നിയമസഭാ സംഘർഷം ;പ്രതിപക്ഷ എം. എൽ. എമാർക്കെതിരെ ചുമത്തിയ കേസിലൊന്ന് പിൻവലിച്ചു1 min read

24/3/23

തിരുവനന്തപുരം: നിയമസഭാ സംഘര്‍ഷത്തില്‍ പ്രതിപക്ഷ എംഎല്‍എമാര്‍ക്കെതിരെ ചുമത്തിയ കേസുകളിലൊന്ന് പിന്‍വലിച്ചു.

നിയമസഭാ സമുച്ചയത്തിലെ സ്പീക്കറുടെ ഓഫീസ് ഉപരോധവുമായി ബന്ധപ്പെട്ട് ഏഴ് പ്രതിപക്ഷ എംഎല്‍എമാര്‍ക്കെതിരെ ചുമത്തിയ ഐപിസി 326-ാണ് ഒഴിവാക്കിയത്. സംഘര്‍ഷത്തില്‍ വാച്ച്‌ ആന്റ് വാര്‍ഡിന്റെ കൈയ്ക്ക് പൊട്ടല്‍ സംഭവിച്ചിട്ടില്ല എന്ന മെഡിക്കല്‍ റിപ്പോര്‍ട്ടിന് പിന്നാലെയാണ് നടപടി.

സ്പീക്കറുടെ ഓഫീസിന് മുന്നിലുണ്ടായ സംഘര്‍ഷത്തില്‍ പ്രതിപക്ഷ എംഎല്‍എമാര്‍ വാച്ച്‌ ആന്റ് വാര്‍ഡിനെ ആക്രമിച്ച്‌ പരിക്കേല്‍പ്പിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് ഐപിസി 326 ചുമത്തിയത്. വാച്ച്‌ ആന്റ് വാര്‍ഡിന്റെ എല്ലുകള്‍ക്ക് പൊട്ടലുണ്ടെന്ന ഡോക്ടറുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പ്രതിപക്ഷ എംഎല്‍എമാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തിയത്. കൂടാതെ ഔദ്യോഗിക കൃത്യ നിര്‍വഹണം തടസപ്പെടുത്തിയതിന് മറ്റൊരു ജാമ്യമില്ലാത്ത വകുപ്പായ ഐപിസി 322ഉം ചുമത്തിയിരുന്നു. എന്നാല്‍ രണ്ട് വനിതാ വാച്ച്‌ ആന്റ് വാര്‍ഡിന്റെ കൈയ്ക്ക് പൊട്ടലില്ല എന്ന് വ്യക്തമായതോടെയാണ് ഐപിസി 326 പിന്‍വലിച്ചത്.

ഇവര്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സയില്‍ തുടരവേ നടത്തിയ പരിശോധനയിലാണ് കൈയ്ക്ക് പൊട്ടലില്ല എന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം സിജെഎം കോടതിയിലാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. അതേസമയം മ്യൂസിയം പൊലീസ് സ്റ്റേഷന്റെ കീഴിലായിരുന്ന നിയമസഭാ സംഘര്‍ഷവുമായി ബന്ധപ്പെട്ട കേസിന്റെ അന്വേഷണം ക്രൈം ബ്രാഞ്ച് റെക്കാഡ്സ് ബ്യൂറോ എസിപിയ്ക്ക് കൈമാറി.

Leave a Reply

Your email address will not be published. Required fields are marked *