാസ്‌ക് ധരിക്കണം. ആരോഗ്യ പ്രവര്‍ത്തകര്‍ നിര്‍ബന്ധമായും ആശുപത്രിയ്ക്കുള്ളില്‍ മാസ്‌ക് ധരിക്കേണ്ടതാണ്. ഇത് എല്ലാ ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാരും ഉറപ്പുവരുത്തണം.ഇന്‍ഫ്‌ളുവന്‍സ ലക്ഷണങ്ങളുള്ള ഗര്‍ഭിണികളെ കണ്ടെത്താന്‍ ആശാ പ്രവര്‍ത്തകര്‍, ഫീല്‍ഡ് ജീവനക്കാര്‍ മുഖേന പ്രവര്‍ത്തനം ശക്തിപ്പെടുത്തണം. ഗര്‍ഭിണികള്‍ക്ക് രോഗലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ കോവിഡ് പരിശോധന നടത്തേണ്ടതാണ്.

കോവിഡ് വാക്‌സിന്‍ രണ്ട് ഡോസും മുന്‍കരുതല്‍ ഡോസും എടുക്കുന്നതിന്റെ ആവശ്യകതയെപ്പറ്റി അവബോധം നടത്തണം. പ്രമേഹം, രക്തസമ്മര്‍ദം മുതലായ ജീവിതശൈലി രോഗങ്ങളുള്ളവരും മറ്റ് ഗുരുതര രോഗങ്ങളുള്ളവരും 60 വയസിന് മുകളില്‍ പ്രായമുള്ളവരും, ഗര്‍ഭിണികളും, കുട്ടികളും, അമിത വണ്ണമുള്ളവരും കോവിഡ് രോഗം വരാതിരിക്കുന്നതിനുള്ള പ്രത്യേകമായ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കേണ്ടതാണ്. ഇവര്‍ക്ക് കോവിഡ് ലക്ഷണമുണ്ടെങ്കില്‍ അടിയന്തര ചികിത്സ തേടേണം. വീട്ടിലുള്ള കിടപ്പ് രോഗികള്‍ക്കും സാന്ത്വന പരിചരണത്തിലുള്ള രോഗികള്‍ക്കും കോവിഡ് വരാതിരിക്കുന്നതിനുള്ള മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കേണ്ടതാണ്.

കോവിഡ് ബാധിച്ച്‌ ചികിത്സ ആവശ്യമുള്ള ഒരു രോഗിക്കും ചികിത്സ ലഭ്യമാകാത്ത സാഹചര്യം ഉണ്ടാകരുത്. കിടത്തി ചികിത്സ ആവശ്യമുള്ള കോവിഡ് രോഗികള്‍ക്കായി എല്ലാ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളിലും നിശ്ചിത എണ്ണം ബെഡുകള്‍ പ്രത്യേകമായി മാറ്റിവച്ച്‌ ചികിത്സ ലഭ്യമാക്കണം. ഏതെങ്കിലും ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നയാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചാല്‍ അതേ ആശുപത്രിയില്‍ തന്നെ കോവിഡ് രോഗികള്‍ക്കായി പ്രത്യേകമായി മാറ്റിവച്ചയിടത്ത് തുടര്‍ ചികിത്സ ഉറപ്പാക്കണം.

ഈ സൗകര്യങ്ങള്‍ സര്‍ക്കാര്‍/ സ്വകാര്യ ആശുപത്രികളില്‍ ഒരുക്കുന്നുണ്ടെന്നും രോഗികള്‍ക്ക് ചികിത്സ ലഭ്യമാകുന്നുണ്ടെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍ ഉറപ്പ് വരുത്തേണ്ടതാണ്.

Leave a Reply

Your email address will not be published. Required fields are marked *