ശബരിമലയിലെ തിരക്ക് ;ഇപ്പോഴുള്ള ബുദ്ധിമുട്ടുകൾക്കുള്ള കാരണം പരിചയ സമ്പന്നരായ ഉദ്യോഗസ്ഥരുടെ അഭാവം :എൻ എസ് എസ്1 min read

ചങ്ങനാശ്ശേരി :ശബരിമലയിലെ തിരക്കിനെ വിമർശിച്ച് എൻ എസ് എസ്.ഇപ്പോഴുള്ള അത്രയും ആളുകള്‍ ഇതിനു മുൻപും ദര്‍ശനം നടത്തി യാതൊരു ബുദ്ധിമുട്ടും കൂടാതെ മടങ്ങിപ്പോയ ചരിത്രമുണ്ട്. അന്നൊന്നും അനുഭവപ്പെടാത്ത ബുദ്ധിമുട്ടുകള്‍ ഇന്നുണ്ടാകാനുള്ള കാരണം പരിചയ സമ്പന്നരായ ഉദ്യോഗസ്ഥരുടെ അഭാവമാണ്. പതിനെട്ടാംപടി കയറുന്ന ഭക്തജനങ്ങളെ സഹായിക്കാനോ നിയന്ത്രിക്കാനോ പറ്റിയ സംവിധാനമല്ല ഇന്നവിടെ ഉള്ളത്. ഒരുമിനിറ്റില്‍ 90 പേരോളം പതിനെട്ടാംപടി കയറിയിരുന്ന സ്ഥാനത്ത് ഇപ്പോള്‍ 50-60 പേര്‍ക്ക് മാത്രമേ കയറാൻ സാധിക്കുന്നുള്ളു. അതിനുവരുന്ന താമസമാണ് ഇന്ന് തിക്കിനും തിരക്കിനും പ്രധാന കാരണമാകുന്നതെന്ന് എൻഎസ്‌എസ് വാര്‍ത്താക്കുറിപ്പില്‍ കുറ്റപ്പെടുത്തി.

അയ്യപ്പന്മാരെ വഹിച്ചുകൊണ്ടുള്ള വാഹനങ്ങള്‍ക്ക് നിലയ്ക്കല്‍ വരെ മാത്രമേ പ്രവേശന അനുമതി നല്‍കുന്നുള്ളൂ. അവിടെ നിന്നും കെ എസ് ആര്‍ ടി സി ബസിലാണ് അയ്യപ്പന്മാര്‍ പമ്ബയിലെത്തേണ്ടി വരുന്നത്. അമിത ചാര്‍ജ്ജ് വാങ്ങിക്കൊണ്ട്, ഭക്തജനങ്ങളെ കുത്തിനിറച്ചാണ് ബസുകള്‍ സര്‍വീസ് നടത്തുന്നത്. കെ എസ് ആര്‍ ടി സി ബസുകളുടെ അഭാവവും നിലയ്ക്കലില്‍ തിരക്ക് വര്‍ദ്ധിക്കാൻ കാരണമാണ്. വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാൻ ആവശ്യത്തിന് സൗകര്യം ഇല്ലാത്തതിനാല്‍ നിലയ്ക്കല്‍ മുതല്‍ കാനനപാതയില്‍ ഉടനീളം വാഹനങ്ങള്‍ വഴിയോരത്ത് നിര്‍ത്തിയിടേണ്ടി വരുന്നു. ഇതുമൂലം വാഹനങ്ങളിലുള്ള കുട്ടികളടക്കമുള്ള അയ്യപ്പഭക്തര്‍ ഭക്ഷണമോ വെള്ളമോ പോലുമില്ലാതെ ബുദ്ധിമുട്ടുകയും ചെയ്യുന്നു. ചെറുവാഹനങ്ങള്‍ പമ്പയില്‍ പാര്‍ക്ക് ചെയ്യാനുള്ള സൗകര്യം ഉണ്ടാക്കിക്കൊടുത്താല്‍ നിലയ്ക്കലില്‍ ഉള്‍പ്പെടെയുള്ള തിരക്ക് ഒഴിവാക്കാൻ സാധിക്കും. അതിനുള്ള നടപടിയാണ് സ്വീകരിക്കേണ്ടത്.

കാര്യക്ഷമതയും അനുഭവസമ്പത്തും ഉള്ള ഉദ്യോഗസ്ഥരെ ശബരിമലയില്‍ നിയോഗിച്ചാല്‍ ഭക്തജനങ്ങള്‍ അനുഭവിക്കുന്ന കഷ്ടപ്പാടുകള്‍ക്ക് പരിഹാരം കാണാനാവും. അതിനുവേണ്ട നടപടി സര്‍ക്കാരിന്റെയും ദേവസ്വം ബോര്‍ഡിന്റെയും ഭാഗത്തു നിന്നും ഉണ്ടാവണമെന്നും എൻഎസ്‌എസ് ജനറല്‍ സെക്രട്ടറി സുകുമാരൻ നായര്‍ വാര്‍ത്താക്കുറിപ്പില്‍ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *